പന്തളം: അച്ഛന്റെ കൈയിൽനിന്ന് പണം വാങ്ങി ഇഷ്ടമുള്ള തുണിത്തരങ്ങൾ വാങ്ങാനും പഠനേതര ചെലവുകൾ നടത്താനും ഭരതിന് താത്പര്യമില്ല. വിദേശത്ത് പോയി ജോലി സമ്പാദിക്കുന്നതിനേക്കാൾ ഇഷ്ടം നാട്ടിൽ നിന്ന് സ്വന്തമായി ചിലതൊക്കെ ചെയ്യണം എന്ന ആഗ്രഹം. തന്റെ മനസ്സിൽ വിരിയുന്ന നിർമ്മാണമേഖല സമൂഹത്തിന് കാഴ്ചവെയ്ക്കണം. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, അച്ഛന്റെ കൈയിൽനിന്ന്‌ കടമായി വാങ്ങിയ ആയിരം രൂപകൊണ്ട് നിർമ്മാണമേഖലയിലേക്കിറങ്ങി. പഠനത്തിനിടയിൽ കണ്ടെത്തിയ സമയംകൊണ്ട് പഴയ വീടിന്റെ പുനരുദ്ധാരണമുൾപ്പെടെ ചെയ്തുതീർത്തത് പത്തോളം കെട്ടിടങ്ങൾ. ശരാശരി നാലു കോടിയോളം രൂപയുടെ നിർമ്മാണം നിലവിൽ ചെയ്യുന്നു.

പഠനത്തിനൊപ്പം ജോലി ചെയ്ത് മുന്നേറുന്ന വിദ്യാർഥികളുള്ള വിദേശരാജ്യത്തല്ല ഇത്. അടൂർ പെരിങ്ങനാട് ചെറുപുഞ്ച ശ്രീലക്ഷ്മിയിൽ അഡ്വ. എൻ.ടി.ബാബുവിന്റെയും പന്തളം തെക്കേക്കര വില്ലേജോഫീസർ ശുഭാ രവീന്ദ്രന്റെയും മകൻ ഭരത് ബി.നായരുടെ മനസ്സിലുദിച്ച ആശയമാണ് യുവതയ്ക്ക് വെളിച്ചമാകുന്നത്.

പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളേജിൽ നാലാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ് 21 വയസുള്ള ഭരത്. കഴിഞ്ഞ വർഷം കോവിഡ്‌ പടർന്നുപിടിച്ചപ്പോൾ കോളേജിലെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയത് ഭരതിന്റെ ജീവിതത്തിൽ വഴിത്തിരിവായി. അച്ഛൻ നൽകിയ തുകകൊണ്ട് ചട്ടിയും കരണ്ടിയും വാങ്ങി കുറച്ച് തൊഴിലാളികളെയും കൂട്ടി ഫീൽഡിലിറങ്ങുമ്പോൾ ആദ്യം ലഭിച്ചത് പഴയ ഒരു വീടിന്റെ പുനരുദ്ധാരണം. അത് നന്നായി നിർവഹിച്ചപ്പോൾ മനസ്സിന് ആത്മവിശ്വാസവും ആശയങ്ങളും മുളച്ചുവന്നു. ചെലവ്‌ കുറഞ്ഞ രീതിയിൽ പഴയ വീടിനെ എങ്ങനെ മോടിപിടിപ്പിച്ച് പുത്തനാക്കാമെന്ന് വീടിന്റെ ഉൾഭാഗത്തുള്ള അലങ്കാരങ്ങളിൽ കൂടുതൽ താത്പര്യമുള്ള ഭരതിന് മനസ്സിലായി. ഡ്രോയിങ് മുതൽ വീടിന്റെ അവസാന മിനുക്കുപണി വരെ നിർവഹിക്കുന്നത് സ്വന്തം കഴിവുപയോഗിച്ചാണ്.

നാട്ടിൽത്തന്നെ നാലു വീടുകളുടെ പുനരുദ്ധാരണവും പുതിയ നാലു വീടുകളുടെ പണിയും ഈ വിദ്യാർഥി ചെയ്തുകഴിഞ്ഞു. പുതിയതായി എട്ടു പണികൾ നടന്നുവരുന്നു. നാട്ടിൽനിന്നും ജില്ല വിട്ടും പണികൾ വന്നുതുടങ്ങിയതോടെ അടൂരിൽ സ്വന്തമായി ഒരു ഓഫീസുമായി. അവിടെ പഠിക്കുന്നവരും പഠനം പൂർത്തിയാക്കി പരിശീലനം നേടാനെത്തിയവരുമുൾപ്പെടെ പത്തോളം ജോലിക്കാരും തൊഴിലാളികളുമുള്ള ഒരു വലിയ നിർമ്മാണമേഖലയിലേക്ക് കുതിക്കുകയാണ് ഈ വിദ്യാർത്ഥി.

അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനമാണ് എല്ലാ കാര്യത്തിലും ആത്മവിശ്വാസം നൽകുന്നതെന്ന് ഭരത് പറയുന്നു. പൂന്തോട്ടമൊരുക്കുന്നതിൽ താത്പര്യമുള്ള അമ്മ, നിർമ്മാണം പൂർത്തിയാക്കിയ വീടുകൾക്കു മുമ്പിൽ പൂന്തോട്ടമൊരുക്കുന്നതിന് ചെടികൾ തന്നും ആശയം പങ്കുവെച്ചും സഹായിക്കും. പണമിടപാടുകൾ കൃത്യതയോടെ നിർവഹിക്കാൻ പത്തനംതിട്ട ബാറിലെ അഭിഭാഷകനായ അച്ഛന്റെ സഹായവുമുണ്ട്.