വളാഞ്ചേരി: സന്നദ്ധസേവനകൂട്ടായ്മയായ ചെഗുവേര കള്‍ച്ചറല്‍ ഫോറം പത്താംവാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഭവനപദ്ധതിയായ സ്വപ്നക്കൂടിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ ഇരിമ്പിളിയം ആലംകൂട്ടത്തെ നിര്‍ധനകുടുംബത്തിന് നിര്‍മിച്ചുകൊടുക്കുന്ന വീടിനാണ് തറക്കല്ലിട്ടത്. 

സിനിമാസംവിധായകന്‍ ലാല്‍ജോസും തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറവും ചേര്‍ന്ന് ശിലയിട്ടു. അഞ്ചുമാസത്തിനുള്ളില്‍ അവകാശികള്‍ക്ക് ഒഴിഞ്ഞുകൊടുക്കേണ്ട വീട്ടില്‍ താമസിക്കുന്ന പദ്മാവതിയമ്മയും ഡിഗ്രിക്ക് പഠിക്കുന്ന മകളുമടങ്ങുന്ന കുടുംബത്തിനാണ് വീട് നിര്‍മിക്കുന്നത്. ആക്ട് ഓണ്‍ ചെയര്‍മാന്‍ ഡോ. എന്‍.എം. മുജീബ്‌റഹ്മാന്‍, ചെഗുവേര ഫോറം ഗ്രൂപ്പ് ചെയര്‍മാന്‍ ലത്തീഫ് കുറ്റിപ്പുറം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉമ്മുകുല്‍സു, അംഗം റജുല, ഡോ. എന്‍. മുഹമ്മദാലി, പി. മാനവേന്ദ്രനാഥ്, രാധാമണി ഐങ്കലത്ത്, കെ.പി.എ. സത്താര്‍, ചെഗുവേര ഭാരവാഹികളായ വി.പി.എം. സാലിഹ്, വെസ്റ്റേണ്‍ പ്രഭാകരന്‍, അസീസ് പാണ്ടികശാല തുടങ്ങിയവരും പ്രദേശവാസികളും സംബന്ധിച്ചു.

അര്‍ഹതപ്പെട്ട പത്ത് കുടുബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന പദ്ധതിയാണ് ചെഗുവേരയുടെ സ്വപ്നക്കൂട് ഭവനപദ്ധതി. അഞ്ച് വീടുകള്‍ വാസയോഗ്യമാക്കുകയും ചെയ്യും.

Content Highlights: che guevara house project