യുഎസ് വ്യവസായിയും ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലണ്‍ മസ്‌ക് അടുത്തിടെയാണ് ഞെട്ടിക്കുന്ന പ്രഖ്യാനവുമായി രംഗത്തെത്തിയത്. തന്റെ ആസ്തികളെല്ലാം വില്‍ക്കാന്‍ പോകുന്നുവെന്നും വീടുള്‍പ്പെടെ ഒന്നും സ്വന്തമായി വേണ്ടെന്നുമായിരുന്നു മസ്‌ക് പ്രഖ്യാപിച്ചത്. അതിനു പിന്നാലെയിതാ തന്റെ ആഡംബര മാന്‍ഷനുകളിലൊന്ന് മസ്‌ക് വിറ്റ വാര്‍ത്തയാണ് പുറത്തുവരുന്നത്.
16,251 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവാണ് മസ്‌ക് വിറ്റത്. ചൈനയിലെ ടെക്ഈസ് കമ്പനിയുടെ സിഇഇ ആയ വില്യം ഡിങ്ങാണ് മസ്‌കിന്റെ ഭവനം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 29 മില്യണ്‍ ഡോളര്‍ അഥവാ ഇരുനൂറ്റിപത്തൊമ്പതു കോടി നാല്‍പത്തിയെട്ടു ലക്ഷം രൂപയ്ക്കാണ് വീട് വിറ്റിരിക്കുന്നത്.
ഏഴു ബെഡ്‌റൂമുകളും പതിനൊന്ന് ബാത്‌റൂമുകളുമാണ് വീട്ടിലുള്ളത്. സ്വിമ്മിങ് പൂള്‍, ഔട്ട്‌ഡോര്‍ ഡൈനിങ്, ഗസ്റ്റ് സ്യൂട്ട്, ഇരുനിലകളിലുള്ള ലൈബ്രറി, തീയേറ്റര്‍, കായിക ഉപാധികള്‍ക്കുള്ള ഇടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ വീട്ടിലുണ്ട്. 1.67 ഏക്കര്‍ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.
2012ല്‍ 17 മില്യണ്‍ ഡോളര്‍ അഥവാ നൂറ്റി ഇരുപത്തിയെട്ടു കോടി മുടക്കിയാണ് മസ്‌ക് ഈ സ്ഥലം സ്വന്തമാക്കിയത്. ഇതുകൂടാതെ മറ്റു മൂന്നു വീടുകളും മസ്‌ക് വില്‍പനയ്ക്കു വച്ചിട്ടുണ്ടെന്നാണ് വിവരം. 472 കോടിക്കാണ് മറ്റു മൂന്നു വീടുകള്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്.
നടന്‍ ജീന്‍ വില്‍ഡറില്‍ നിന്നു മസ്‌ക് സ്വന്തമാക്കിയ വീടാണ് വില്‍പനയ്ക്കു വച്ചവയിലൊന്ന്. 2756 ചതുരശ്ര അടിയുള്ള വീട്ടില്‍ അഞ്ചു ബെഡ്‌റൂമുകളാണുള്ളത്. ഫ്രഞ്ച് ശൈലിയിലാണ് നിര്‍മാണ രീതി.
ഇക്കഴിഞ്ഞ മേയിലാണ് ''എല്ലാ ഭൗതിക ആസ്തികളും വില്‍ക്കാന്‍ പോവുകയാണ്, വീടുപോലും വേണ്ട' എന്ന് മസ്‌ക് ട്വീറ്റ് ചെയ്തത്. ട്വീറ്റ് തമാശയ്ക്ക് ഇട്ടതാണോ എന്നു ചോദിച്ചവരോട് അല്ലെന്ന മറുപടിയും മസ്‌ക് നല്‍കിയിരുന്നു.
മസ്‌ക്കിന് ലോസ്ആഞ്ചലസില്‍ ഏഴോളം വീടുകളുണ്ട്. 24.4 മില്യണ്‍ ഡോളറിന്റെ ആഡംബര മാന്‍ഷന്‍, പതിനേഴ് മില്യണ്‍ ഡോളറിന്റെ മാന്‍ഷന്‍, 6.75 മില്യണ്‍ ഡോളറിന്റെ വീട് എന്നിങ്ങനെ പോകുന്നു ആ പട്ടിക.
Content Highlights: Elon Musk sells mansion after vow to own no house