മേരിക്കയിലെ മാസച്യുസെറ്റ്സിലെ ഒരു സാധാരണ ഇലക്ട്രീഷ്യൻ മാത്രമായിരുന്നു ജോൺ കിന്നെ. 72 വയസ്സുകാരിയായ ഗ്ലോറിയ സ്കോട്ട് തന്റെ വീട്ടിലെ വൈദ്യുതപ്രശ്നങ്ങൾ പരിഹരിക്കാനായി ജോണിനെ വിളിക്കുന്നതുവരെ. ഗ്ലോറിയയുടെ വീട്ടിലെത്തിയ ജോൺ കണ്ടത് ലൈറ്റുകൾ മാത്രമല്ല വീടു തന്നെ മൊത്തത്തിൽ തകരാറിലായതാണ്. ഒടുവിൽ ഗ്ലോറിയ മുത്തശ്ശിയുടെ തകർന്നു വീഴാറായ വീട് പുത്തനാക്കിയാണ് ജോണും സുഹൃത്തുക്കളും മടങ്ങിയത്.

ലൈറ്റുകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. വയറിങ് പലയിടത്തും ഷോട്ടായിരുന്നു. വീട്ടിൽ വെള്ളമുണ്ടായിരുന്നില്ല. സീലിങ് പൊളിഞ്ഞു തുടങ്ങിയിരുന്നു. പ്ലംബിങ് പ്രശ്നങ്ങൾ വേറെയും. ഒപ്പം വീടിനു ചുറ്റും കാടുപിടിച്ച അവസ്ഥയും. ശരിക്കുമൊരു പ്രേതാലയം തന്നെയായിരുന്നു ​​ഗ്ലോറിയയുടെ വീട്.

gloria

കൈയിലുള്ള വളരെ കുറച്ചു പണം കൊണ്ട് കഷ്ടിച്ചായിരുന്നു ഗ്ലോറിയ മുത്തശ്ശിയുടെ ജീവിതം. തന്നെ സഹായിക്കാനോ അന്വേഷിക്കാനോ മറ്റാരും അവർക്ക് സ്വന്തമായി ഉണ്ടായിരുന്നുമില്ല. ഗ്ലോറിയയുടെ അവസ്ഥകണ്ട ജോൺ തന്റെ കുറച്ചു പരിചയക്കാരെ വോളണ്ടറി വർക്കിനായി വിളിച്ചു. വീടെല്ലാം ക്ലീൻ ചെയ്യാനും അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികൾ ചെയ്യാനും അവർ തയ്യാറായി.

എന്നാൽ ആ വീടിന് അതുമാത്രം മതിയായിരുന്നില്ല. വീട് പുതുക്കി പണിയുന്നതിൽ വിദഗ്ധരായ ആളുകൾ തന്നെ വേണമായിരുന്നു, ഒപ്പം പണവും. ഇതിനായി ഇവർ ഒരു ഫണ്ട്റെയ്സർ സംഘടിപ്പിച്ചു. ഫേസ്ബുക്കിൽ ഒരു പേജ് തുടങ്ങി. ഒപ്പം പ്രൊഫഷണലായി ചില വോളണ്ടിയേഴ്സിനേയും തങ്ങളുടെ സഹായത്തിനായി കണ്ടെത്തി.

gloria

പിന്നെ സംഭവിച്ചത് അത്ഭുതമായിരുന്നു. ഓഗസ്റ്റ് 16 ന് തുടങ്ങിയ ഫണ്ട്റെയ്സറിൽ ലഭിച്ചത് 80 ലക്ഷത്തോളം രൂപയാണ്. ഒരു പുതിയ വീട് തന്നെ പണിയാനുള്ള തുക ഗ്ലോറിയക്ക് ലഭിച്ചു. മാത്രമല്ല വീടിന്റെ പണികൾ ചെയ്യുന്നവർക്കുള്ള ഭക്ഷണവും വെള്ളവുമായി സമീപവാസികളും സഹായവുമായെത്തി.

ഗ്ലോറിയ മുത്തശ്ശി സന്തോഷത്തിലാണ് നല്ലൊരു വീടും ഒപ്പം കുടുംബം പോലെ സഹായത്തിന് ധാരാളം ആളുകളും. ജോൺ ഈ വോളണ്ടിയർ ഗ്രൂപ്പിനെ അങ്ങനെ തന്നെ നിലനിർത്താനുള്ള തീരുമാനത്തിലാണ് ഗ്ലോറിയാസ് ഗ്ലാഡിയേറ്റേഴ്സ് എന്ന പേരിൽ. ഇത്തരത്തിൽ വീടോ മറ്റോ ആവശ്യമുള്ളവർക്ക് സഹായം എത്തിക്കാൻ അവർ എപ്പോഴും റെഡിയാണ്.

Content Highlights:Electrician fixes old woman’ s lights, then entire community help To fix her broken-down house