പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി ഒരു സാങ്കേതികവിദ്യാഭ്യാസ സ്ഥാപനത്തിന് എന്തുചെയ്യാനാകുമെന്ന് ടി.കെ.എം. എന്‍ജിനീയറിങ് കോളേജ് ബാക്ക്ടു ഹോം പദ്ധതിയിലൂടെ തെളിയിച്ചു.

കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്.അയൂബ് മുന്നോട്ടുവെച്ച പദ്ധതിയാണ് ബാക്ക്ടു ഹോം. ഇപ്പോള്‍ എ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ പ്രൊ വൈസ് ചാന്‍സലറാണ് അദ്ദേഹം. പ്രളയബാധിതര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ചെലവു നിയന്ത്രിച്ച് തദ്ദേശീയ സങ്കേതികവിദ്യ ഉപയോഗിച്ച് ആകര്‍ഷകമായ വീട് നിര്‍മിച്ചുനല്‍കുകയെന്നതാണ് ബാക്ക്ടു ഹോം പദ്ധതി.

സാമ്പത്തികസഹായ വാഗ്ദാനവുമായി ലോകമെമ്പാടുമുള്ള ടി.കെ.എം. എന്‍ജിനീയറിങ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ടുവന്നപ്പോള്‍ പദ്ധതി യാഥാര്‍ഥ്യമായി. ഒന്‍പതു വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറി. മൂന്നു വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.

മണ്‍റോത്തുരുത്ത്, പന്തളം, ബുധനൂര്‍, പാണ്ടനാട്, പേരൂര്‍, തട്ടാര്‍കോണം, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായി. പണ്ടാരക്കുളം, ചമ്പക്കുളം, വെള്ളിമണ്‍ എന്നിവിടങ്ങളില്‍ മൂന്നു വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ടി.കെ.എം. കോളേജ് ട്രസ്റ്റിന്റെ അധ്യക്ഷന്‍ ഡോ. ഷഹാല്‍ ഹസ്സന്‍ മുസലിയാര്‍, ട്രഷറര്‍ ജലാലുദ്ദീന്‍ മുസലിയാര്‍ എന്നിവരുടെ പൂര്‍ണ പിന്തുണയോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ. ടി.എ.ഷാഹുല്‍ ഹമീദാണ്.

ആര്‍ക്കിടെക്ട് ജി.ജയകൃഷ്ണന്‍, പ്രകാശ് പി., അയ്യപ്പന്‍ എ., ഡോ. ജെ.ഉദയകുമാര്‍, ഡോ. ആര്‍.സജീവ് എന്നിവരാണ് പദ്ധതിയുടെ അണിയറപ്രവര്‍ത്തകര്‍.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ടി.കെ.എം. സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിലെ ജോര്‍ജ്, ദീപു എന്നിവരുടെ പിന്തുണയും ലഭിച്ചിരുന്നു.

പ്രീ ഫാബ്രിക്കേറ്റഡ്, പ്രീ സ്ട്രസ്ഡ് സാങ്കേതികവിദ്യക്ക് മുന്‍തൂക്കം നല്‍കി ഓരോതരം മണ്ണിനും അനുയോജ്യമായി വീടിന്റെ ഫൗണ്ടേഷന്‍ രൂപകല്പന ചെയ്തു. വീടുകള്‍ക്ക് 500 മുതല്‍ 550 ചതുരശ്രയടിവരെ വിസ്തീര്‍ണമുണ്ട്. ഏഴരലക്ഷം രൂപവീതം ചെലവുവന്നു.

മണ്‍റോത്തുരത്തില്‍ നിര്‍മിച്ച മൂന്നു വീടുകളിലും ഉപയോഗിച്ച 80 ശതമാനം ഭാഗങ്ങളും ഫാക്ടറിയില്‍ നിര്‍മിച്ചവയായിരുന്നു.

ഫൗണ്ടേഷന്‍ നിരപ്പില്‍ ഗ്രിഡ് ബീമുകളെ യോജിപ്പിക്കാന്‍ ഉപയോഗിച്ച ടൈ ബീമുകളും മേല്‍ക്കൂരയുടെ ഉപരിതലവും മാത്രമാണ് സൈറ്റില്‍ നിര്‍മിച്ചത്.

മണ്‍റോത്തുരുത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ടി.കെ.എം.ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസ്സന്‍ മുസലിയാരും നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍ അധ്യക്ഷത വഹിച്ചു.

ടി.കെ.എം.മാതൃക അംഗീകരിച്ചു

മണ്‍റോത്തുരുത്തിന് അനുയോജ്യമായ ഗൃഹനിര്‍മാണവിദ്യയില്‍ ടി.കെ.എം. മാതൃക സര്‍ക്കാര്‍ അംഗീകരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടി.കെ.എം. കോളേജ് ട്രസ്റ്റും കോളേജും അഭിനന്ദനമര്‍ഹിക്കുന്നു

-ജെ.മേഴ്‌സിക്കുട്ടിയമ്മ
ഫിഷറീസ്മന്ത്രി

Content Highlights: back to home project for flood affected people