കലവൂര്‍: ഇനി അഥവാ കോവിഡ് എങ്ങാനും നാട്ടില്‍വന്നാല്‍ അഗ്‌നിവേശിനും കൂട്ടുകാര്‍ക്കും മാറിയിരിക്കാന്‍ അവരായിട്ടൊരു താവളമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അത് മണ്ണില്‍ അല്ലന്നുമാത്രം. പന്ത്രണ്ട് അടിയോളം ഉയരത്തിലൊരു ഏറുമാടമാണ് നാലംഗസംഘം ഉണ്ടാക്കിയത്. എട്ടാം ക്ലാസുകാരനായ അഗ്‌നിവേശിന്റെ കൂടെ അയല്‍വാസികളായ ഒന്‍പതാം ക്ലാസുകാരി അമേയ കീര്‍ത്തിയും ആറാം ക്ലാസുകാരി അക്ഷയ് കീര്‍ത്തിയും ഇവരുടെ സഹോദരന്‍ അരവിന്ദും കൂടിയാണ് ഏറുമാടത്തിന്റെ ശില്‍പ്പികള്‍.

ലോക്ക്ഡൗണിലെ വിരസത മാറ്റാനായി ഇവര്‍ ചെയ്ത നിര്‍മിതി നാട്ടില്‍ വലിയ സംസാരമായിരിക്കുകയാണ്. നാലുദിവസം കൊണ്ടായിരുന്നു മുളയും ഓലയും കയറും കൊണ്ട് ഏഴടി നീളവും നാലടി വീതിയുമുള്ള ഏറുമാടത്തിന്റെ പൂര്‍ത്തീകരണം. മുകളില്‍ എത്താനായി മുളയില്‍ത്തന്നെ തീര്‍ത്ത ഏണിയും ഉണ്ട്. മെടഞ്ഞ ഓലയിലാണ് മേല്‍ക്കൂര തീര്‍ത്തിരിക്കുന്നത്.

കൊച്ചുമക്കളുടെ ആഗ്രഹം സഫലീകരിക്കാന്‍ അമ്മൂമ്മ ശാന്തയാണ് ഓലമെടഞ്ഞ് നല്‍കിയത്. അടുത്തടുത്തായുള്ള നാല് മരങ്ങളുമായി ബന്ധിപ്പിച്ചാണ് ഏറുമാടം നിര്‍മിച്ചിരിക്കുന്നത്.

അടിവശം കെട്ടിയതിനുശേഷം ഇവിടെ കപ്പികെട്ടിയാണ് താഴെനിന്ന് ഓലയും മുളയും മുകളിലേക്ക് കൊണ്ടുവന്ന് പണി പൂര്‍ത്തീകരിച്ചത്. കലവൂര്‍ ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് കലവൂര്‍ ഉണ്ടാച്ചംവീട്ടില്‍ സത്യപ്രകാശിന്റെയും സുധയുടെയും മകനാണ് അഗ്‌നിവേശ്.

തന്റെ ശിഷ്യന്റെ കരവിരുതുകണ്ട് അനുമോദിക്കാന്‍ എസ്.പി.സി. ജില്ലാ അസി. നോഡല്‍ ഓഫീസര്‍ കെ.വിജയചന്ദ്രനും നന്മക്കൂട് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എസ്.ബാലകൃഷ്ണനും എത്തിയിരുന്നു.

നിലം ഉഴാന്‍ ഉള്ള കലപ്പ, സൈക്കിളിന്റെ ഭാഗങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കി ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ അഗ്‌നിവേശ് ശ്രദ്ധനേടിയിരുന്നു. കടിയംപള്ളിയില്‍ സതീഷ്‌കുമാറിന്റെയും അനുപമയുടെയും മക്കളായ അമേയ, മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലും അക്ഷയ തമ്പകച്ചുവട് യൂ.പി സ്‌കൂളിലുമാണ് പഠിക്കുന്നത്. ഇവരുടെ സഹോദരനായ അരവിന്ദ് പി.ജി. വിദ്യാര്‍ഥിയാണ്.

Content Highlights: children constructed tree house to tackle lockdown boredom