നാഗർകോവിൽ: സർക്കാരുകളുടെ അവഗണന തുടരുമ്പോൾ നൂറ്റാണ്ടുകളുടെ പെരുമയുള്ള ഇരണിയൽ കൊട്ടാരം മണ്ണടിയുന്നു. കൊട്ടാരത്തിന്റെ സംരക്ഷണത്തിനായി തമിഴ്‌നാട് സർക്കാർ 3.85 കോടി രൂപ അനുവദിച്ച് ആറു വർഷം കഴിഞ്ഞിട്ടും അധികൃതർ കനിയാത്തതിനാൽ കൊട്ടാരത്തിന്റെ തകർച്ച പൂർണമാണ്. വേണാടിന്റെ ഭരണസിരാകേന്ദ്രമായിരുന്ന ഇരണിയൽ കൊട്ടാരം ഇന്ന് കുറ്റിക്കാടുകൾക്കിടയിലെ തകർന്ന നാലുകെട്ടായി മാറി. 1629 വരെ തിരുവിതാംകൂറിന്റെയും ഭരണതലസ്ഥാനം ഇരണിയലായിരുന്നു. ചേരരാജാക്കന്മാരുടെ കാലത്ത് പണിതതായി പറയപ്പെടുന്ന കൊട്ടാരം നാലുകെട്ട് രൂപത്തിലുള്ളതാണ്.

പടിപ്പുരയും കുതിരമാളികയും ഉൾപ്പെടെ കൊത്തുപണികളോടെ നിർമിച്ചിട്ടുള്ള കൊട്ടാരത്തിൽ വാസ്തുകലയുടെ പ്രൗഢി വിളിച്ചോതുന്ന വസന്തമാളികയും മാളികയ്ക്കുള്ളിൽ അഞ്ചടി വീതിയും ആറടി നീളവുമുള്ള കൊത്തുപണികളോടുകൂടിയുള്ള ഒറ്റക്കൽ കിടക്കയും സന്ദർശകർക്ക് വിസ്മയക്കാഴ്ചകളായിരുന്നു. ഇന്ന് പടിപ്പുരയും കുതിരമാളികയും പൂർണമായും തകർന്നു മണ്ണടിഞ്ഞു. നാലുകെട്ടിന്റെ ചില ഭാഗങ്ങൾ തകർന്ന് നിലംപൊത്താറായ അവസ്ഥയിൽ നിൽക്കുന്നു. രണ്ടു വർഷം മുൻപ്‌ തകർന്നനിലയിൽ കണ്ടിരുന്ന വസന്തമാളിക ഇപ്പോൾ പൂർണമായും ഇല്ലാതായി. ബാക്കിയുള്ളത് ഒറ്റക്കൽ കിടക്ക മാത്രം. കൊട്ടാരത്തിന്റെ നിയന്ത്രണാവകാശമുള്ള കന്യാകുമാരി ദേവസ്വവും തമിഴ്‌നാട് സർക്കാരും കൊട്ടാരത്തിന്റെ തകർച്ചയിൽ മൗനംപാലിച്ചപ്പോൾ, പുരാവസ്തു വകുപ്പ് കൊട്ടാരത്തിന്റെ നിയന്ത്രണമേറ്റെടുത്ത് നവീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ആർക്കും വേണ്ടാതെ ചരിത്രസ്മാരകത്തിന്റെ ഓരോ ഭാഗം തകർന്നുകൊണ്ടേയിരുന്നു. 2014-ൽ കന്യാകുമാരി ജില്ലാ കളക്ടർ എസ്.നാഗരാജൻ അന്നത്തെ മുഖ്യമന്ത്രി ജയലളിതയെ വിവരം ധരിപ്പിച്ചാണ് നവീകരണത്തിന് തുക അനുവദിച്ചത്.

കന്യാകുമാരി ദേവസ്വത്തിന്റെ അനാസ്ഥയിൽ പണികൾ തുടങ്ങാതെ വർഷങ്ങൾ നീങ്ങി. 2018 സെപ്‌റ്റംബറിൽ മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി നവീകരണപ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തെങ്കിലും കോടതിയിൽ നിലനിന്ന കേസ് വീണ്ടും തടസ്സമായി. ഒടുവിൽ കോടതി ഉത്തരവിനു ശേഷം കഴിഞ്ഞ ജനുവരിയിൽ നവീകരണ പ്രവർത്തനങ്ങൾക്കായി പൂജ നടത്തി, പണികൾ തുടങ്ങിവച്ചെങ്കിലും പ്രവർത്തനങ്ങൾ നടന്നില്ല.

സംരക്ഷണത്തിനു നടപടി വേണം

ചരിത്രസ്മാരകത്തെ പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തിലേക്കു മാറ്റണമെന്ന ആവശ്യം സർക്കാരുകൾ ചെവിക്കൊള്ളുന്നില്ല. ശേഷിക്കുന്ന ഭാഗങ്ങളെങ്കിലും സംരക്ഷിക്കാൻ നടപടിയുണ്ടാകണം. ജനപ്രതിനിധികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തി ചരിത്രസ്മാരകത്തെ സംരക്ഷിക്കണം.

മീനാക്ഷിയമ്മ,
ഇരണിയൽ പഞ്ചായത്ത് മുൻ പ്രസിഡന്റ്

Content Highlights: eraniel palace on verge of collapse