രു വീട് വാങ്ങാൻ ലക്ഷങ്ങളും കോടികളുമൊക്കെ പൊടിക്കുന്ന ഈ കാലത്ത് വീടിന് വെറും 86 രൂപയോ എന്നു തോന്നാം. പക്ഷേ, സം​ഗതി സത്യമാണ്. ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയിൽനിന്നാണ് കൗതുകകരമായ ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. 86 രൂപയ്ക്ക് വീടു വിൽക്കുന്നതിനു പിന്നിൽ ​ഗൗരവകരമായ ചില വസ്തുതകളുമുണ്ട്. 

വർഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരിൽ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. പുതിയ പദ്ധതിയിലൂടെ പട്ടണത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. 

ഉപേക്ഷിക്കപ്പെട്ട വീടുകൾ നേരത്തേയും സമീപവാസികൾ വിൽക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ആരും സഹകരിച്ചിരുന്നില്ല. കോവിഡ് കാലം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗൺ മാനേജ്മെന്റ് തുച്ഛവിലയ്ക്ക് വീടുകൾ വിറ്റ് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്. 

വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സലേമി മേയർ ഡൊമിനികോ വെനുറ്റി പറയുന്നു. 

വീട് വാങ്ങാൻ ആ​ഗ്രഹിക്കുന്നവർ സലേമി സിറ്റി കൗൺസിലിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽനിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്. ഓരോ വീടിന്റെയും ചിത്രങ്ങളും വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. താൽപര്യമുള്ളവർ നവീകരണ പദ്ധതി എങ്ങനെയാണെന്ന് അയക്കുന്നതിനൊപ്പം 2,89,088 രൂപ (3000 പൗണ്ട്) നിക്ഷേപമായി അടയ്ക്കുകയും വേണം.

മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയാൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. ഓരോ പ്രൊജക്റ്റിന്റെയും സാമ്പത്തികനേട്ടവും ന​ഗരത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റവും കൗൺസിൽ വിലയിരുത്തിയതിനു ശേഷമാണ് അനുമതി ലഭിക്കുക.

സിസിലി ദ്വീപിന്റെ തെക്കു പടിഞ്ഞാറ് വശത്തായാണ് ചരിത്രപ്രസിദ്ധമായ സലേമി പട്ടണം സ്ഥിതി ചെയ്യുന്നത്. മുന്തിരിത്തോട്ടങ്ങൾ, ഒലിവ് തോട്ടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട സലേമി പട്ടണത്തിലെ ചില വീടുകൾ 1600-കളിലെ പുരാതന ന​ഗര മതിലുകളാൽ ചുറ്റപ്പെട്ടതാണ്. 1968-ലെ ബെലിസ് വാലി ഭൂകമ്പം ഏൽപ്പിച്ച ആഘാതത്തെത്തുടർന്ന് നാലായിരത്തിൽപ്പരം പേർ പട്ടണത്തിൽനിന്നു പാലായനം ചെയ്തിരുന്നു. അന്നു തൊട്ട് മരുഭൂമിക്ക് സമമാണ് സലേമി പട്ടണത്തിന്റെ പല ഭാ​ഗങ്ങളും. 

നേരത്തേയും ഇറ്റലിയിലെ പല ചെറുപട്ടണങ്ങളും ഇത്തരത്തിൽ തുച്ഛവിലയ്ക്ക് വിൽപനയ്ക്ക് വച്ചിരുന്നു. സാംബുകാ പട്ടണത്തിലെ വീടുകൾ 73 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. 

Content Highlights: An Italian Town Is Selling Abandoned Houses For Just ₹86 To Bring People Back