ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ മുഖമണ്ഡപത്തിന്റെ ഒരുവശം നിലംപതിച്ചു. അവശേഷിക്കുന്ന ഭാഗം ഏതുനിമിഷവും പൊളിഞ്ഞുവീഴാം. മുഖമണ്ഡപമുള്‍പ്പെടെയുള്ള കൊട്ടാരക്കെട്ട് നവീകരിച്ച് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും സംരക്ഷണനടപടികള്‍ ആരംഭിക്കാനായിട്ടില്ല. മണ്ഡപക്കെട്ടുള്‍പ്പെടുന്ന കൊട്ടാരക്കെട്ട് സംരക്ഷിച്ച് പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ മൂന്നുകോടിരൂപ വകയിരുത്തിയിരുന്നു. തുടര്‍നടപടികളിലുണ്ടായ കാലതാമസമാണ് മണ്ഡപക്കെട്ട് പൊളിഞ്ഞുവീഴുന്നതിലേക്ക് നയിച്ചത്. മണ്ഡപക്കെട്ടിന്റെ സംരക്ഷണനടപടികള്‍ ഇഴയുന്നത് സംബന്ധിച്ച് 'ഈ ചരിത്രസ്മാരകം സംരക്ഷിക്കാനാകുമോ? പൊളിഞ്ഞ് വീഴുംമുമ്പ്' എന്ന തലക്കെട്ടില്‍ ഓഗസ്റ്റ് 11ന് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് പദ്ധതിരേഖ അംഗീകരിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പിന്നീടൊരു നടപടിയുമുണ്ടായില്ല.

ആറ്റിങ്ങലിന്റെ തലയെടുപ്പാണ് കൊല്ലമ്പുഴയിലെ കൊട്ടാരവും അതിനുമുന്നിലെ മണ്ഡപക്കെട്ടും. 700 വര്‍ഷത്തിലധികം പഴക്കമുണ്ടിതിന്. എ.ഡി.1305ല്‍ കോലത്തുനാട്ടില്‍ നിന്ന് വേണാട്ടിലേക്ക് ദത്തെടുത്ത രാജകുമാരിമാര്‍ക്ക് പാര്‍ക്കാന്‍വേണ്ടിയാണ് ആറ്റിങ്ങലില്‍ കൊട്ടാരക്കെട്ടുകള്‍ നിര്‍മിച്ചതെന്നാണ് ചരിത്രം. കേരളീയ വാസ്തുകലയുടെ മകുടോദാഹരണമാണീ നിര്‍മിതി. കരിങ്കല്ലും മരവും ഓടും കൊണ്ട് എട്ടുകെട്ടിന്റെ മാതൃകയിലാണിത് നിര്‍മിച്ചിട്ടുള്ളത്. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലായിരുന്നു മണ്ഡപക്കെട്ടുള്‍പ്പെടെയുള്ള എടുപ്പുകള്‍. ഭൂമിയുടെ അവകാശം ദേവസ്വംബോര്‍ഡില്‍ നിലനിര്‍ത്തിക്കൊണ്ട് കെട്ടിടങ്ങള്‍ സംരക്ഷിക്കാനായി പുരാവസ്തുവകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംരക്ഷണനടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. 

മണ്ഡപക്കെട്ട് ചോര്‍ന്നൊലിച്ച് കഴുക്കോലുകള്‍ ദ്രവിച്ച് തുടങ്ങിയിട്ട് കാലമേറെയായി. മഴയും വെയിലുമേറ്റ് കഴുക്കോലുകളും ഉത്തരങ്ങളും കേടുവന്നതാണ് മേല്‍ക്കൂര പൊളിഞ്ഞുവീഴാനിടയാക്കിയത്. ഇപ്പോള്‍ പൊളിഞ്ഞുവീണതിനോടുചേര്‍ന്നുള്ള ഭാഗം ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. സംരക്ഷണനടപടികള്‍ ഇനിയും വൈകിയാല്‍ ബാക്കിഭാഗംകൂടി നിലംപതിക്കുന്നതിന് ആറ്റിങ്ങല്‍ക്കാര്‍ സാക്ഷികളാകും.

Content Highlights: Attingal Palace collapsed