ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊട്ടാരത്തിന്റെ മണ്ഡപക്കെട്ട് പൊളിഞ്ഞുവീണുതുടങ്ങി. കൊട്ടാരം സംരക്ഷിച്ച് പൈതൃകമ്യൂസിയം സ്ഥാപിക്കുന്നതിന് ബജറ്റിൽ മൂന്നുകോടി രൂപ വകയിരുത്തിയെങ്കിലും സംരക്ഷണനടപടികൾ തുടങ്ങാനായിട്ടില്ല. ഒരു മഴക്കാലംകൂടി അതിജീവിക്കാൻ കരുത്തില്ലാത്ത നിലയിലാണിപ്പോൾ മണ്ഡപക്കെട്ടിന്റെ മേൽക്കൂര.

തിരുവിതാംകൂർ രാജവംശത്തിന്റെ അമ്മവീടാണ് ആറ്റിങ്ങൽ. എ.ഡി.1305-ൽ കോലത്തുനാട്ടിൽനിന്ന് വേണാട്ടിലേക്കു ദത്തെടുത്ത രാജകുമാരിമാർക്ക് പാർക്കാൻ വേണ്ടിയാണ് ഇന്നു കാണുന്ന രീതിയിൽ കൊട്ടാരക്കെട്ടുകൾ ആറ്റിങ്ങലിൽ നിർമിച്ചതെന്നാണ് ചരിത്രം.

രാജവംശത്തിന്റെ പരദേവതാസ്ഥാനമായ തിരുവാറാട്ടുകാവുൾപ്പെടെ നാലുക്ഷേത്രങ്ങളും ഇവിടെയുണ്ട്. വർഷംതോറും അരിയിട്ടുവാഴ്ചയുൾപ്പെടെയുള്ള ചടങ്ങുകളും മുറതെറ്റാതെ നടക്കുന്നു. 1721-ലെ അഞ്ചുതെങ്ങ് കലാപത്തിന്റെ കേന്ദ്രബിന്ദുവും ആറ്റിങ്ങൽ കൊട്ടാരമാണ്.

വാമനപുരം നദിക്കരയിലുള്ള പത്തേക്കർ ഭൂമിയിലായിരുന്നു കൊട്ടാരം. ഇപ്പോൾ ഇതിൽ കുറേഭാഗം സ്വകാര്യവ്യക്തികളുടെ കൈവശമാണ്. ക്ഷേത്രസമുച്ചയമുൾപ്പെടുന്ന ഭാഗങ്ങളുടെയെല്ലാം അവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്.

കൊട്ടാരത്തിനുപുറത്ത് രണ്ട് എടുപ്പുകളാണുള്ളത്. ഒന്ന് ആവണിപുരം ശ്രീകൃഷ്ണക്ഷേത്രത്തിലേക്കുള്ള പ്രവേശനവഴിയിലെ ചാവടി എന്നറിയപ്പെടുന്ന ഗോപുരവാതിലാണ്. ചാവടിക്കു സമീപത്തായി ഉയർന്ന സ്ഥലത്താണ് മണ്ഡപക്കെട്ട്.

കേരളീയ വാസ്തുശില്പമാതൃകയിൽ കല്ലും മരവും കൊണ്ട് എട്ടുകെട്ടിന്റെ മാതൃകയിലാണ് മണ്ഡപക്കെട്ട് നിർമിച്ചിട്ടുള്ളത്. കേരളീയ വാസ്തുകലയുടെ മകുടോദാഹരണമാണീ എടുപ്പ്. ഇതാണിപ്പോൾ നാശത്തിന്റെ വക്കിലായിട്ടുള്ളത്.

കൊട്ടരം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.സത്യൻ എം.എൽ.എ. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു കത്ത് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി വിഷയത്തിലിടപെടുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു.

