നിയുള്ള കാലത്ത് വീടുകള്‍ നിര്‍മിക്കുമ്പോള്‍ പ്രധാന പരിഗണനയിലെടുക്കേണ്ട കാര്യങ്ങളിലൊന്ന് പ്രളയത്തെ അതിജീവിക്കും വിധത്തില്‍ എങ്ങനെ ഡിസൈന്‍ ചെയ്യാം എന്നതാണ്. ലക്ഷങ്ങളും കോടികളും മുടക്കി നിര്‍മിച്ച കൊട്ടാരങ്ങള്‍ പോലും മണ്ണില്‍ തകര്‍ന്നടിഞ്ഞ കാഴ്ച്ചകളാണ് കണ്ടത്. പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വീട് നിര്‍മിക്കുമ്പോള്‍ കൂടുതല്‍ കരുതല്‍ നല്‍കേണ്ടതുണ്ട്. കഴിഞ്ഞ പ്രളയത്തിനു ശേഷം കെയര്‍ഹോം പദ്ധതി പ്രകാരം സഹകരണവകുപ്പ് നിര്‍മിക്കുന്ന വീടുകളൊക്കെയും പ്രളയത്തെ അതിജീവിക്കാന്‍ ശേഷിയുള്ളവയാണ്. അത്തരത്തിലൊരു വീടാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലാകുന്നതും. 

ചെറുതന ചെറുവള്ളിത്തറയിലെ ഗോപാലകൃഷ്ണന്‍ എന്നയാളുടെ വീടാണ് പ്രളയത്തെയും അതിജീവിച്ച് സമൂഹമാധ്യമത്തില്‍ നിറയുന്നത്. കഴിഞ്ഞ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഗോപാലകൃഷ്ണന് കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മിച്ചു നല്‍കിയ വീടാണ് പ്രളയത്തെ തോല്‍പ്പിച്ച് നിലകൊണ്ടത്. ഈ വര്‍ഷത്തെ മഴയിലും ഗോപാലകൃഷ്ണന്റെ വീടിനു സമീപം വെള്ളം കയറിയെങ്കിലും വീടിനകത്തേക്കു കയറാത്ത വിധത്തിലാണ് നിര്‍മാണം. പ്രളയാനന്തരം കെയര്‍ഹോം പദ്ധതി പ്രകാരം ആലപ്പുഴയിലും പത്തനംതിട്ടയിലും നിര്‍മിച്ച പല വീടുകളും ഇത്തരത്തില്‍ ശേഷിയുള്ളവയാണ്. കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ഫെയ്​സ്ബുക്ക് പേജിലും ഗോപാലകൃഷ്ണന്റെ വീട് നിറഞ്ഞുനില്‍ക്കുകയാണ്.

​ഫെയ്​സ്ബുക്ക് കുറിപ്പിലേക്ക്...

ചെറുതന ചെറുവള്ളിത്തറയില്‍ ശ്രീ.ഗോപാലകൃഷ്ണന്റെ വീടാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീട് നഷ്ടമായ ഗോപാലകൃഷ്ണനും കുടുംബത്തിനും സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതി പ്രകാരം വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു. ഇനിയൊരു പ്രളയമോ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ അതിനെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ളതാകണം കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന ബഹു: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ ഉയര്‍ത്തി നിര്‍മിക്കുന്നത്. ഇപ്പോഴത്തെ മഴയിലും ഗോപാലകൃഷ്ണന്റെ വീടിനു സമീപം വെള്ളം കയറി. പക്ഷെ ഗോപാലകൃഷ്ണനും കുടുംബവും അവരുടെ സ്വന്തം വീട്ടില്‍ സുരക്ഷിതരാണ്. ഇത് ഒരു ഗോപാലകൃഷ്ണന്റെ മാത്രം കഥയല്ല. പത്തനംതിട്ട- ആലപ്പുഴ ജില്ലകളില്‍ നിരവധി വീടുകളാണ് ഇത്തരത്തില്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്.

കെയര്‍ ഹോം പദ്ധതി പ്രകാരം സഹകരണ വകുപ്പ് നിര്‍മിച്ചു നല്‍കുന്ന 2040 വീടുകളില്‍ 1800ഓളം വീടുകള്‍ ഇതുവരെ നിര്‍മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. കെയര്‍ ഹോം രണ്ടാം ഘട്ടമായി കഴിഞ്ഞ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്കായി 2000 ഫ്ലാറ്റുകള്‍ നിര്‍മിച്ചു നല്‍കുവാനുള്ള പദ്ധതിയും സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു വരികയാണ്.

കേരളത്തിന്റെ പുനര്‍നിര്‍മാണം വെറുതെയങ്ങ് നടത്തുകയല്ല കേരള സര്‍ക്കാര്‍. ഇനി ഒരു ദുരന്തത്തെ കൂടി നേരിടാന്‍ പ്രാപ്തമാക്കിക്കൊണ്ടാണ് കേരളത്തിന്റെ പുനര്‍നിര്‍മാണം നടത്തുന്നത്.

Content Highlights: care home project house kerala flood 2019