കൊയിലാണ്ടി: വീടിന്റെ കുറ്റിയടിമുതൽ മുഴുവൻ ജോലിയും ചെയ്ത് ഗൃഹനാഥനും കുടുംബവും. മൂടാടി ഹിൽബസാറിൽ മോവിലൂർ കുന്നിന്റെ ചെരിവിൽ മുക്കേരിക്കണ്ടി മീത്തൽ ശ്രീമിഷാണ് ഭാര്യയുടെയും വിദ്യാർഥികളായ മക്കളുടെയും സഹായത്തോടെ പത്തുമാസംകൊണ്ട് വീടുകെട്ടിയത്. സർവോദയമണ്ഡലമാണ് സൗജന്യമായി നൽകിയ നാലേമുക്കാൽ സെൻറ് സ്ഥലത്താണ് വീട് നിർമ്മാണം.

കെട്ടിടനിർമാണത്തിനും മറ്റും സഹായിയായി ജോലിചെയ്ത അറിവുമാത്രമാണ് ശ്രീമിഷിനുണ്ടായിരുന്നത്. ശങ്കിച്ചുനിൽക്കാതെ കുറ്റിയടിച്ച് വീടുപണി തുടങ്ങി. സഹായികളായി ഭാര്യ റീജയും മക്കളായ ശ്യാം ശ്രീധറും അരുൺ ശ്രീധറും മാത്രം. തറകെട്ടൽ, ചുമരുനിർമാണം, മേൽക്കൂര വാർക്കൽ, വാതിലും ജനലും സ്ഥാപിക്കൽ തുടങ്ങിയ ജോലികളെല്ലാം ഇവർ പൂർത്തിയാക്കി. ഇലക്ട്രിക് വയറിങ് ജോലികൾക്കുമാത്രം ഒരാളുടെ സഹായംതേടി. തേപ്പ്, തറയുടെ മിനുക്കുപണി തുടങ്ങിയവയെല്ലാം ബാക്കിയാണ്. പഞ്ചായത്തിൽനിന്ന് ലഭിച്ച സഹായധനം വീടുനിർമാണ സാമഗ്രികൾ വാങ്ങാൻപോലും തികഞ്ഞില്ല. മൂന്നുലക്ഷംരൂപയാണ് പഞ്ചായത്തിൽനിന്ന് ലഭിച്ചത്. ഒരുവർഷം പിന്നിട്ട വീടുപണി വേഗത്തിൽ പൂർത്തിയാക്കണമെന്ന ആഗ്രഹം ഇവർക്കുണ്ട്. എന്നാൽ, അവസാനഘട്ടത്തിലേക്കാവശ്യമായ വസ്തുക്കളുടെ വിലയാണ് ഇവരെ തളർത്തുന്നത്. കോവിഡ് കാലത്ത് ഒരു ജോലിയും കിട്ടാതായതോടെ കുടുംബം പുലർത്താൻ തന്നെ പ്രയാസപ്പെടുകയാണ്.

ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് വീടുപണിക്കിറങ്ങിയതെന്ന് ശ്രീമിഷ് പറയുന്നു. ‘‘കെട്ടിടം പണിയാനുള്ള അളവടക്കമുള്ള സാങ്കേതികകാര്യങ്ങളെല്ലാം തൊഴിലിടങ്ങളിൽനിന്ന് കണ്ടുപഠിച്ചതാണ്. സ്വന്തം കാര്യമായതിനാൽ ചെയ്തുനോക്കാനുള്ള ധൈര്യമുണ്ടായി. കുറ്റമോ കുറവോ ഉണ്ടായാൽ സ്വയം സഹിച്ചാൽ മതിയല്ലോ എന്നതായിരുന്നു ചിന്ത’’.

വീടിന് കുറ്റിയടിക്കുന്നയാളിൽനിന്ന് ചോദിച്ച് മനസ്സിലാക്കിയ വിവരങ്ങൾ വെച്ചാണ് പ്ലാൻ തയ്യാറാക്കിയത്‌. ഇതുമായി ഹിൽബസാറിലെ സിവിൽ എൻജിനിയർ വിനോദിനെ സമീപിച്ചു. പഞ്ചായത്തിന് നൽകാനുള്ള പേപ്പറുകൾ ശരിയാക്കി. കൊറോണക്കാലം തുടങ്ങുന്നതുവരെ തലശ്ശേരിയിലെ ഒരു കമ്പനിയിൽ ജോലിചെയ്തിരുന്നു.

കമ്പനി നിർമാണപ്രവൃത്തികൾ ഏറ്റെടുക്കുകയും ഫർണിച്ചർ നിർമിക്കുകയും ചെയ്തിരുന്നു. അവിടെനിന്നാണ് നിർമാണരംഗത്തെ കണക്കുകളും മറ്റും മനസ്സിലാക്കുന്നത്. ഏതെങ്കിലും വിഭാഗത്തിൽ തൊഴിലാളി അവധിയായാൽ അവരുടെ ജോലിചെയ്യാൻ അവസരം കിട്ടി. ഫർണിച്ചർ നിർമാണശാലയിൽനിന്നുള്ള പരിചയംവെച്ചാണ് മരപ്പണി ചെയ്തത്. ശ്രീമിഷിനെ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ: 9745645788.

Content Highlights: family built house by themselves