അഞ്ചുതെങ്ങ് കലാപത്തിന്റെ മുന്നൂറാം വാർഷികം പ്രമാണിച്ച് ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിതസ്മാരകമാക്കുന്നതിന് 3 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തു. തുടർനടപടികൾ ഇഴയുന്നതും മണ്ഡപക്കെട്ട് നാൾക്കുനാൾ അപകടാവസ്ഥയിലാകുന്നതും നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പൊളിഞ്ഞുവീഴുന്നത് കാണാൻ വയ്യ

ആറ്റിങ്ങലിന്റെ തലയെടുപ്പാണീ മണ്ഡപക്കെട്ട്. ഇതിന്റെ മുറ്റത്തുകിടന്നാണ് നമ്മളെല്ലാം വളർന്നത്. ഇത് പൊളിഞ്ഞുവീഴുന്നത് കാണാൻ വയ്യ. ഇപ്പോൾത്തന്നെ ഒരുവശം ഒടിഞ്ഞുവീണു. എത്രയും വേഗം ഇത് നന്നാക്കി സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണം.

ബിനോയി, വഞ്ഞുമുട്ടത്തുവീട്, കൊല്ലമ്പുഴ

പ്രാഥമിക നടപടികൾ പൂർത്തിയായി

കൊട്ടാരം പുരാവസ്തുവകുപ്പ് ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായതായാണ് മനസ്സിലാക്കുന്നത്. കെട്ടിടം സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതി ധനവകുപ്പിന്റെ പരിഗണനയിലാണ്. അംഗീകാരം കിട്ടിയാലുടൻ സംരക്ഷണനടപടികൾ ആരംഭിക്കും.

ബി.സത്യൻ- എം.എൽ.എ.

കെട്ടിടങ്ങൾ കൈമാറി

സംരക്ഷിതസ്മാരകമാക്കാൻ തീരുമാനിച്ച എടുപ്പുകളുടെ അവകാശം പുരാവസ്തുവകുപ്പിനു കൈമാറിയിട്ടുണ്ട്. ഭൂമിയുടെ അവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിലനിർത്തിക്കൊണ്ടാണ് എടുപ്പുകൾ കൈമാറിയിട്ടുള്ളത്. മണ്ഡപക്കെട്ടും കോയിക്കൽക്ഷേത്രവുമുൾപ്പെടെ 45 സെന്റിലുള്ള എടുപ്പുകളാണ് കൈമാറിയിട്ടുള്ളത്.

സുരേഷ്-സബ്ഗ്രൂപ്പ് ഓഫീസർ, ദേവസ്വം ബോർഡ്

നടപടികൾ പുരോഗമിക്കുന്നു - പുരാവസ്തുവകുപ്പ്

സംരക്ഷിക്കാനായി ഏറ്റെടുക്കേണ്ട എടുപ്പുകൾ സ്ഥിതിചെയ്യുന്ന ഭൂമിയുടെ സർവേ പൂർത്തിയായി. പ്രാഥമിക പരിശോധന പൂർത്തിയാക്കി. പ്രാഥമികറിപ്പോർട്ട് അംഗീകരിച്ചു. സംരക്ഷിതസ്മാരകമായി പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പ്രഖ്യാപനം വരുന്ന മുറയ്ക്ക് മണ്ഡപക്കെട്ടുകളുൾപ്പെടെയുള്ളവയുടെ ശാസ്ത്രീയസംരക്ഷണം ആലോചിക്കുന്നു. എൻജിനീയറിങ് വിഭാഗം കണക്കെടുപ്പ് നടത്തി ഒരു കോടിരൂപയുടെ പദ്ധതി തയ്യാറാക്കി ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്. അംഗീകാരം കിട്ടിയാലുടൻ കെട്ടിടത്തിന്റെ ശാസ്ത്രീയ സംരക്ഷണവും തുടർന്ന് ചരിത്രമ്യൂസിയത്തിന്റെ നിർമാണവും നടത്തും.

Content Highlights: Can Attingal Palace be preserved before it collapses