ഏറെ നാള്‍ നീണ്ടുനിന്ന ഊഹാപോഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം സ്‌പേസ്എക്‌സ് മേധാവി എലോണ്‍ മസ്‌ക് തന്റെ വീടിന്റെ കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. തെക്കന്‍ ടെക്‌സസില്‍ 50,000 ഡോളര്‍ വാടക വരുന്ന വീട്ടിലാണ് താന്‍ രണ്ടു വര്‍ഷമായി താമസിച്ചുവരുന്നതെന്ന് മസ്‌ക് വ്യക്തമാക്കി. മാറ്റിസ്ഥാപിക്കാവുന്ന വീടുകള്‍ ഡിസൈന്‍ ചെയ്യുന്ന ബോക്‌സാബില്‍ കമ്പനിയെ അറിയാമെന്നും നല്ല വീടാണ് അവരുടേതെന്നും ചെറിയ വീട്ടില്‍ താമസിക്കുമ്പോള്‍ കൂടുതല്‍ ഗൃഹാതുരത്വം അനുഭവപ്പെടുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. 

ടെക്‌സസിലെ ബോകാ ചികയിലാണ് താന്‍ താമസിക്കുന്നതെന്ന് എലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെയാണ് സ്‌പേസ്എക്‌സിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. സ്‌പേസ്എക്‌സില്‍ നിന്ന് താനൊരു വീട് വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും തന്റെ ഉടമസ്ഥതയില്‍ മറ്റൊരു വീടില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. 

അതേസമയം, ബോക്‌സാബല്‍ ഡിസൈന്‍ ചെയ്ത വീട്ടിലാണ് മസ്‌ക് താമസിക്കുന്നതെന്ന് നേരത്തെ ഒട്ടേറെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മടക്കി വയ്ക്കാനും ലോകത്തെവിടേക്കും മാറ്റി സ്ഥാപിക്കാനും കഴിയുന്ന വീടുകളാണ് ബോക്‌സാബില്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്നത്.
തങ്ങള്‍ ഡിസൈന്‍ ചെയ്ത വീട്ടിലാണ് മസ്‌ക് താമസിക്കുന്നതെന്ന് ഒക്ടോബറില്‍ ബോക്‌സാബില്‍ പറഞ്ഞിരുന്നു. എന്തായാലും മസ്‌കിന്റെ ട്വീറ്റിനോട് ബോക്‌സാബിലും പ്രതികരിച്ചിട്ടുണ്ട്. കൈകള്‍ കൂപ്പി, ചിരിക്കുന്ന സ്‌മൈലിയോടു കൂടിയാണ് അവര്‍ മസ്‌കിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. 

മസ്‌കിന്റെ വീടിനെക്കുറിച്ച് നേരത്തെ ഒട്ടേറെ ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. കാലിഫോര്‍ണിയയില്‍നിന്ന് ടെക്‌സസിലേക്ക് താമസം മാറ്റിയതിനു പിന്നാലെ, തന്റെ കമ്പനിയുടെ ആസ്ഥാനവും കാലിഫോര്‍ണിയയില്‍നിന്ന് ടെക്‌സസിലേക്ക് മാറ്റുകയാണെന്ന് മസ്‌ക് അറിയിച്ചിരുന്നു. 
സിലിക്കോണ്‍ വാലിയിലെ വീടും മസ്‌ക് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് മാര്‍ക്കറ്റ് വാച്ച് നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Content highlights: Elon Musk confirmed about his home,