ദ്യമായി സ്വന്തമാക്കുന്നതിനോട് പ്രത്യേക മമതയുണ്ടാവും എല്ലാവർക്കും. വീടായാലും വണ്ടിയായാലും ഫോണായാലും ആദ്യത്തേത് എന്നും പ്രിയമാവും. ഇത്തരത്തിൽ സ്വന്തം വീട് പണിതപ്പോഴും ആദ്യമായി സ്വന്തമാക്കിയ കാറിനെ മറക്കാതിരുന്ന ഒരാളാണ് ശ്രദ്ധേയമാവുന്നത്. വീടിന്റെ മേൽക്കൂരയിൽ കാറിന്റെ രൂപത്തിലുള്ള വാട്ടർ ടാങ്ക് നിർമിച്ചാണ് കക്ഷി വ്യത്യസ്തനായിരിക്കുന്നത്. 

ബിഹാർ സ്വദേശിയായ ഇന്തസാർ ആലം ആണ് വീട് പണിതപ്പോൾ തന്റെ പ്രിയപ്പെട്ട കാറിനെയും മറക്കാതിരുന്നത്. വീടിന്റെ മേൽക്കൂരയിൽ സാധാരണ വാട്ടർ ടാങ്ക് പണിയുന്നതിനു പകരം കാറിന്റെ രൂപത്തിൽ വലിയൊരെണ്ണം പണിയുകയാണ് കക്ഷി ചെയ്തത്. തന്റെ ആദ്യത്തെ വണ്ടിയായ മഹീന്ദ്ര സ്കോർപിയോയോടുള്ള പ്രിയം മൂലമാണ് ഇതെന്ന് ഇന്തസാർ ന്യൂസ് 18നോട് പറഞ്ഞു. യഥാർഥ വണ്ടിയിലെ നമ്പർ പ്ലേറ്റ് സഹിതം വിടാതെയാണ് വാട്ടർ ടാങ്ക് നിർമിച്ചത്. 

ആ​ഗ്രയിലേക്ക് യാത്ര പോയ ഭാര്യയാണ് ഇത്തരത്തിലൊരു ഡിസൈൻ കണ്ട് ഇന്തസാറിനോട് ആശയം പറയുന്നത്. അങ്ങനെ ആ​ഗ്രയിൽ നിന്നു പണിക്കാരെ വരുത്തി തന്റെ ആദ്യത്തെ വാഹനത്തിന്റെ രൂപത്തിൽ വാട്ടർ ടാങ്ക് പണിയുകയായിരുന്നു ഇന്തസാർ. ഇതിനായി 2.5 ലക്ഷം രൂപയാണ് ചെലവായത്. 

വീടിന്റെ മേൽക്കൂരയിൽ മുൻവശത്തായി വഴിയാത്രക്കാർക്കും മറ്റും എളുപ്പത്തിൽ കാണാവുന്ന വിധത്തിലാണ് വാട്ടർ ടാങ്ക് നിർമിച്ചിരിക്കുന്നത്. അടുത്തിടെ ഫോട്ടോ​ഗ്രാഫിയോടുള്ള ഇഷ്ടം മൂത്ത് വീട് ക്യാമറാ രൂപത്തിൽ പണിത വാർത്തയും വൈറലായിരുന്നു. 

Content Highlights: bihar  man builds Scorpio shaped water tank on top of his roof