ബിടൗണിലെ പ്രണയജോഡികള്‍ ഒന്നിച്ചൊരു ജീവിതത്തിന് തുടക്കം കുറിക്കുകയാണിന്ന്. രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇറ്റലിയിലെ ലേക് കോമോ എന്ന റിസോര്‍ട്ട് ഏരിയയില്‍ വച്ചാണ് വിവാഹിതരായത്. വില്ലാ ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് വിവാഹ ആഘോഷങ്ങളെങ്കിലും റൂമുകള്‍ ബുക്ക് ചെയ്തിരിക്കുന്നത് ലേക് കോമോയുടെ കിഴക്കു ഭാഗത്തുള്ള ലക്ഷ്വറി റിസോര്‍ട്ടിലാണ്.
ഹോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്നായാണ് ലേക് കോമോ അറിയപ്പെടുന്നത്. ആല്‍പ്‌സ് പര്‍വതത്തിന്റെ മടിത്തട്ടില്‍ തടാകതീരത്ത് പൂക്കളും മരങ്ങളുമൊക്കെ നിറഞ്ഞ അന്തരീക്ഷത്തില്‍ മനോഹരമായ സ്ഥലമാണിത്. വിവാഹ മാമാങ്കത്തിനു മുന്നോടിയായി റിസോര്‍ട്ട് മുഴുവനായി പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. മുറികള്‍ മുഴുവനായും ബുക്ക് ചെയ്തിരിക്കുകയാണ്.
എഴുപത്തിയഞ്ചു മുറികളും നാലു റെസ്റ്റൊറന്റുകളും ബാറുകളും തടാകത്തിലേക്ക് മനോഹരമായ കാഴ്ച്ച നല്‍കുന്ന ടെറസും നാലു കോണ്‍ഫറന്‍സ് മുറികളും സ്പായും ഇന്‍ഡോര്‍ സ്വിമ്മിങ് പൂളും ഔട്ട്‌ഡോര്‍ ഫ്ലോട്ടിങ് പൂളുമൊക്കെ അടങ്ങിയതാണ് ഈ റിസോര്‍ട്ട്.
റിസോര്‍ട്ടിനു ചുറ്റുമുള്ള ബൊട്ടാണിക് ഗാർഡനും പ്രധാന ആകര്‍ഷണമാണ്. ഏതാണ്ട് ഇരുപത്തിയാറായിരം ചതുരശ്ര അടിയിലാണ് ഈ പാര്‍ക്ക് വ്യാപിച്ചു കിടക്കുന്നത്.
ഒരു ദിവസം ഏകദേശം മുപ്പത്തിമൂവായിരം രൂപയാണ് ഈ ലക്ഷ്വറി റിസോര്‍ട്ടില്‍ ഒരു മുറിയുടെ വാടക. അത്തരത്തില്‍ എഴുപത്തിയഞ്ച് മുറികളുള്ള റിസോര്‍ട്ടിന് മുഴുവനായി ഒരുദിവസം 24,75,000 രൂപയാണ് ചെലവാകുക. ഒരാഴ്ച്ചത്തേക്കാണ് റിസോര്‍ട്ട് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനായി 1,73,25,000 രൂപയാണ് ചെലവ് വരുന്നത്.
നേരത്തെ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ നിശ്ചയവും ലേക് കോമോയിലാണ് നടന്നത്. വില്ല ഡിസ്റ്റെ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു ഇഷയുടെ വിവാഹ നിശ്ചയ ആഘോഷങ്ങള്‍ നടന്നത്. മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കൊണ്ടും മോഡേണ്‍ യൂറോപ്യന്‍ ആര്‍ക്കിടെക്ചര്‍ കൊണ്ടും പേരുകേട്ട ഇടമാണ് ലേക് കോമോ.
ഇറ്റലിയിലെ ഏറ്റവും റൊമാന്റിക് സ്ഥലങ്ങളിലൊന്നുമാണിത്. ഹോളിവുഡ് താരങ്ങളായ ജോര്‍ജ് ക്ലൂണി, ജൂലിയ റോബര്‍ട്ട്‌സ്, അന്റോണിയോ ബണ്ടെറാസ്, ഡേവിഡ് ബെക്കാം, കാതറീന്‍ സെറ്റാ ജോണ്‍സ് തുടങ്ങിയവരെല്ലാം ലേക് കോമോയുടെ തീരത്ത് വില്ല സ്വന്തമാക്കിയവരാണ്.
മിലാനില്‍ നിന്ന് മുപ്പതു മൈല്‍ അകലെയാണ് ലേക് കോമോ സ്ഥിതി ചെയ്യുന്നത്. നിരവധി വീടുകളും വില്ലകളും പുരാതന ഗ്രാമങ്ങളാലും ചുറ്റപ്പെട്ട ഇറ്റലിയിലെ മൂന്നാമത്തെ വലിയ തടാകമാണിത്.
ചൊവ്വാഴ്ച കൊങ്കിണി രീതിയിലുള്ള വിവാഹച്ചടങ്ങുകളും ബുധനാഴ്ച സിന്ധി രീതിയിലുള്ള വിവാഹ ചടങ്ങുകളുമാണുള്ളത്. വന്‍സുരക്ഷയില്‍ നടക്കുന്ന ആഘോഷപരിപാടിയിലേക്ക് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണം.
Content Highlights: Details of Deepika Ranveer wedding resort in Lake Como