ഒരു വീട് സ്വന്തമാക്കാന്‍ പോകുംമുമ്പ് അടിസ്ഥാനമായി കയ്യിലുണ്ടാകേണ്ട കാര്യം പണമാണ്. പുതിയ വീട് വെക്കാന്‍ ആയാലും പണിപൂര്‍ത്തിയാക്കിയ വീട് വിലയ്ക്കു വാങ്ങാനാണെങ്കിലും പണംകൂടിയേ തീരൂ. ഒരു കത്തെഴുതി വീട് സ്വന്തമാക്കാം എന്നു കേട്ടിട്ടുണ്ടോ? വിശ്വസിക്കാന്‍ അല്പം പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്.
കാനഡയില്‍ നിന്നാണ് ഈ അപൂര്‍വ വാര്‍ത്ത പുറത്തു വരുന്നത്. കാല്‍ഗറി നഗരത്തിലുള്ള വീട് വില്പനയ്ക്കു വച്ചിരിക്കുന്ന അല്ല വാഗ്നര്‍ എന്ന യുവതിയുടെ ഒരേയൊരു നിബന്ധന കേട്ടു ഞെട്ടിയിരിക്കുകയാണ് പലരും. മൂന്നു ബെഡ്റൂമുകളുള്ള വീട് സ്വന്തമാക്കാനാണ് കത്തെഴുത്തു മത്സരം അല്ല സംഘടിപ്പിച്ചിരിക്കുന്നത്.
പ്രവേശന ഫീസായ ആയിരത്തിമുന്നൂറോളം രൂപ കെട്ടിയതിനു ശേഷമേ മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. ഈ വീട്ടിലേക്ക് മാറേണ്ടതിന്റെ ആവശ്യകത എന്തെന്നു വ്യക്തമാക്കിയുള്ള നീണ്ട കത്താണ് എഴുതേണ്ടത്. ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് താന്‍ ആ വീട് വില്‍ക്കുന്നതെന്നാണ് അല്ലയുടെ വാദം.
'കത്തെഴുതൂ, വീട് സ്വന്തമാക്കൂ' എന്ന ടാഗ്ലൈനോടെ ആരംഭിച്ചിരിക്കുന്ന മല്‍സരത്തില്‍ വിജയിച്ചാല്‍ ഒമ്പതു കോടിയോളം രൂപ വിലയുള്ള വീടാണ് സ്വന്തമാവുക. കലാകാരന്റെ സ്വര്‍ഗം എന്നാണ് തന്റെ വീടിനെ അല്ല വിശേഷിപ്പിക്കുന്നത്. 3850 ചതുരശ്ര അടിയില്‍ പണിത വീട് ജോര്‍ജിയന്‍ കണ്ട്രി സ്റ്റൈലില്‍ ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ഞൂറോളം ഫൈനലിസ്റ്റുകളെ ആദ്യം തീരുമാനിക്കും. ശേഷം ഇവരില്‍ നിന്നാണ് വിജയിയെ വിധികര്‍ത്താക്കളുടെ പാനല്‍ നിര്‍ണയിക്കുക.
മൂന്നുമാസത്തോളം നീണ്ടുനില്‍ക്കുന്നതാണ് മല്‍സരം. നിലവില്‍ ഏപ്രില്‍ വരെയാണ് മത്സര തീയതി നിശ്ചയിച്ചിരിക്കുന്നതെങ്കിലും അറുപതിനായിരം എന്‍ട്രികള്‍ക്കു മുകളില്‍ ലഭിച്ചില്ലെങ്കില്‍ വീണ്ടും തീയതി നീട്ടുന്നതായിരിക്കും. എന്‍ട്രി ഫീസില്‍ നിന്ന് ഒമ്പതു കോടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അല്ല.
എന്‍ട്രികളുടെ എണ്ണം തീരെ കുറവാണെങ്കില്‍ മല്‍സരം ഉപക്ഷേിക്കാനുള്ള അവകാശവും തനിക്കുണ്ടെന്ന് അല്ല പറയുന്നു.
നേരത്തെയും സമാനമായ എഴുത്തു മല്‍സരങ്ങളിലൂടെ പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കുക എന്ന ആശയവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മതിയായ എന്‍ട്രികള്‍ ലഭിക്കാത്തതിന്റെ പേരിലും നിയമപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും അവയില്‍ പലതും പരാജയവുമായിരുന്നു.
Content Highlights: Canadian woman has launched a writing contest for her home