പാലക്കാട്: കോവിഡ് പ്രതിസന്ധിയിൽ മന്ദഗതിയിലായ ലൈഫ് മിഷൻ ഭൂരഹിത-ഭവനരഹിത പദ്ധതിയുടെ ഫ്ലാറ്റ് നിർമാണം ഉടൻ തുടങ്ങാൻ തീരുമാനം.

പദ്ധതിയുടെ മൂന്നാംഘട്ടത്തിലുള്ള നിർമാണപ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്. ഇതിന്റെ ടെൻഡർ നടപടികൾക്ക് ഉടനെ തുടക്കം കുറിക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിലായാണ് 12 ഫ്ലാറ്റുകൾ നിർമിക്കുന്നത്.

ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്നതാണ് ഭൂരഹിത, ഭവനരഹിത പദ്ധതി. സ്ഥലവും വീടും ഇല്ലാത്തവർക്കാണ് ഈ പദ്ധതിയിൽ വീടുകൾ നിർമിച്ചുനൽകുന്നത്. കോവിഡ് വ്യാപനം തുടങ്ങിയതോടെ ആശങ്കയിലായിരുന്ന ടെൻഡർ നടപടികളാണ് വേഗത്തിലാക്കുന്നത്. ജൂലായ് അവസാനത്തോടെ ടെൻഡർ നടപടി തുടങ്ങും.

പ്രകൃതിയോട് ഇണങ്ങിനിൽക്കുന്നതും പ്രകൃതിവിഭവചൂഷണം പരമാവധി ഒഴിവാക്കുന്നതരത്തിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതുമായ നിർമാണപ്രവർത്തനങ്ങൾക്കാണ് മുൻഗണന. കോവിഡ്‌ പ്രതിസന്ധി നിർമാണപ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കാനും പ്രത്യേകം സംവിധാനമൊരുക്കും.

Content Highlights: Construction of the Life Mission flat will begin soon