ബ്യൂണസ് ഐറിസ്: ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവനായകന്‍ ഏണസ്റ്റോ ചെഗുവേരയുടെ അര്‍ജന്റീനയിലെ റൊസാരിയോയിലെ ജന്മഗൃഹം വില്‍പ്പനയ്ക്ക്. 2002-ലാണ് നിലവിലെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ ഈ വീട് സ്വന്തമാക്കുന്നത്. സിറ്റിസെന്ററില്‍ 2580 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിയോ-ക്ലാസിക്കല്‍ ശൈലിയിലുള്ളതാണ് കെട്ടിടം.
വിപ്ലവസ്മരണകളുറങ്ങുന്ന വീട് സാംസ്‌കാരിക കേന്ദ്രമാക്കാനായിരുന്നു അന്ന് ഫറുഗിയ ഉദ്ദേശിച്ചത്. എന്നാല്‍, പലകാരണങ്ങളാല്‍ അത് നടന്നില്ല. എന്തുവിലയ്ക്കാണ് കെട്ടിടം വില്‍ക്കുകയെന്ന് അര്‍ജന്റീനിയന്‍ വ്യവസായി വെളിപ്പെടുത്തിയിട്ടില്ല.
ഉര്‍കൈ്വസ് തെരുവിനും എന്‍ട്രെ റയോസിനും ഇടയില്‍ നിലകൊള്ളുന്ന കെട്ടിടം വര്‍ഷങ്ങളായി ഒട്ടേറെ സന്ദര്‍ശകരെയാണ് സ്വീകരിച്ചുവരുന്നത്. യുറഗ്വായ്യുടെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ മക്കള്‍ തുടങ്ങിയവരും അതില്‍പ്പെടും. എന്നാല്‍, സന്ദര്‍ശകരില്‍ ഏറ്റവും പ്രമുഖന്‍ തെക്കേ അമേരിക്കയിലൂടെ 1950-കളില്‍ ചെഗുവേര നടത്തിയ മോട്ടോര്‍സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസാണ്.
1928-ല്‍ സമ്പന്ന കുടുംബത്തിലാണ് ചെഗുവേരയുടെ ജനനം. തെക്കേ അമേരിക്കയിലെ ദാരിദ്ര്യവും പട്ടിണിയും നേരിട്ടുകണ്ടതാണ് അദ്ദേഹത്തിന്റെ മനംമാറ്റിയത്. 1953-'59-ലെ ക്യൂബന്‍ വിപ്ലവത്തില്‍ അദ്ദേഹം പങ്കുവഹിച്ചു. ഏകാധിപതി ഫുള്‍ജെന്‍സിയൊ ബാറ്റിസ്റ്റയെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ വിപ്ലവമാണ്. തുടര്‍ന്ന് തെക്കേഅമേരിക്കന്‍ രാജ്യങ്ങളിലും മറ്റ് വികസ്വരരാജ്യങ്ങളിലും വിപ്ലവവീര്യം പകരാനായിരുന്നു ശ്രമം. ക്യൂബയില്‍നിന്ന് ബൊളീവിയയിലെത്തി റെനെ ബാരിന്റോസ് ഒര്‍ടുനോ സര്‍ക്കാരിനെതിരേ പോരാട്ടം സംഘടിപ്പിച്ചു. യു.എസിന്റെ സഹായത്തോടെ ബൊളീവിയന്‍ സൈന്യം ചെഗുവേരയെയും അവശേഷിച്ച സഹായികളെയും പിടികൂടി. 1967- ഒക്ടോബര്‍ ഒമ്പതിന് ലാ ഹിഗ്വേര ഗ്രാമത്തില്‍വെച്ച് അദ്ദേഹത്തെ തൂക്കിക്കൊല്ലുകയും ചെയ്തു.
Content Highlights: che guevara birthplace put up for sale