മുംബൈ: ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള കെട്ടിടം മുംബൈയില്‍ നിര്‍മിക്കാന്‍ പദ്ധതി. കേന്ദ്ര ഷിപ്പിങ്, റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈ തുറമുഖട്രസ്റ്റിന്റെ സ്ഥലം വികസിപ്പിച്ചുകൊണ്ടായിരിക്കും സ്വപ്നപദ്ധതി നടപ്പാക്കുക. 

'തുറമുഖമടക്കമുള്ള സ്ഥലമാണ് വികസനത്തിനായി ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ വിശദവിവരം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇനി അംഗീകാരം മാത്രം ലഭിച്ചാല്‍മതി. സ്വകാര്യ കെട്ടിടനിര്‍മാതാക്കള്‍ക്കൊന്നും ഈ ഭൂമി വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.' ഗഡ്കരി പറഞ്ഞു. 

163 നിലകളുള്ള കെട്ടിടമാണ് ബുര്‍ജ് ഖലീഫ. ഇതിനേക്കാള്‍ ഉയരമുള്ള കെട്ടിടമാവും മുംബൈയുടെ ഹൃദയഭാഗത്ത് ഉയരുക. 500 ഹെക്ടര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. തുറമുഖപ്രവര്‍ത്തനങ്ങള്‍ കൂടാതെ വ്യാപാരസ്ഥാപനങ്ങള്‍, വിവിധ ഓഫീസുകള്‍, വിനോദകേന്ദ്രങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയെല്ലാം ഇതിലുണ്ടാകും.മസ്ഗാവ് ഡോക്ക് മുതല്‍ വഡാലവരെയുള്ള ഏഴ് കിലോമീറ്റര്‍ സ്ഥലത്തായിരിക്കും  പദ്ധതി വരിക. നിലവിലുള്ള മറൈന്‍ ഡ്രൈവിനേക്കാള്‍ മൂന്നിരട്ടി വലിപ്പമുണ്ടാകും പുതിയ മറൈന്‍ ഡ്രൈവിന്. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും അടിസ്ഥാന രൂപകല്‍പ്പനയ്ക്കും കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളില്‍നിന്ന് ആഗോള ടെന്‍ഡര്‍ വിളിച്ചുകഴിഞ്ഞു. 

മുംബൈയില്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ളത് തുറമുഖട്രസ്റ്റിനാണ്. ദക്ഷിണ മുംബൈയിലെ കടലോരമേഖലയില്‍ നല്ലൊരു ശതമാനം അവരുടെ കീഴിലാണ്. താജ് ഹോട്ടല്‍, അതിപുരാതന കെട്ടിടങ്ങള്‍ പരന്നുകിടക്കുന്ന ബല്ലാര്‍ഡ് എസ്റ്റേറ്റ്, റിലയന്‍സ് ബില്‍ഡിങ് തുടങ്ങിയവയെല്ലാം തുറമുഖട്രസ്റ്റിന്റെ ഭൂമിയിലാണ് കിടക്കുന്നത്. ഉപയോഗിക്കാതെകിടക്കുന്ന നല്ലൊരു ശതമാനം ഭൂമി വേറെയുമുണ്ട്. ഇതിലാണ് പുതിയ നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നത്. 

മുംബൈ മാതൃകയില്‍ രാജ്യത്തെ മറ്റു തുറമുഖങ്ങളും വികസിപ്പിക്കാന്‍ ഷിപ്പിങ് വകുപ്പിന് പരിപാടിയുണ്ട്. കൊല്‍ക്കത്ത തുറമുഖവും വികസനപരിപാടികളുമായി മുന്നോട്ടുപോകുകയാണ്. കാണ്ട്‌ല തുറമുഖത്ത് ഒരു സ്മാര്‍ട്ട് സിറ്റി പണിയാന്‍ ഉദ്ദേശ്യമുണ്ടെന്നും ഗഡ്കരി പറഞ്ഞു.

രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ക്കു കീഴില്‍ ഒരു ലക്ഷം ഹെക്ടര്‍ ഭൂമിയാണുള്ളത്. അതിനാല്‍ പുതിയ വികസന പദ്ധതികള്‍ക്ക് സ്ഥലം ലഭിക്കുക എന്നത് പ്രശ്‌നമാകാനിടയില്ല. തുറമുഖ വികസനവുമായി ബന്ധപ്പെട്ടുള്ള 'സാഗര്‍മാല'യ്ക്കായി സര്‍ക്കാര്‍ 14 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.