കെട്ടിട നിര്‍മാണത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ത്രീഡി പ്രിന്റിംഗ്. ചെലവുകുറഞ്ഞ നിര്‍മാണ രീതിയും സമയം കുറച്ചു മതി എന്നതുമാണ് ആധുനിക ലോകം ഇതിനെ കൈനീട്ടി സ്വീകരിക്കാനുള്ള പ്രധാന കാരണം. ത്രീഡി പ്രിന്റിങ്ങിലൂടെ മാത്രം നിര്‍മ്മിച്ച വീടുകളുമായി ലോകത്തിലെ ആദ്യത്തെ റെസിഡന്‍ഷ്യല്‍ ഏരിയ ഒരുങ്ങുകയാണ് കാലിഫോര്‍ണിയയില്‍. 

അഞ്ചേക്കര്‍ സ്ഥലത്ത് പതിനഞ്ച് വീടുകള്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ നിര്‍മാണം. ഒരു വര്‍ഷത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് നിര്‍മ്മാതാക്കളായ മൈറ്റി ബില്‍ഡിങ്ങ്‌സ് അറിയിക്കുന്നത്. 

1,450 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റ നിലയിലാണ് വീടുകള്‍ നിര്‍മിക്കുക. എന്നാല്‍ മുറികളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാവും. മൂന്ന് ബെഡ്‌റൂം രണ്ട് ബാത്ത്‌റൂം എന്നിവ ഉള്‍പ്പെട്ട് വീടുകളും രണ്ട് ബെഡ്‌റൂം ഒരു ബാത്ത്‌റൂം വീടുകളും പണിയാനാണ് മൈറ്റി ബില്‍ഡേഴ്‌സിന്റെ തീരുമാനം. 

ആധുനിക വാസ്തുവിദ്യാ ശൈലികള്‍ ഉള്‍ക്കൊള്ളിച്ചാവും നിര്‍മാണം. വീടുകളുടെ തറ മുതല്‍ സീലിംഗ് വരെ എത്തുന്ന വിധത്തിലുള്ള വലിയ ജനാലകള്‍ നല്‍കിയാണ് വീട് ഒരുക്കുക. ഓരോ വീടിനും സ്വിമ്മിംഗ് പൂളും വിശ്രമ സ്ഥലവും അടക്കമുള്ള സൗകര്യങ്ങളുള്ള വിശാലമായ മുറ്റവും ഒരുക്കും. വൈദ്യുതി വിതരണത്തിനായി സോളര്‍ പാനലുകള്‍ സ്ഥാപിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. റസിഡന്‍ഷ്യല്‍ ഏരിയയുടെ നിര്‍മാണത്തിന് ആകെ 109 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Content Highlights: California desert to get first 3D-printed residential area