ഇന്ത്യയിലെ താജ്മഹലുമായി ഈ വീടിന് രൂപകല്‍പനയിലോ ശൈലിയിലോ സാമ്യമൊന്നുമില്ല. എന്നാല്‍, മറ്റൊരുകാര്യത്തിലുണ്ട്. ഭാര്യയോടുള്ള സ്‌നേഹത്തെ പ്രതി കെട്ടിപ്പടുത്തതാണ് ഈ വീട്. താജ്മഹല്‍ പോലെ മറ്റൊരു സ്‌നേഹകൂടാരം.

72-കാരനായ ബോസ്‌നിയന്‍ സ്വദേശിയായ വോജിന്‍ കുസിക് തന്റെ ഭാര്യയുടെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയാണ് ഈ വീട് പണിതത്. ഭാര്യ ജൂബിക്കയുടെ ആഗ്രഹം പോലെ ഭിത്തിയ്ക്ക് പച്ചനിറമുള്ള പെയിന്റു നല്‍കുകയും ചുവന്ന നിറമുള്ള മേല്‍ക്കൂര നിര്‍മിക്കുകയും ചെയ്തു.

'എനിക്ക് പ്രായമായതോടെ മക്കള്‍ കുടുംബ ബിസിനസിന്റെ ഉത്തരവാദിത്വം ഏറ്റെത്തു. ഇതോടെ ധാരാളം സമയം എനിക്ക് ഉണ്ടായിരുന്നു. അങ്ങിനെയാണ് ഭാര്യയുടെ ആഗ്രഹപ്രകാരം പുതിയ വീട് പണിതത്'-കുസിക് പറഞ്ഞു.

വിവാഹം കഴിഞ്ഞ ഉടനെ കുസിക്കും ജൂബിക്കയും പുതിയ വീട് പണിതിരുന്നു. എന്നാല്‍, വീടിന്റെ ഡിസൈനില്‍ ജൂബിക്ക തൃപ്തയായിരുന്നില്ല. ആദ്യം കിടപ്പുമുറികള്‍ കിഴക്ക് ദിക്കിന് അഭിമുഖമായി പണിതു. എന്നാല്‍, ലിവിങ് ഏരിയ വീടിനു മുന്നിലുള്ള വഴിക്ക് അഭിമുഖമായിരുന്നില്ല. വീടിന്റെ മുറ്റത്ത് എത്തുന്നവരെ വീടിനുള്ളില്‍നിന്ന് കാണാന്‍ കഴിയുന്നില്ലെന്ന് ജൂബിക്ക പരാതിപ്പെട്ടു തുടങ്ങി. 

പിന്നീട്, രണ്ട് കിടപ്പുമുറികള്‍ക്കിടയിലെ ഭിത്തി വേര്‍പ്പെടുത്തി ലിവിങ് ഏരിയ ആക്കി. ഇവിടെയുള്ള മുഴുവന്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകളും മാറ്റി സ്ഥാപിക്കേണ്ടി വന്നു. ഇത് ദുഷ്‌കരമായ ഒന്നായിരുന്നു. എന്നാല്‍, ഞാനിത് അവള്‍ക്കുവേണ്ടി ചെയ്യുകയായിരുന്നു-കുസിക് പറഞ്ഞു.

ഇവരുടെ ഒരു മകന്‍ വിവാഹം കഴിച്ചതോടെ വീടിനു വീണ്ടും മാറ്റം വരുത്തേണ്ടതായി വന്നു. മകന്‍ വീടിന്റെ മുകളിലത്തെ നിലയില്‍ താമസം തുടങ്ങിയതോടെ കുസിക്കും ഭാര്യയും താഴത്തെ നിലയിലേക്ക് താമസം മാറ്റി. 

താഴത്തെ നിലയിലേക്ക് താമസം മാറ്റുമ്പോള്‍ ഭാര്യയുടെ ആഗ്രഹത്തിന് വിരുദ്ധമാകുമെന്ന് മനസ്സിലാക്കിയ കുസിക് പുതിയ കറങ്ങുന്ന വീട് നിര്‍മിച്ചു. 'ഇതാകുമ്പോള്‍ അവള്‍ക്ക് ഇഷ്ടമുള്ളതനുസരിച്ച് മാറ്റാമല്ലോ'-കുസിക് പറഞ്ഞു.

ഈ വീട് ഡിസൈന്‍ ചെയ്തതും മുഴുവന്‍ പണികള്‍ചെയ്തതും കുസിക് തനിച്ചാണ്. ഇലക്ട്രിക് മോട്ടോറുകളും പഴയ മിലിട്ടറി വാഹനത്തിന്റെ ചക്രങ്ങളുമുപയോഗിച്ചാണ് കറങ്ങുന്ന വീട് അദ്ദേഹം പണിതത്. 'വീടിന്റെ മുന്‍വശത്തെ വാതിലും കറങ്ങുന്നവിധത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭാര്യയ്ക്ക് ഇഷ്ടമില്ലാത്ത അതിഥികളാരെങ്കിലും വന്നാല്‍ അവള്‍ക്ക് വീട് കറക്കാന്‍ കഴിയും. അപ്പോള്‍ അതിഥികള്‍ ഓടി പൊയ്‌ക്കോളും'-തമാശയായി കുസിക് പറഞ്ഞു.

Content highlights: bosnian man builds monument of love for his wife