സ്‌പേസ് എക്‌സ് സ്ഥാപകനും ടെസ്‌ലയുടെ സി.ഇ.ഒ.യുമായ ഇലോണ്‍ മസ്‌ക് തന്റെ ഉടമസ്ഥയിലുള്ള അവസാനത്തെ വീടും വില്‍ക്കുന്നതിനായി ആളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യു.എസിലെ സാന്‍ഫ്രാന്‍സിസികോയിലുള്ള വീട് വില്‍ക്കുന്നതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ട് ഒരു മാസത്തിനുള്ളിലാണ് വാങ്ങാനുള്ള ആളെ കണ്ടെത്തിയത്. നവംബര്‍ 13-ന് വീട് വില്‍ക്കുന്നത് സംബന്ധിച്ച് കരാറില്‍ ഏര്‍പ്പെട്ടതായി യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ട് തന്റെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കുന്നതായി ഒന്നര വര്‍ഷം മുമ്പാണ് മസ്‌ക് പ്രഖ്യാപനം നടത്തിയത്. അതേസമയം, വീട് വില്‍ക്കുന്നത് സംബന്ധിച്ച കരാറില്‍ ചില വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതില്‍ തീരുമാനമാകാതെ വന്നാല്‍ മസ്‌കിന് ഉടമ്പടിയില്‍നിന്ന് പിന്മാറാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊട്ടാരസദൃശ്യമായ ഈ വീട് 10 കിടപ്പുമുറികളോടെയാണ് മസ്‌ക് സ്വന്തമാക്കിയത്. 16,000 ചതുരശ്ര അടിയാണ് ആകെ വിസ്തീര്‍ണം. 

2017-ല്‍ ഏകദേശം 173 കോടി രൂപ(23.3 മില്യണ്‍ ഡോളര്‍) ചെലവിട്ടാണ് മസ്‌ക് ഈ വീട് സ്വന്തമാക്കിയത്. ഇപ്പോള്‍ ഈ വീടിന് ഏകദേശം 236 കോടി രൂപയാണ്(31.99 മില്യണ്‍ ഡോളര്‍) മതിപ്പ് വില. 100 വര്‍ഷം പഴക്കമുള്ള ഈ വീട് സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്വാന്‍ക് ഹില്‍സ്‌ബോറോയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വലിയ കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സവിശേഷമായ ഇടമാണ് ഹില്‍സ്‌ബോറോയിലെ വീടെന്ന് മസ്‌ക് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 

സ്‌പേസ് എക്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചൊവ്വാ ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിലുള്ള തന്റെ വസ്തുവകളെല്ലാം വില്‍ക്കുകയാണെന്ന് മസ്‌ക് അറിയിച്ചിരുന്നു. ഇതുവരെ 100 മില്ല്യണ്‍ ഡോളറിന്റെ റിയല്‍ എസ്‌റ്റേറ്റ് ആസ്തികളാണ് അദ്ദേഹം വിറ്റിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കോടീശ്വരനായ വ്യക്തിയെന്ന പദവി നിലവില്‍ ഇലോണ്‍ മസ്‌കിനാണ്. ഏകദേശം 271.5 ബില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

Content highlights: elon musk found new buyer for his sanfrancisco home, 16,000 sqaure feet house