ഒരു വസ്ത്രത്തോടോ വാഹനത്തോടോ ഒക്കെ ഇഷ്ടം തോന്നിയാല്‍പിന്നെ അതു വാങ്ങിക്കഴിഞ്ഞാലേ മനസ്സിനു തൃപ്തിയാകൂ എന്നു പറയുന്നവരുണ്ട്. എന്നുകരുതി ഒരു ഹോട്ടലില്‍ രണ്ടുദിവസം താമസിച്ച് ഇഷ്ടപ്പെട്ടാല്‍ ആ ഹോട്ടല്‍ വിലയ്ക്കു വാങ്ങാന്‍ കഴിയുമോ എന്നു ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ അങ്ങനെയും ചിലരുണ്ട് എന്നു വ്യക്തമാക്കുന്നതാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നൊരു വാര്‍ത്ത. സംഗതി മറ്റൊന്നുമല്ല ഒരു ദമ്പതികള്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയി, ഹണിമൂണിനിടെ താമസിച്ച ഹോട്ടല്‍ വിലയ്ക്കും വാങ്ങിയിരിക്കുകയാണ്.

ശ്രീലങ്കയിലെ ഒരു ഹോട്ടലില്‍ ഹണിമൂണ്‍ ആഘോഷിക്കാനായി എത്തിയതായിരുന്നു ലണ്ടന്‍ സ്വദേശികളായ മുപ്പത്തിമൂന്നുകാരിയായ ജീനാ ലിയോണ്‍സും മുപ്പത്തിയഞ്ചുകാരനായ മാര്‍ക്ക് ലീയും. 2017 ജൂണിലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ഡിസംബറില്‍ ശ്രീലങ്കയിലേക്കു ഹണിമൂണിനായി പറക്കുകയും ചെയ്തു. ശ്രീലങ്കയില്‍ ബീച്ചിനു സമീപമുള്ള ഒരു ഹോട്ടലിലാണ് ഇരുവരും തങ്ങിയത്. 

ഇതിനിടെ ഹോട്ടലിലെ സ്റ്റാഫുമായി സൗഹൃദത്തിലായ ഇവര്‍ ഹോട്ടല്‍ വില്‍ക്കാനുള്ള തീരുമാനത്തിലാണെന്ന കാര്യം അറിയുകയായിരുന്നു. അല്‍പം മദ്യം കഴിച്ച ആവേശത്തിലായതിനാലും ഇരുവരും തെല്ലും ചിന്തിക്കാതെ തന്നെ തീരുമാനമെടുത്തു, ആ ഹോട്ടല്‍ അങ്ങു വിലയ്‌ക്കെടുക്കാമെന്ന്.

കാഴ്ച്ചയില്‍ കുറച്ചു ചീപ് ആണെന്നു തോന്നുന്ന ഹോട്ടലാണെങ്കിലും ബീച്ചിനു സമീപമാണെന്നതും ഒപ്പം ഹോട്ടടിലെ ട്രീ ഹൗസുമൊക്കെ ഇരുവരെയും ആകര്‍ഷിച്ച ഘടകങ്ങളായിരുന്നു. മദ്യം കെട്ടിറങ്ങിക്കഴിഞ്ഞപ്പോഴും ഇരുവരുടെയും തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല. 

പിന്നീട് ഹോട്ടല്‍ സ്വന്തമാക്കിയ ദമ്പതികള്‍ അതിന്റെ പേരുമാറ്റി 'ലക്കി ബീച്ച് ടങ്കാലേ' എന്നാക്കി. ഇന്ന് ഹോട്ടല്‍ വാങ്ങി ഒരുവര്‍ഷത്തിനിപ്പുറം നില്‍ക്കുമ്പോള്‍ ആ തീരുമാനത്തില്‍ ഒരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ലെന്ന് പറയുകയാണ് ഇവര്‍. 

തുടക്കത്തില്‍ തീരുമാനത്തെക്കുറിച്ച് അല്‍പം ആശയക്കുഴപ്പം ഉണ്ടായിരുന്നുവെങ്കിലും മാസങ്ങളോളമുള്ള കഠിന ശ്രമത്തിലൂടെ ഏഴുബെഡ്‌റൂമുകളുള്ള ഹോട്ടല്‍ പുതുക്കിപ്പണിയുക തന്നെ ചെയ്തു. ജൂലൈ അവസാനമായതോടെ ഹോട്ടലിനെ പുതുമോടികളോടെ തുറക്കുകയും ചെയ്തു. ഉപഭോക്താക്കളില്‍ നിന്ന് ഇതിനകം തന്നെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് ഇരുവരും പറയുന്നു.

Content Highlights: British couple gets drunk, buys beach hotel in Sri Lanka