ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്ത കൂപ്പര്‍ ഹെവിറ്റ് സ്മിത്‌സോനിയന്‍ മ്യൂസിയം സംഘടിപ്പിക്കുന്ന ഹ്യൂമാനിറ്റേറിയന്‍ ഡിസൈന്‍ സീരീസിലേക്ക് കേരളത്തില്‍ നിന്നുള്ള കൊളാബൊറേറ്റീവ് ആര്‍ക്കിടെക്ചറിന് ക്ഷണം. 2021 പകുതിയോടെയാണ് ചരിത്രപ്രാധാന്യമുള്ള മ്യൂസിയത്തില്‍ വാസ്തുകലയും ഡിസൈനും സംബന്ധിച്ചുള്ള പ്രദര്‍ശനം നടത്തുന്നത്. 'സമാധാനത്തിനുള്ള നിര്‍മിതി''(Designing Peace) എന്ന ആശയത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 

രണ്ട് ഘട്ടങ്ങളായുള്ള അന്താരാഷ്ട്ര മത്സരത്തിലെ അന്തിമ പട്ടികയിലേക്ക് ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ നാഷണല്‍ വാര്‍ മ്യൂസിയം ഇടം നേടിയിട്ടുണ്ട്. 'ഇന്ത്യന്‍ നാഷണല്‍ പീസ് മ്യൂസിയം' എന്ന പേരിലാണ് എന്‍ട്രി നാമകരണം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ വാര്‍ മ്യൂസിയത്തിനു വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് സംഘടിപ്പിച്ച മത്സരത്തിലേക്ക് പല പ്രമുഖ ദേശീയ അന്തര്‍ദേശീയ ആര്‍ക്കിടെക്ചറല്‍ സ്റ്റുഡിയോകളും പങ്കെടുത്തിരുന്നു. അവസാന രണ്ടു ഘട്ടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴ് സ്ഥാപനങ്ങളിലൊന്നാണ് കൊളാബൊറേറ്റീവ് ആര്‍ക്കിടെക്ചര്‍.

പ്രശസ്ത ആര്‍ക്കിടെക്ചര്‍മാരായ മുജീബ് അഹമ്മദും ലളിത തരാനിയും നേതൃത്വം വഹിക്കുന്ന കൊളാബൊറേറ്റീവ് ആര്‍ക്കിടെക്ചറിന് കോഴിക്കോടും മുംബൈയിലും ഓഫീസുകളുണ്ട്. അതിനൂതനമായ വാസ്തുകല അവതരിപ്പിക്കുന്നതില്‍ പ്രശസ്തരായ ഈ സ്ഥാപനം ആഗോളതലത്തിലെ പല വാസ്തുകലാ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

Content Highlights: Collaborative Architecture invited to 'Designing Peace' by Cooper Hewitt Smithsonian Museum