ലോക്ക്ഡൗണ്‍ കാലത്ത് പുറത്തൊന്നും പോകാന്‍ കഴിയാതെ ബോറടിക്കുന്നുവെന്നു പറയുന്നവരുണ്ട്. ഇതിനിടയിലും തങ്ങളെക്കൊണ്ട് കഴിയുന്നവിധത്തില്‍ ഈ ദിനങ്ങള്‍ ആസ്വദിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ പരാതികളൊന്നും പറയാതെ ബീച്ച് കാണാനുള്ള മോഹം വീട്ടിലിരുന്നുതന്നെ സാക്ഷാത്കരിച്ച ഒരു കുടുംബമാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. 

ബ്രിറ്റ്‌സോള്‍ സ്വദേശികളായ കുടുംബമാണ് വ്യത്യസ്ത മാര്‍ഗത്തിലൂടെ ബീച്ച് മോഹം നിറവേറ്റിയത്. ലോക്ക്ഡൗണ്‍ ആയതുകൊണ്ട് ബീച്ചില്‍ പോകാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു, എന്തുകൊണ്ട് ബീച്ച് വീട്ടില്‍ സൃഷ്ടിച്ചുകൂടാ എന്ന ചിന്തയാണ് എല്ലാത്തിനും കാരണമായതെന്ന് ഇവര്‍ പറയുന്നു. അമ്പത്തിമൂന്നുകാരനായ അച്ഛന്‍ ആന്‍ഡ്ര്യൂ വൂളന്‌ സകല പിന്തുണയുമായി മകള്‍ എമി വൂളനും മുന്‍പന്തിയില്‍ നിന്നു.

വീടിനു പുറകിലുള്ള പൂന്തോട്ടം പിടിപ്പിച്ച ഭാഗമാണ് ബീച്ചൊരുക്കാനായി ഇവര്‍ തിരഞ്ഞെടുത്തത്. അങ്ങനെ അര ടണ്ണോളം മണല്‍ നിറച്ച് ബീച്ചിനു സമാനമാക്കി മാറ്റി. നടുവിലായി ഒരു കുഞ്ഞു പൂളും സെറ്റ് ചെയ്തു. ബീച്ച് വൈബ് കൂടുതല്‍ കിട്ടാനായി ബീച്ചിലെപ്പോലെ കസേരകളും മറ്റും ഒരുക്കുകയും ചെയ്തു. തീര്‍ന്നില്ല മുഴുവനായി ബീച്ചില്‍ പോയെന്ന തോന്നലുണ്ടാക്കാന്‍ എല്ലാവരും ബീച്ച് വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തു. 

വീട്ടിലിരുന്നു ബോറടിക്കുകയല്ല വേണ്ടത് മറിച്ച് ക്രിയേറ്റീവായി ചിന്തിച്ച് അതുമറികടക്കാനുള്ള വഴി കണ്ടെത്തുകയാണ് വേണ്ടതെന്നാണ് ഇവരുടെ ഹോം ബീച്ച് വീഡിയോക്ക് പലരും കമന്റ് ചെയ്യുന്നത്. 

Content Highlights: Family Recreates A Beach In Their Backyard With Sand