പുതുപ്പള്ളി: വിനോദിന്റെ വീടിന്റെ തറക്കല്ലിടല്‍ ശനിയാഴ്ച. പുതുപ്പള്ളി ഇരവിനല്ലൂര്‍ പാറക്കാട്ട് ഉണ്ണി നല്‍കിയ സ്ഥലത്താണ് വിനോദിനും കുടുംബത്തിനും പുതിയ വീടൊരുങ്ങുന്നത്. സ്വന്തമായി വീടില്ലാത്ത പുളിങ്കുന്ന് സ്വദേശി വിനോദ് ആറു മാസത്തോളമായി നെടുമുടി പാലത്തിനടിയില്‍ താമസിക്കുന്ന വിവരം 'മാതൃഭൂമി' വാര്‍ത്തയാക്കിയിരുന്നു. ഇതുകണ്ട് നിരവധിപേര്‍ സഹായിക്കാന്‍ മുന്നോട്ടുവന്നു.

വീട് നിര്‍മിക്കുന്ന എച്ച്.ആര്‍.ഡി.എസ്. സംഘം, പാറക്കാട്ട് ഉണ്ണി വാഗ്ദാനം ചെയ്ത സ്ഥലം സന്ദര്‍ശിച്ച് സ്ഥലമുടമയുമായി സമ്മതപത്രം ഒപ്പുവെച്ചു. വെള്ളിയാഴ്ച മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ഈ സ്ഥലത്തേക്ക് പത്തടി വീതിയില്‍ വഴിയുണ്ടാക്കി.

ശനിയാഴ്ച രാവിലെ 10.45-നാണ് തറക്കല്ലിടീല്‍. പ്രോജക്ട് ഡയറക്ടര്‍ പി.സുദേവന്‍, കോ-ഓര്‍ഡിനേറ്റര്‍ ഹരീഷ് എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് വീട് നിര്‍മ്മിക്കുക.

പ്രളയത്തെയും അതിജീവിക്കും

കാലാവസ്ഥ അനുകൂലമായാല്‍ 15 പ്രവൃത്തിദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാകും. പരിസ്ഥിതിസൗഹൃദ വീടാണ് നിര്‍മിക്കുന്നത്.

പി.സുദേവന്‍, പ്രോജക്ട് ഡയറക്ടര്‍, എച്ച്.ആര്‍.ഡി.എസ്.

വീട് ഇങ്ങനെ

രണ്ടു സെന്റ് സ്ഥലമുള്ളവര്‍ക്കും ഗുണകരം. 370 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന് 3,92,580 രൂപയാണ് ചെലവ്. രണ്ട് കിടക്കമുറി, ശൗചാലയം, പൂമുഖം, പാചകത്തിനുതകുന്ന ഹാള്‍ എന്നീ സൗകര്യങ്ങളുണ്ടാകും. ഫൈബര്‍ സിമന്റ് ബോര്‍ഡുകള്‍ കൊണ്ടാണ് ഭിത്തി. കോണ്‍ക്രീറ്റ് സോളിഡ് ബ്ലോക്ക് ഉപയോഗിച്ചാണ് തറ. അലുമിനിയം റൂഫിങ് ഷീറ്റാണ് മേല്‍ക്കൂര. സീലിങ് ഷീറ്റ് കൊണ്ടുള്ള മച്ചും ഉണ്ടാകും. തറയില്‍ ടൈല്‍ പാകി മോടിയാക്കും. കമ്പി, കല്ല്, മണല്‍, സിമന്റ്, കോണ്‍ക്രീറ്റ് ഇവ നാമമാത്രമായേ ഉപയോഗിക്കൂ.

Content Highlights: eco friendly home for vinod and family