കൊല്ലം : ചിന്നക്കട മേൽപ്പാലത്തിൽനിന്ന്‌ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് നോക്കിയാൽ കാട്ടുവള്ളിച്ചെടികൾ പടർന്നുകയറി നശിച്ചുകൊണ്ടിരിക്കുന്ന ഒരു കെട്ടിടം കാണാം. തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതിയിലും റെയിൽവേയുടെ പൈതൃക കെട്ടിടങ്ങളുടെ പട്ടികയിലുമെല്ലാം ഉൾപ്പെട്ട, നൂറ്റാണ്ടിന്റെ ചരിത്രമുള്ള ചീനക്കൊട്ടാരമാണ് അവഗണനയുടെ ഭാരംപേറി നഗരഹൃദയത്തിലുള്ളത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന റെയിൽവേ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ കെട്ടിടം റെയിൽവേ മ്യൂസിയമാക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. നിർദേശിച്ചിരുന്നു. ഇതിന്റെ സാധ്യതകൾ പരിശോധിക്കാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ചരിത്രത്തിൽ ചീനക്കൊട്ടാരം

1904-ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളാണ് ചീനക്കൊട്ടാരം നിർമിച്ചത്. കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാത വന്നപ്പോൾ കൊല്ലത്തെത്തുന്ന രാജാവിനും കുടുംബത്തിനും വിശ്രമിക്കാനാണ് കൊട്ടാരം നിർമിച്ചത്. സോംബ്രേ ഇഷ്ടികകളാണ് നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഏഴു മുറികളുള്ള കെട്ടിടം പുറംകാഴ്ചയിൽ രണ്ടുനിലയായി തോന്നാമെങ്കിലും ഒരുനിലമാത്രമേയുള്ളൂ. ചൈനയ്ക്കുപുറമേ തനത് കേരള, ബ്രിട്ടീഷ് ശൈലികളും കൊട്ടാരത്തിൽ കാണാം. രാജാവിനു കയറാനുള്ള കോച്ച് കൊട്ടാരത്തിനുമുന്നിൽ വന്നുനിൽക്കുമായിരുന്നത്രേ. ചരിത്രരേഖകളിൽ ചൈനയുമായി കൊട്ടാരത്തിനു ബന്ധമൊന്നുമില്ല. ഗോഥിക് ശൈലിയിലുള്ള ആർച്ചുകളും കൊട്ടാരത്തിന്റെ മുഖ്യ ആകർഷണമാണ്. പണ്ടുമുതലേ റെയിൽവേ കൊട്ടാരമെന്നാണ് അറിയപ്പെട്ടിരുന്നത്.

നടപ്പാകാതെ പൈതൃക മ്യൂസിയം പദ്ധതി

ജില്ലയിൽ പൈതൃക മ്യൂസിയം എന്ന ആവശ്യമുയർന്നപ്പോൾ ആദ്യം ഉയർന്ന പേര് ചീനക്കൊട്ടാരത്തിന്റേതായിരുന്നു. കോർപ്പറേഷൻ പലപ്പോഴും ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും നിലവിൽ കൊട്ടാരം റെയിൽവേയുടെ അധീനതയിലാണ്. പഴയ പ്രതാപത്തിന്റെ നിഴൽപോലും നിലവിലില്ല. സമീപത്തെ കൂറ്റൻ പരസ്യ ബോർഡുകളിലേക്ക് വള്ളിച്ചെടി പടർന്നുകയറാതിരിക്കാൻ കാട്ടിയ ശ്രദ്ധപോലും കൊട്ടാരത്തിന്റെ കാര്യത്തിലുണ്ടായിട്ടില്ല. മുകൾവശത്തെ മേൽക്കൂര മുഴുവനും കാടുമൂടിയിട്ടുണ്ട്. കെട്ടിടത്തിന്റെ പരിസരവും പാഴ്‌ചെടികൾ വളർന്നുനിൽക്കുകയാണ്. നിലവിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തവിധം കൊട്ടാരം അടച്ചിരിക്കുകയാണ്.

സംരക്ഷണത്തിന്റെ പേരിൽ കൊട്ടാരത്തിന്റെ തനത് ഘടനയിൽ മാറ്റം വരുത്തിയുള്ള അനുബന്ധനിർമാണങ്ങൾ ഏറെമുൻപുതന്നെ തുടങ്ങിയിരുന്നു. കെട്ടിടത്തിന്റെ പ്രസക്തി നഷ്ടമായപ്പോൾത്തന്നെ തനതു ശൈലിയിൽനിന്നു വഴിമാറിയുള്ള കൂട്ടിച്ചേർക്കലുകളും അറ്റകുറ്റപ്പണികളും നടന്നു. എന്നാൽ, പെരുമയ്ക്ക് ഒട്ടും ചേരാത്ത കാട്ടിക്കൂട്ടലുകളുടെ ചരിത്രം സമീപകാലത്താണ് തുടങ്ങുന്നത്. ഇതിനുദാഹരണമാണ് ചോർന്നൊലിച്ച മുൻവശത്തെ ഓടുകൾ മാറ്റി ഷീറ്റ് മേഞ്ഞത്.

കൊട്ടാരം സംരക്ഷിത മ്യൂസിയമാക്കാൻ ഇടക്കാലത്ത് കൊല്ലം കോർപ്പറേഷൻ നടത്തിയ ശ്രമങ്ങൾക്ക് റെയിൽവേയുടെ നിസ്സഹകരണമാണ് തിരിച്ചടിയായത്. റെയിൽവേയിൽനിന്ന്‌ കൊട്ടാരം വിട്ടുകിട്ടാൻ കോർപ്പറേഷൻ പ്രമേയം പാസാക്കിയിരുന്നു. 2018-ലെ ബജറ്റിൽ നഗരസഭ 30 ലക്ഷം രൂപ ഇതിനായി നീക്കിവെച്ചു. മ്യൂസിയം നിർമിക്കാനായി കൊട്ടാരത്തിന്റെ സംരക്ഷണച്ചുമതല വിട്ടുനൽകണമെന്ന് നഗരസഭ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും റെയിൽവേ പ്രതികരിച്ചില്ല. തുടർന്ന് റെയിൽവേ മന്ത്രിയെ നേരിൽക്കണ്ട് ആവശ്യം ബോധിപ്പിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. അതും തീരുമാനം മാത്രമായി ഒതുങ്ങി.

തിരുവിതാംകൂർ രാജാവിന്റെ വിശ്രമവസതിയും കാലക്രമത്തിൽ മധുര ഡിവിഷന്റെ സബ് കൺട്രോൾ ഓഫീസുമായിരുന്നു ഈ കെട്ടിടം. തിരുവനന്തപുരത്തേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള ഡിവിഷണൽ സ്റ്റോറും പിന്നീട് ഗോഡൗണുമൊക്കെയായ കൊട്ടാരം നിലവിൽ കാടുകയറി വെറുതേ കിടക്കുകയാണ്.

Content Highlights: cheena kottaram, cheena kottaram kollam ,traditional kerala house