പാലക്കാട്: പത്തുവര്‍ഷംമുമ്പുള്ള ഒരു പെരുമഴക്കാലത്ത് വീട്ടില്‍ വെള്ളം കയറി മുറ്റത്തെ കിണറില്‍ അഴുക്കുവെള്ളം നിറഞ്ഞു. അപ്പോഴാണ് ഈ വീടൊന്ന് ഉയര്‍ത്താന്‍ കഴിഞ്ഞെങ്കിലെന്ന് കന്തസ്വാമി കൗണ്ടര്‍ ആദ്യമായി ആഗ്രഹിച്ചത്. അന്ന് നടക്കാത്ത കാര്യമായിരുന്നെങ്കിലും ഇന്നിപ്പോള്‍ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് ചക്കാന്തറ ഗാന്ധിനഗറിലെ ഈശ്വരി ഭവനത്തിലെ കന്തസ്വാമികൗണ്ടറും കുടുംബവും.
തറനിരപ്പില്‍നിന്ന് നാലടിയുയരത്തിലേക്ക് ഇരുനില വീട് കേടുപാടില്ലാതെ ഉയര്‍ത്തുന്നതിന്റെ പ്രവൃത്തികള്‍ നടക്കുന്നു. 1000 ചതുരശ്രയടിയുള്ള വീട് ഒരു മാസംകൊണ്ടാണ് നാലടി ഉയര്‍ത്തിയത്. ചെന്നൈയിലെ ചാമ്പ്യന്‍ ബില്‍ഡിങ് ലിഫ്റ്റിങിലെ 20 തൊഴിലാളികളുടെ കൂട്ടായ്മയിലാണ് ജോലികള്‍ പുരോഗമിക്കുന്നത്.
വീടിന്റെ അസ്തിവാരംവരെ കുഴിച്ച് കല്ലെടുത്ത് മാറ്റി അവിടെ ജാക്കി സ്ഥാപിക്കുന്നു. അങ്ങനെ വീടിനുചുറ്റും 250 ജാക്കികളുപയോഗിച്ച് ഉയര്‍ത്തുന്നതിനൊപ്പം ഇരുമ്പ് ബാറുകള്‍ അതിനിടയില്‍ സ്ഥാപിക്കുന്നു. തുടര്‍ന്ന് 20 തൊഴിലാളികളും ഒരേ നിരപ്പില്‍ ജാക്കിയുയര്ത്തുന്നതോടെയാണ് തറ ഉയരുന്നത്. ഒരു ചതുരശ്രയടിക്ക് 200 രൂപയാണ് പ്രവൃത്തി ചെലവ്. തറ ഉയര്‍ത്തിയതിനുശേഷം ഇഷ്ടിക ഉപയോഗിച്ച് ശേഷിച്ച ഭിത്തി കെട്ടിപ്പൊക്കുന്നു. പിന്നീട് മണ്ണുനിറച്ച് തറയില്‍ ടൈല്‍ വിരിക്കുന്നതോടെയാണ് പണി പൂര്‍ത്തിയാവുക.
വീട് ഉയര്‍ത്തി പണി പൂര്‍ത്തീകരിക്കുന്നതിന് ഏതാണ്ട് ആറുലക്ഷം രൂപ ചെലവ് വരും. മൂന്നുലക്ഷം രൂപയ്ക്ക് തറ ഉയര്‍ത്തുന്ന ജോലി പൂര്‍ത്തിയാകുമെന്ന് കന്തസ്വാമി കൗണ്ടര്‍ പറഞ്ഞു.
കൊഴിഞ്ഞാമ്പാറയിലെ കര്‍ഷകനായ കന്തസ്വാമി കൗണ്ടര്‍ 1990ല്‍ പണികഴിപ്പിച്ചതാണ് വീട്. മഴക്കാലമാകുന്നതോടെ റോഡില്‍നിന്നുള്ള അഴുക്കുവെള്ളം വീട്ടിനകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍മുതല്‍ വീട് വില്ക്കാന് പലതവണ കരുതിയതാണ്. ഇഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ വീടുവിട്ട് മറ്റൊരിടത്തേക്ക് താമസം മാറ്റാന്‍ മനസ്സനുവദിച്ചതുമില്ല. അങ്ങനെയാണ് മകന് സദാശിവന് വീടുയര്ത്തുന്നവരെ അന്വേഷിച്ച് കണ്ടെത്തിയതെന്ന് കന്തസ്വാമി കൗണ്ടര്‍ പറഞ്ഞു. ഭാര്യ ഈശ്വരിയും മക്കളായ സദാശിവനും രവിചന്ദ്രനുമടങ്ങിയതാണ് കന്തസ്വാമി കൗണ്ടറുടെ കുടുംബം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..