മേല്‍ക്കൂരയില്‍ ഘടിപ്പിക്കുന്ന സോളാര്‍ പാനലുകള്‍ ഒരു പുതിയ കാര്യമല്ല. എന്നാല്‍, മേല്‍ക്കൂര തന്നെ സോളാര്‍ പാനല്‍ ആയാലോ? അത്തരമൊരു ഉത്പന്നം അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദ് കമ്പനിയായ വിസാക ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 'ആറ്റം' (ATUM) എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്റഗ്രേറ്റഡ് സോളാര്‍ റൂഫ് കമ്പനി കഴിഞ്ഞ ദിവസം കേരളത്തിലും അവതരിപ്പിച്ചു.

ഇന്ത്യയിലെ ആദ്യ സംയോജിത സോളാര്‍ റൂഫിങ് സംവിധാനമാണ് ആറ്റമെന്നും ഏത് പരമ്പരാഗത മേല്‍ക്കൂരയേക്കാളും മികച്ചതാണ് ഇതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. വിസാകയുടെ പ്ലാന്റില്‍ സ്വന്തമായി വികസിപ്പിച്ച ഉത്പന്നത്തിന്റെ പേറ്റന്റും കമ്പനി നേടിയിട്ടുണ്ടെന്ന് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ വംസി ഗദ്ദം പറഞ്ഞു.

'ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന തരത്തിലാണ് ആറ്റം നിര്‍മിച്ചിരിക്കുന്നത്. കാറ്റും മഴയും തീയും മഞ്ഞും കൂടാതെ ഷോക്കും ചിതലുമെല്ലാം ഇത് പ്രതിരോധിക്കും. സാധാരണ മേല്‍ക്കൂരകളിലെന്നപോലെ പാനലുകള്‍ക്ക് മുകളിലൂടെ കയറി നടന്നാല്‍ പോലും പ്രശ്‌നമില്ല. ചരിഞ്ഞ റൂഫുകള്‍ ധാരാളമുള്ള കേരളത്തിലെ രീതിയ്ക്ക് ഏറെ ഇണങ്ങുന്നതാണ് ഞങ്ങളുടെ ഉത്പന്നം. മേല്‍ക്കൂരയ്ക്ക് പൂര്‍ണമായോ ഒരു ഭാഗത്തു മാത്രമായോ ആറ്റം ഉപയോഗിക്കാം' -വംസി ഗദ്ദം വ്യക്തമാക്കി.

atum

സിമെന്റ് ബേസ് ആയിട്ടുള്ള പ്ലാറ്റ്‌ഫോമിനു മുകളിലായി സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചാണ് ആറ്റം റൂഫ് തയ്യാറാക്കുന്നത്. ആറ്റത്തിനായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ഈ പ്ലാറ്റ്‌ഫോം. ഇതിന്റെ പേറ്റന്റിനായും കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ട്.

രണ്ട് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതയുമുള്ളതാണ് ആറ്റം പാനലുകള്‍. ഒരു സോളാര്‍ പാനലിന് 320 വാട്ട് വൈദ്യുതിവരെ ഉത്പാദിപ്പിക്കാനാകും. ഗാര്‍ഹികാവശ്യത്തിന് വേണ്ടതിലധികം വൈദ്യുതി ഉത്പാദിപ്പിക്കുകയാണെങ്കില്‍ അത് ഗ്രിഡിലേക്ക് നല്‍കുകയുമാകാം. 25 വര്‍ഷത്തിലേറെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഈ ഉത്പന്നത്തിനാകും. ആറ്റം റൂഫിന് സ്‌ക്വയര്‍ ഫീറ്റിന് 600 രൂപയാണ് ചെലവ് വരിക. എന്നാല്‍, 5-6 വര്‍ഷം കൊണ്ട് മുടക്കു മുതല്‍ തിരികെ നേടാനാകുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

വീടിനകത്തെ ചൂട് കുറയ്ക്കുന്നു, മേല്‍ക്കൂരയുടെ ഭാരം ഗണ്യമായി കുറയ്ക്കുന്നു, മറ്റു സോളാര്‍ പാനലുകളെ അപേക്ഷിച്ച് 20 ശതമാനം അധിക വൈദ്യുതി ഉത്പാദനം തുടങ്ങിയവയാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന ആറ്റത്തിന്റെ മറ്റു പ്രത്യേകതകള്‍.

Content Highlights: Atum, integrated solar roofing system