കോയമ്പത്തൂര്‍: തമിഴ്നാട് ചേരിനിര്‍മാര്‍ജനപദ്ധതിയില്‍ പണിത വീടുകളില്‍ താമസിക്കുന്നവര്‍ പരിഭ്രാന്തിയില്‍. അമ്മന്‍കുളത്തെ ഒരു വീടിന്റെ തറയില്‍ പ്രത്യക്ഷപ്പെട്ട കിടങ്ങാണ് താമസക്കാരെ ഭയവിഹ്വലരാക്കിയത്. വീട്ടിലെ താമസക്കാരിയായ എഴുപത്തിയഞ്ചുകാരിയായ കിട്ടമ്മാള്‍ കബോര്‍ഡ് നീക്കിയപ്പോഴാണ് തറയ്ക്ക് താഴെ അടിഭാഗം കാണാത്തത്ര ആഴമുള്ള കിടങ്ങ് പ്രത്യക്ഷപ്പെട്ടത്. കെട്ടിടത്തിലെ താഴത്തെ തറയ്ക്ക് കബോര്‍ഡുപോലും താങ്ങാനാവുന്നില്ലെന്നാണ് താമസക്കാരുടെ ഭയം. കെട്ടിടം അഞ്ചുവര്‍ഷം നിലനിന്നുപോകില്ലെന്ന ഭയപ്പാടിലാണ് താമസക്കാരനായ എസ്. പരമേശ്വരന്‍. കെട്ടിടത്തിന്റെ താഴേനിലയില്‍ മൂന്നാംതവണയാണ് ഇത്തരം കിടങ്ങുകള്‍ താമസക്കാര്‍ കാണുന്നത്.

അമ്മന്‍കുളത്തും ഉക്കടത്തുമാണ് ബഹുനിലയില്‍ ചേരിനിര്‍മാര്‍ജനപദ്ധതിയില്‍ വീടുകളുയര്‍ന്നത്. ചേരികളിലെ താമസക്കാരുടെ വീടുകള്‍ തകര്‍ത്താണ് പുതിയ വീടുകള്‍ പണിതത്. പാളംകുളം ജലാശയത്തിന്റെ ഓരത്തെ അനധികൃത വീടുകളായിരുന്നു ഇവ. തമിഴ്നാട് സ്ലം ക്ലിയറന്‍സ് ബോര്‍ഡ് ഒരുവിഭാഗം വീടുകള്‍ പൊളിച്ചുമാറ്റുകമാത്രമല്ല വീട്ടുസാധനങ്ങള്‍ പുറത്തേക്കെറിയുകയും ചെയ്തതായി പരമേശ്വരന്‍ പറയുന്നു. ജലാശയത്തിനരികില്‍ വീടുപണിതവരെന്ന നിലയിലാണ് വീടുകള്‍ ഇടിച്ചുനിരത്തിയത്. എന്നാല്‍ അമ്മന്‍കുളം ഹൗസിങ് യൂണിറ്റ് നിലകൊള്ളുന്നത് തടാകതീരത്താണെന്ന് അന്തേവാസികളിലൊരാളായ രങ്കമ്മാള്‍ ചൂണ്ടിക്കാട്ടുന്നു.

ഉക്കടത്തെ ഹൗസിങ് യൂണിറ്റ് മലിനജല ശുദ്ധീകരണപ്ലാന്റിന് സമീപത്താണെന്ന് സി.പി.ഐ. (എം.എല്‍.) നേതാവ് എം.എസ്. വേലുമുരുകന്‍ പറഞ്ഞു. ഇതിനെതിരേ പാര്‍ട്ടി സമരംചെയ്തിരുന്ന കാര്യം വേലുമുരുകന്‍ ഓര്‍മപ്പെടുത്തി.

ബഹുനിലകളിലായി വീടുകള്‍ ജലാശയത്തിന്റെ ഓരത്ത് നിര്‍മിക്കാന്‍ പാടില്ലായിരുന്നു. കെട്ടിടങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല. ചേരിനിര്‍മാര്‍ജന പദ്ധതിയില്‍ പണിയുന്ന ഇത്തരം നിര്‍മാണം സുരക്ഷിതമല്ല -നേതാവ് പറഞ്ഞു.

കെട്ടിടം സുരക്ഷിതം

കെട്ടിടം സുരക്ഷിതമാണ്. പതിനഞ്ചടിയില്‍ തറ ബലപ്പെടുത്തിയശേഷമാണ് കെട്ടിടങ്ങള്‍ പണിതത്.

ടി.എന്‍.എസ്.സി.ബി.

അധികൃതര്‍

Content Highlights: dig inside house