കൊച്ചി: മരടിലെ ആല്‍ഫ സെറീനിന്റെ പിന്നിലെ ടവര്‍ (ബി) 45 ഡിഗ്രിയും മുന്നിലെ ടവര്‍ (എ) ഏതാണ്ട് കുത്തനെയുമാണ് വീഴ്ത്തിയതെന്ന് ചെന്നൈ വിജയ് സ്റ്റീല്‍സിന്റെ നിയന്ത്രിത സ്‌ഫോടന വിദഗ്ദ്ധന്‍ ആനന്ദ് ശര്‍മ. സ്‌ഫോടനത്തിനു ശേഷം 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടടുത്ത് വീടുകളും കായലും ഉണ്ടായതിനാലാണ് ഇങ്ങനെയൊരു രീതി സ്വീകരിച്ചത്. കായല്‍ഭാഗത്ത് ഒരു മരം മാത്രമെ തകര്‍ന്നിട്ടുള്ളൂ. ബാക്കിയെവിടെയും ഒരു നാശവുമുണ്ടായില്ലഅദ്ദേഹം പറഞ്ഞു.

ആല്‍ഫയിലെ പൊളിക്കലാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിവാദമായതും. സ്‌ഫോടകവസ്തു നിറയ്ക്കല്‍ പോലും വൈകി?

നാല് ഫ്‌ലാറ്റുകളില്‍ ഏറ്റവും പ്രയാസമേറിയതാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ഒരു കോമ്പൗണ്ടില്‍ രണ്ട് ടവറുകള്‍. തൊട്ടടുത്ത് അമ്പതോളം വീടുകള്‍. പിന്നില്‍ 2030 മീറ്റര്‍ അകലെ കായല്‍. മുന്‍വശത്ത് ഗേറ്റിനപ്പുറത്ത് ഒരു ബഹുനില മന്ദിരം. രണ്ട് ഫ്‌ലാറ്റുകളുടെയും ഇടയ്ക്കാണ് അല്പം ശൂന്യസ്ഥലം ഉണ്ടായിരുന്നത്. എല്ലാവര്‍ക്കും ആശങ്കയായിരുന്നു. എനിക്കൊരു ടെന്‍ഷനും ഇല്ലായിരുന്നു. ഫ്‌ലാറ്റിന്റെ കാല്‍ച്ചുവട്ടിലാണ് അവയെ ഞങ്ങള്‍ വീഴ്ത്തിയത്.

ഇത്ര വലിയ ജനവാസ മന്ദിരം പൊളിക്കുന്നത് ആദ്യമായിട്ടല്ലേ?

തീര്‍ച്ചയായും. 2012ല്‍ ജയ്പുരില്‍ ഒരു റസിഡന്‍ഷ്യല്‍ കെട്ടിടം പൊളിച്ചത് ഒമ്പത് നില മാത്രമായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ എട്ട് പൊളിക്കലുകള്‍ നടത്തി. ഏറെയും വ്യാവസായിക മേഖലയിലുള്ളവ. ഇതില്‍ പാനിപ്പറ്റിലെ 105 മീറ്റര്‍ ഉയരമുള്ള കെട്ടിടവും ഉള്‍പ്പെടുന്നു. റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് വെല്ലുവിളിയാണ്. 55 മീറ്ററോളം ഉയരമുള്ള ആല്‍ഫയുടെ ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

എന്തൊക്കെയായിരുന്നു വെല്ലുവിളികള്‍?

പരസ്പരം കൊരുത്തുവെക്കുന്ന തരത്തിലുള്ള (ജിഗ്‌സോ) രൂപമായിരുന്നു ആല്‍ഫയുടെത്. ഇതിലെ ജോലികള്‍ പ്രയാസമുള്ളതാണ്.

തൊട്ടടുത്തുള്ള വീടുകളും പിന്‍വശത്ത് ഫ്‌ലാറ്റിന് സമാന്തരമായി വരുന്ന 12 മീറ്ററോളം കായലും പ്രതിസന്ധിയായിരുന്നു. ഇത്ര വലിയ സ്‌ഫോടനം ആദ്യമായിട്ടായതിനാല്‍ സമീപവാസികള്‍ക്കുണ്ടായ ആശങ്കകള്‍ സമരത്തിന് വഴിവെച്ചു. ഇത് പണികളുടെ വേഗത്തെ ബാധിച്ചു. മറ്റ് ഫ്‌ലാറ്റുകള്‍ തകര്‍ത്ത എഡിഫിസ് എന്‍ജിനീയറിങ്‌ജെറ്റ് ഡിമോളിഷന്‍ സഖ്യം ആറ് നിലകളില്‍ സ്‌ഫോടനം നടത്തിയപ്പോള്‍ ഞങ്ങള്‍ എട്ട് നിലകളില്‍ നടത്തി.

അവശിഷ്ടം പരമാവധി പൊടിഞ്ഞുവീഴുന്നതിനായിരുന്നു ഇത്. പെസോ (പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) യുടെ നിര്‍ദേശപ്രകാരം സ്‌ഫോടകവസ്തുക്കളുടെ അളവ് കുറച്ചു. എഡിഫിസ് വിദേശികളെ ഉപയോഗിച്ച് പൊട്ടിച്ചപ്പോള്‍ പൂര്‍ണമായും 'ഇന്ത്യന്‍' ആയിരുന്നു ആല്‍ഫയിലെ സ്‌ഫോടനം.

നീന്തല്‍ക്കുളം പൊളിച്ചപ്പോള്‍ സമീപത്തെ വീടുകള്‍ക്ക് വിള്ളലുണ്ടായെന്ന് പറയുന്നുണ്ടല്ലോ?

യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊളിക്കുമ്പോള്‍ സമീപത്ത് പ്രശ്‌നങ്ങളുണ്ടാകേണ്ട കാര്യമില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു പരാതി നേരിട്ടത്. വിശദമായി പഠിച്ചാലേ കൂടുതല്‍ അഭിപ്രായം പറയാനാകൂ.

വിജയ് സ്റ്റീല്‍സില്‍ താങ്കളുടെ ചുമതലയെന്താണ്?

മൈനിങ് എന്‍ജിനീയറായ ഞാന്‍ 25 വര്‍ഷമായി സ്‌ഫോടനങ്ങള്‍ നടത്തുന്നുണ്ട്. ഇംപ്ലോഷന്‍ (നിയന്ത്രിത സ്‌ഫോടനം) നടത്താന്‍ വിജയ് സ്റ്റീല്‍സ് എന്നെ നിയമിച്ചു എന്നേയുള്ളൂ. എഡിഫിസുകാര്‍ ജെറ്റ് ഡിമോളിഷനെ ഉപയോഗിച്ചതു പോലെ.

Content Highlights: anand sharma of chennai vijay steels on maradu demolition