ചിലര്‍ക്ക് തങ്ങള്‍ താമസിക്കുന്ന വീടിനോട് വലിയ അടുപ്പമായിരിക്കും. ചിലപ്പോള്‍ അത് സ്വന്തം വീടായിരിക്കണമെന്നില്ല. വാടകവീടാണെങ്കിലും ചിലര്‍ ഉടമസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ മാറിക്കൊടുക്കാന്‍ മടികാണിക്കും. 

തങ്ങളുടെ ഇഷ്ടവീട് ഉടമ പൊളിച്ചുകളയാന്‍ പോകുകയാണെന്നറിഞ്ഞ് അത് മുഴുവനായി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ച കനേഡിയന്‍ ദമ്പതികളുടെ കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ചെറുബോട്ടുകളുപയോഗിച്ചാണ് ഈ വീട് അവര്‍ പുഴകടത്തിയത്. വീട് മാറ്റി സ്ഥാപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ ഇപ്പോള്‍ വൈറലാണ്. 

എട്ടുമണിക്കൂര്‍ സമയമെടുത്താണ് വീട് ബോട്ടില്‍ കയറ്റി പുതിയ സ്ഥലത്തെത്തിച്ചത്. ഒരു ഡസനിലധികം ബോട്ടുകളാണ് ഉദ്യമത്തില്‍ പങ്കെടുത്തത്.
കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡിലാണ് ആദ്യം ഈ വീട് സ്ഥിതി ചെയ്തിരുന്നത്. ഡാനിയേല പെന്നിയുടെയും പങ്കാളി കിര്‍ക്ക് ലാവെല്ലിന്റെയും സ്വപ്‌നഭവമായിരുന്നു പുഴയുടെ തീരത്ത് നില്‍ക്കുന്ന ഈ ഇരുനിലവീട്. അങ്ങനെയിരിക്കെയാണ് ഈ വീട് പൊളിച്ചുകളിയാന്‍ ഉടമ തീരുമാനിക്കുന്നത്. ഇത് കേട്ടതോടെ പെന്നി ആകെ വിഷമത്തിലായി. 

ഇളം പച്ച പെയിന്റ് പൂശിയ ആ വീട് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. വീട് പോളിക്കാന്‍ പോകുന്നതിനെക്കുറിച്ച് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഞാന്‍ സംസാരിച്ചു. എന്റെ ഹൃദയം ആ വീടിനോട് എന്തുമാത്രം ചേര്‍ന്നിരിക്കുന്നുവെന്ന കാര്യം അവര്‍ക്ക് നന്നായി അറിയാം-പെന്നി സി.ബി.സി.യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തുടര്‍ന്ന് വീട് അവിടെനിന്ന് മാറ്റാന്‍ ഇരുവരും തീരുമാനിച്ചു. 

കരമാര്‍ഗം വീട് പുതിയ സ്ഥലത്തേക്ക് എത്തിക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍, വെള്ളത്തിലൂടെ ഇത് മാറ്റുകയായിരുന്നു. പുഴയിലൂടെ ബോട്ടില്‍ വീട് കൊണ്ടുപോകുമ്പോള്‍ അതിന്റെ ഒരു മൂല വെള്ളത്തില്‍ മുങ്ങിയിരുന്നു. വീട് നഷ്ടപ്പെട്ടെന്നാണ് അപ്പോള്‍ താന്‍ കരുതിയതെന്ന് പെന്നി പിന്നീട് പറഞ്ഞു. വീട് മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും തങ്ങള്‍ ചരിത്രനിമിഷത്തിന് സാക്ഷിയായെന്നും പെന്നി കൂട്ടിച്ചേര്‍ത്തു.

Content highlights: couple in canada use boats to move their dream house to its new location