കൊച്ചി: കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ ആര്‍ക്കിടെക്ട് കുല്‍ദീപ് സിങ്ങിനെ കൊച്ചി ഓര്‍മിക്കുന്നത് 'മറൈന്‍ ഡ്രൈവിന്റെ ശില്പി' എന്ന പേരിലാണ്. കൊച്ചിയുടെ തിലകക്കുറിയായി മറൈന്‍ ഡ്രൈവ് മാറിയതിനു പിന്നിലെ ദീര്‍ഘവീക്ഷണം ഈ നഗരാസൂത്രണ വിദഗ്ധന്റേതായിരുന്നു.

കൊച്ചിയ്ക്ക് നഗരമുഖം നല്‍കിയതില്‍ ചെറുതല്ലാത്ത പങ്കാണ് കായലിനൊപ്പം നീണ്ടുകിടക്കുന്ന മറൈന്‍ ഡ്രൈവിനുള്ളത്. നഗരാസൂത്രണത്തെക്കുറിച്ച് കേരളം ഗൗരവത്തോടെ ചിന്തിക്കുന്നതിന് ഏറെ മുന്‍പായിരുന്നു ഈ സൗന്ദര്യവത്കരണം.

ജി.സി.ഡി.എയുടെ നേതൃത്വത്തില്‍ അദ്ദേഹം മറൈന്‍ഡ്രൈവില്‍ വാണിജ്യ സമുച്ചയവും രൂപകല്പന ചെയ്തു. കേരളത്തിലെതന്നെ ആദ്യത്തെ വാണിജ്യ സമുച്ചയമായിരുന്നു ഇത്. വാണിജ്യ സിരാകേന്ദ്രമായി കൊച്ചിയെ മാറ്റിയെടുക്കുന്നതില്‍ ഈ സമുച്ചയം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കേരളവുമായി 1980കളില്‍ തുടങ്ങിയ സഹകരണം അദ്ദേഹം മുടക്കമില്ലാതെ തുടര്‍ന്നു. മറൈന്‍ ഡ്രൈവുമായി ബന്ധപ്പെട്ട തുടര്‍ വികസനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായം തേടിയിരുന്നതായി ജി.സി.ഡി.എ. അധികൃതര്‍ പറഞ്ഞു.

ഏകദേശം ഒരുവര്‍ഷം മുന്‍പാണ് അദ്ദേഹം അവസാനമായി കൊച്ചിയിലെത്തിയത്. ജല മെട്രോയുമായി ബന്ധപ്പെട്ടും ചില നിര്‍ദേശങ്ങള്‍ ജി.സി.ഡി.എ. അധികൃതര്‍ അദ്ദേഹത്തോട് തേടിയിരുന്നു.

മറൈന്‍ഡ്രൈവ് കൂടുതല്‍ വിശാലമാകുന്നത് അദ്ദേഹം സ്വപ്നംകണ്ടിരുന്നു. ചില സെമിനാറുകളിലും കൊച്ചി സന്ദര്‍ശനങ്ങളിലും അത് പങ്കുവയ്ക്കുകയും ചെയ്തു. താന്തോണിത്തുരുത്ത് ഉള്‍പ്പെടെയുള്ള ദ്വീപുകളെ മറൈന്‍ ഡ്രൈവുമായി കൂട്ടിച്ചേര്‍ക്കുന്നത് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

കൊച്ചിയില്‍ ഒതുങ്ങുന്നതല്ല കുല്‍ദീപ് സിങ്ങിന്റെ സംഭാവനകള്‍. രാജ്യതലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ആ പേരിനൊപ്പം ചേര്‍ത്തുവയ്ക്കാന്‍ നിര്‍മിതികള്‍ ഏറെയുണ്ട്. കോവിഡ് ബാധയെ തുടര്‍ന്ന് ഈമാസം 10ന് ഡല്‍ഹിയിലായിരുന്നു കുല്‍ദീപ് സിങ്ങിന്റെ (86) നിര്യാണം.

അനുശോചിച്ചു

കുല്‍ദീപ് സിങ്ങിന്റെ നിര്യാണത്തില്‍ ജി.സി.ഡി.എ.യില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. നഗരാസൂത്രണ അതോറിറ്റി എന്ന നിലയില്‍ ജി.സി.ഡി.എ. കൈവരിച്ച നേട്ടങ്ങളില്‍ കുല്‍ദീപ് സിങ്ങിന്റെ പങ്ക് എടുത്തുപറയേണ്ടതാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ ജി.സി.ഡി.എ. പ്ലാനിങ് വിഭാഗം മേധാവി ടൗണ്‍ പ്ലാനര്‍ ടി.എന്‍. രാജേഷ്, മുന്‍ വകുപ്പ് തലവന്‍മാരായ എലിസബത്ത് ഫിലിപ്പ്, വി. ഗോപാലകൃഷ്ണ പിള്ള, ഡോ. മെയ് മാത്യു, മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ വെങ്കിടേശ്വര പൈ, സെക്രട്ടറി ഇന്‍ചാര്‍ജ് ജെബി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: architect kuldeep singh passes away