കൊച്ചി : കൊച്ചി ആസ്‌ഥാനമായ കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്സിന്റെ സ്‌ഥാപകനും പ്രശസ്ത ആർക്കിടെക്ടുമായ എസ്  ഗോപകുമാറിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സിന്റെ (  IIA ) വിഖ്യാതമായ ബാബുറാവു മാത്രേ ഗോൾഡ് മെഡൽ പുരസ്‌കാരം ലഭിച്ചു. കേരളത്തിൽ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന പ്രഥമ ആർക്കിടെക്ടാണ് ഗോപകുമാർ. തന്റെ പ്രവർത്തന മേഖലയിലെ മികവിനും ഇന്ത്യൻ ആർക്കിടെക്ട്  രംഗത്തിനു നൽകിയ നിസ്തുലമായ സംഭാവനകളെയും മാനിച്ചാണ് ഗോപകുമാറിന് ഈ പുരസ്കാരം സമ്മാനിക്കുന്നത്.

പദ്‌മശ്രീ അച്യുത് കാൻവിൻദേ (Padma shri Ar. Achyut Kanvinde) , പദ്‌മ  വിഭൂഷൺ ചാൾസ് കൊറിയ (Padma Visbushan Ar.  Charles Correa) ,പദ്‌മ ശ്രീ  ബി വി ദോഷി (Padma Shri Ar. BV Doshi) ,പദ്‌മശ്രീ ലാറി ബേക്കർ (Padma Shri Ar. Laurie Baker ) തുടങ്ങിയ  മഹദ് പ്രതിഭകൾക്കാണ് ഈ പുരസ്കാരം മുമ്പ് ലഭിച്ചിട്ടുള്ളത് . ഇന്ത്യൻ ആർക്കിടെക്ടുകളുടെ പരമോന്നത പീഠമായ IIA യിൽ നിന്നും ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ  അതിയായ  സന്തോഷമുണ്ടെന്നും  ഈ പുരസ്കാരം ആഗോളതലത്തിൽ ഇന്ത്യൻ ആർക്കിടെക്ച്ചർ  രംഗത്തിനു  ആധുനിക രീതിയിലേക്ക് കൂടുതൽ ചുവട് വയ്ക്കുന്നതിന് സഹായകരമായ വിധതത്തിലുള്ള സംഭാവനകൾ നൽകാൻ തനിക്കു പ്രചോദനം നൽകുന്നുവെന്നും ഗോപകുമാർ പറഞ്ഞു. 

1976 ൽ തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ആർക്കിടെക്ട്  ഗോപകുമാർ ഗോൾഡ് മെഡലോടെ എഞ്ചിനീയറിംഗ് ബിരുദം നേടിയത്. തുടർന്ന് ആർക്കിടെക്ട് പദ്‌മ  വിഭൂഷൺ ചാൾസ് കൊറിയയ്ക്കൊപ്പം കരിയർ ആരംഭിച്ച ഗോപകുമാർ പിൽക്കാലത്ത് അദ്ദേഹത്തിന്റെ അസോസിയേറ്റായി മാറി.

1976 ലാണ് അദ്ദേഹം കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്‌സ് എന്ന സ്‌ഥാപനത്തിനു തുടക്കമിട്ടത്. എച്ച് ഡി എഫ് സി ബിൽഡിങ്ങ്, തിരുവനന്തപുരത്തെ കെ എസ് ആർ ടി സി സമുച്ചയം, കോഴിക്കോട്ടെ താജ് റസിഡൻസി ഹോട്ടൽ, നിരവധി പ്രമുഖ ബ്രാൻഡുകളുടെ കെട്ടിടങ്ങൾ തുടങ്ങിയവ അദ്ദേഹം രൂപകൽപ്പന ചെയ്തതാണ്. തിരുവനന്തപുരം ഗാന്ധി പാർക്ക്, ശാന്തി കവാടം ക്രിമറ്റോറിയം, എറണാകുളത്തെ ദർബാർ ഹാൾ ഗ്രൗണ്ട് തുടങ്ങി സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രൊജക്റ്റുകളും ഗോപകുമാർ രൂപകൽപ്പന ചെയ്തു. ഒരു  തികഞ്ഞ കലാകാരൻ കൂടിയായ ഗോപകുമാർ നിരവധി ചിത്രപ്രദർശനങ്ങളും തന്റെ പെയിന്റിംഗുകകൾ  ഉൾപ്പെടുത്തി ഏകാംഗ പ്രദർശനവും ( സോളോ എക്സിബിഷൻ ) സംഘടിപ്പിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Content Highlights: architectS Gopakumar award Baburao Mhatre gold medal