വീട് പണിയുമ്പോള്‍ അത് മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എങ്കില്‍ അത് ബബിള്‍ ഹൗസായാലോ. കുറച്ചധികം ഗോളങ്ങള്‍ ചേര്‍ത്തുവച്ചത് പോലെ വ്യത്യസ്തമായ ആകൃതിയിലുള്ള  ഈ വീട് ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലാണുള്ളത്. അടുത്തിടയ്ക്ക് ഈ വീട് വില്പനയ്ക്ക് വച്ചതോടെയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റിയത്. 1.5 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് ഈ വീടിന്റെ വിപണി വില. 

home

ഓസ്‌ട്രേലിയന്‍ ആര്‍ക്കിടെക്ടായ ഗ്രഹാം ബിര്‍ച്ചാളാണ് 1980 ല്‍ ഈ വീട് നിര്‍മ്മിച്ചത്. 37 വര്‍ഷത്തോളെ ഗ്രഹാം ഈ വീട്ടിലാണ് താമസിച്ചത്. തന്റെ കൊച്ചു മക്കള്‍ക്കൊപ്പം ജീവിക്കാനാണ് ഗ്രഹാം ഈ വീട് ഇപ്പോള്‍ വില്‍പനയ്ക്കു വച്ചത്. 

home

പത്തു വര്‍ഷം വേണ്ടി വന്നു നിര്‍മ്മാണം പൂര്‍ത്തിയാവാന്‍. മൂന്നരലക്ഷത്തോളം കമ്പികള്‍ വീട് നിര്‍മിക്കാനായി വേണ്ടിവന്നു. മൂന്നു നിലകളുള്ള വീടാണ് ഇതെങ്കിലും പുറമേനിന്ന്  ഒറ്റനോട്ടത്തില്‍  എത്ര നിലകളുണ്ട് എന്നുപോലും തിരിച്ചറിയാനാവില്ല. 1,050 സ്‌ക്വയര്‍ മീറ്റര്‍ ഫ്‌ളോറില്‍ 20 മുറികളോടെയാണ് ഈ വ്യത്യസ്തമായ വീട് നിര്‍മിച്ചിരിക്കുന്നത്. 

home

ടണലിന്റെ ആകൃതിയിലാണ് വീടിന്റെ പ്രവേശന കവാടം. നാസയുടെ മാര്‍സ് റോവറില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച രണ്ട് ജനാലകളാണ് വീട്ടിലെ പ്രധാന ആകര്‍ഷണം. സ്വീകരണമുറി, വിശ്രമമുറി,  കിടപ്പുമുറികള്‍,  അടുക്കള എന്നിവയ്ക്കുപുറമേ രണ്ട് ലൈബ്രറികള്‍, ബാര്‍, സ്പാ, വൈന്‍ നിലവറ, ഓഫീസ് സ്‌പേസ് എന്റര്‍ടെയിന്‍മെന്റ്  റൂം  തുടങ്ങിയ സൗകര്യങ്ങളും ബബിള്‍ ഹൗസില്‍ ഒരുക്കിയിട്ടുണ്ട്.

റെയിന്‍ ബാത്തിനുള്ള സൗകര്യം, വിശാലമായ ടെറസ്, നാലു കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ഗ്യാരേജ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 1.2 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ  വീട്ടില്‍ വാട്ടര്‍ ഫൗണ്ടന്‍ , വുഡ് ബര്‍ണര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Bubble house in Australia that has been put for sale on the market