ചെന്നൈ സ്വദേശിയായ ആര്‍ക്കിടെക്റ്റ് അരുണ്‍ പ്രഭു എന്‍.ജി സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോള്‍. കാരണം വേറൊന്നുമല്ല. അരുണ്‍ തയ്യാറാക്കിയ ഓട്ടോറിക്ഷയിലെ വീട് തന്നെ. ഓട്ടോറിക്ഷയെ മൊബൈല്‍ ഹോം ആക്കുകയാണ് അരുണ്‍ ചെയ്തത്. ചിത്രങ്ങളും അരുണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ആനന്ദ് മഹീന്ദ്രയും അഭിനന്ദനവുമായെത്തി. ഒപ്പം അരുണിനൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹവും ആനന്ദ് മഹീന്ദ്ര പ്രകടിപ്പിച്ചിട്ടുണ്ട്. 

'ചെറിയ ഇടങ്ങളുടെ പ്രാധാന്യമാണ് അരുണ്‍ നിര്‍മിച്ച  ഈ വീട് കാട്ടിത്തരുന്നത്. മഹാമാരിക്ക് ശേഷം ആളുകളില്‍ കൂടുതലായി ആഗ്രഹിക്കുന്നത് യാത്രചെയ്യാനാവും. ഈ ട്രെന്‍ഡിന് സഹായിക്കുന്ന വിധമാണ് അരുണിന്റെ വീട്.' മഹീന്ദ്ര അരുണിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

'ഒരു ബൊലേറോ പിക്കപ്പിന് മുകളില്‍ അദ്ദേഹം ഇതിലും വലിയ ഇടം രൂപകല്‍പ്പന ചെയ്യുമോ എന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരെങ്കിലും അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തുമോ?' ആനന്ദ് മഹീന്ദ്ര തുടര്‍ന്ന് കുറിക്കുന്നു.

Solo 0.1 എന്നാണ് തന്റെ വീടിന് അരുണ്‍ പേര് നല്‍കിയിരിക്കുന്നത്. മൊത്തം നിര്‍മാണച്ചെലവ് ഒരു ലക്ഷമാണ്. വലിയ നിര്‍മാണച്ചെലവില്ലാത്ത ചെറിയ വീടുകള്‍ ആളുകളെ പരിചയപ്പെടുത്താനാണ് അരുണ്‍ ഈ വീട് നിര്‍മിച്ചത്. ഒരു ബെഡ്‌റൂം, അടുക്കള, ബാത്ത്‌റൂം, വര്‍ക്ക്‌സ്‌പേസ് എന്നിവയാണ് വീടിന്റെ ഭാഗങ്ങള്‍. ഒപ്പം വാട്ടര്‍ടാങ്കും വൈദ്യുതി ലഭിക്കാനായി സോളാര്‍പാനല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Content Highlights: Architect impresses Anand Mahindra with mobile home built on auto-rickshaw