ഫ്‌ളാറ്റുകള്‍ കാടുമൂടി കിടക്കുന്നത് കണ്ടിട്ടുണ്ടോ? സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് തുറക്കാന്‍ പറ്റാതെ പോയവയായിരിക്കും ഇത്തരത്തില്‍ ശോചനീയ അവസ്ഥയില്‍ ഉണ്ടാവുക. ചൈനയിലെ ചങ്ങ്ടു നഗരത്തിലെ ഖിയി സിറ്റി ഫോറസ്റ്റ് ഗാര്‍ഡന്‍ ഫ്‌ളാറ്റ് സമുച്ചയവും കാട് മൂടി കിടക്കുകയാണ്. പതിനഞ്ച് നിലകളുള്ള കെട്ടിടം വലിയ പ്രതീക്ഷയിലാണ് ഉയര്‍ന്നു പൊങ്ങിയത്.

2018 ല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഗ്രീന്‍ ഹൗസിങ്ങ് പദ്ധതി നടത്തുക എന്ന ഉദ്ദേശത്തോടെ വെര്‍ട്ടിക്കല്‍ ഫോറസ്റ്റിന് രൂപം നല്‍കുകയായിരുന്നു. അംബരചുംബികള്‍ക്ക് ശ്വാസം കിട്ടാനായി വനം എന്ന ഖ്യാതി വേണ്ടുവോളം ഈ പദ്ധതിക്ക് ലഭിച്ചു. 826 അപ്പാര്‍ട്ടുമെന്റുകളുണ്ടെങ്കിലും വളരെ കുറച്ചെണ്ണത്തില്‍ മാത്രമേ ഇവിടെ ഇപ്പോള്‍ താമസക്കാര്‍ ഉള്ളു. ബാക്കിയുള്ളവരെ കൊതുക്ക് തുരത്തി ഓടിച്ചുവെന്ന് വേണം പറയാന്‍.

നഗരത്തില്‍ വിഹരിക്കാനായി ഇഷ്ടം പോലെ ചെടികള്‍ ലഭിച്ചപ്പോള്‍ കൊതുകുകള്‍ ഇവിടെയെത്തി. പല വിദ്യകളും പ്രയോഗിച്ചെങ്കിലും കൊതുകുകള്‍ പിന്മാറാന്‍ ഉദ്ദേശമില്ലാത്തതിനാല്‍ വീട്ടുകാര്‍ വീട് തന്നെ ഉപേക്ഷിച്ച മട്ടാണ്

നിറയെ ചെടികള്‍ ഉള്ള, ഇനിയും ചെടികള്‍ വളര്‍ത്താന്‍ സൗകര്യമുള്ള ബാല്‍ക്കണിയാണ് ഇവിടെയുള്ളത്. താമസക്കാര്‍ കുറയുകയും പരിപാലിക്കാന്‍ ആളില്ലായത് കൊണ്ടും പല അപ്പാര്‍ട്ട്‌മെന്റുകളും കാട് പിടിച്ച നിലയിലാണ്. 

നിവൃത്തിയില്ലാത്തതിനാല്‍ ഇവിടെ പിടിച്ച് നില്‍ക്കുന്നതാണ് ബാക്കിയുള്ള അന്തേവാസികള്‍. പലരും കൊതുകിനെ പേടിച്ച് ബാല്‍ക്കണി തുറക്കാതെ അടച്ചിട്ടിരിക്കുകയാണ്‌. പരിഹാരം കണ്ടെത്തുകയും ആളുകള്‍ താമസത്തിനെത്തുമെന്നും പ്രതീക്ഷിച്ചിരിക്കുകയാണ് അധികൃതര്‍

Content Highlights: Chengdu's Qiyi City Forest Garden