കൊച്ചി: അപ്പാർട്ട്മെന്റുകളിലെ താമസക്കാർക്കും വളർത്തുമൃഗങ്ങളെ സംരക്ഷിക്കാമെന്ന് ഹൈക്കോടതി. ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങൾ ഇതിനായി ഉപയോഗിക്കാനും തടസ്സമില്ല. എന്നാൽ, സമീപത്ത് താമസിക്കുന്നവരുടെ അവകാശങ്ങൾ ഹനിക്കുന്ന തരത്തിലാകരുത്. സുരക്ഷാ മുൻകരുതൽ സ്വീകരിക്കാതെ മൃഗങ്ങളെ വളർത്തരുതെന്നും കോടതി വ്യക്തമാക്കി.

റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകളിലെ താമസക്കാർ വളർത്തുമൃഗങ്ങളെ ഒപ്പം സംരക്ഷിക്കുന്നത് വിലക്കുന്ന റെസിഡൻഷ്യൽ അസോസിയേഷനുകളുടെ നിയമാവലി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

മൃഗങ്ങളെ സംരക്ഷിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി 2015-ൽ ദേശീയ മൃഗസംരക്ഷണ ബോർഡ് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റെസിഡന്റ്സ് അസോസിയേഷനുകൾക്ക് ഇത് സ്വീകരിക്കാം. മറ്റു ജീവികളെയും സംരക്ഷിക്കാനുള്ള ചിന്ത സമൂഹത്തിൽ വളർത്താൻ സ്കൂൾതലംമുതൽ ബോധവത്കരണ പരിപാടികൾ സർക്കാർ സംഘടിപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പീപ്പിൾസ് ഫോർ അനിമൽസ് എന്ന സംഘടനയാണ് ഹർജി നൽകിയത്.

Content Highlights: banning pets in apartments, kerala high court, pet owner rights, apartment policies and rules