നരിക്കുനി: എട്ടുവർഷമായി വിവിധ ഓഫീസുകൾ കയറിയിറങ്ങിയിട്ടും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനാവാതെ കുഴയുകയാണ് മടവൂർ പുല്ലാളൂർ കാമ്പ്രത്ത്പറമ്പ് മധുവും കുടുംബവും. സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലത്ത് ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ് മധുവും ഭാര്യയും മൂന്നു കുട്ടികളും കഴിയുന്നത്. ലൈഫ് ഭവനപദ്ധതിക്കായി അപേക്ഷ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ചുമരായിരുന്നു ആദ്യമുണ്ടായിരുന്നത്. രാത്രികാലങ്ങളിൽ നിരന്തരമായി എലിയും ഇഴജന്തുക്കളുമെല്ലാം ഷീറ്റുകൾക്കിടയിലൂടെ മുറിക്കകത്തെത്തിയതോടെ കൂലിപ്പണി ചെയ്തുകിട്ടിയ തുക കൂട്ടിവെച്ച് സിമന്റ് കട്ട കൊണ്ട് ഭിത്തിയൊരുക്കി. കോവിഡ് കാലത്ത് പണി കുറഞ്ഞതോടെ മധുവിന്റെ തുച്ഛവരുമാനത്തെ ആശ്രയിച്ചിരുന്ന കുടുംബം ജീവിതം തള്ളിനീക്കാൻ പ്രയാസപ്പെടുകയാണ്.

ചെറിയ കുഞ്ഞുള്ളതിനാൽ മധുവിന്റെ ഭാര്യയ്ക്ക് തൊഴിലുറപ്പ് ജോലിക്ക്‌ പോവാനാവാത്ത സ്ഥിതിയുമാണ്. രണ്ട് പെൺമക്കൾ സ്കൂൾ വിദ്യാർഥികളാണ്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ സ്ഥാനത്ത് ഉറപ്പുള്ളൊരു മേൽക്കൂര കെട്ടാനുള്ള സാമ്പത്തിക സ്ഥിതി ഈ നിർധന കുടുംബത്തിനില്ല. ഉറപ്പില്ലാത്ത അടിത്തറയിലാണ് ഭിത്തി ഒരുക്കിയിരിക്കുന്നത്. സിമന്റ് കട്ടകൾ ഇളകിയ നിലയിലാണ്. അടച്ചുറപ്പുള്ളൊരു ശൗചാലയം പോലുമില്ലാത്ത കുടുംബം പ്ലാസ്റ്റിക് വീപ്പയാണ് അലമാരയായി ഉപയോഗിക്കുന്നത്. ലൈഫ് ഭവന പദ്ധതിവഴി വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള അപേക്ഷ അക്ഷയകേന്ദ്രം മുഖേന സമർപ്പിച്ചിരുന്നു. അർഹതാനിർണയത്തിനായി ജീവനക്കാർ വീട്ടിലെത്തി പരിശോധന നടത്തി മടങ്ങിയെങ്കിലും കാര്യമായ തുടർനപടികളൊന്നുമായില്ല.

ലൈഫ് ഭവനപദ്ധതിയിൽ പലർക്കും വർഷങ്ങൾക്ക് മുമ്പേ വീട് ലഭിച്ചിട്ടും ഏത് മാനദണ്ഡത്തിന്റെ പേരിലാണ് നിത്യവൃത്തിക്ക് പ്രയാസപ്പെടുന്ന തങ്ങൾക്ക് വീട് ലഭ്യമാവാത്തതാണെന്നാണ് ഈ കുടുംബത്തിന്റെ ചോദ്യം.

Content highlights: application for new home rejected many times,  madhu and his family is waiting for new home