കുറുപ്പംപടി: കനാല്‍ബണ്ടിലെ റോഡില്‍നിന്ന് നോക്കിയാല്‍ പ്രത്യേകതയൊന്നും തോന്നാത്ത രണ്ടുമുറികളുള്ള ഒരു ചെറിയ വീടാണ് അംബികയുടേത്. കനാല്‍പ്പാലം കടന്ന് വീട്ടുമുറ്റത്ത് കയറുമ്പോഴാണ് സന്ദര്‍ശകര്‍ ആശ്ചര്യപ്പെടുന്നത്. മുറ്റമെന്ന് പറയാനാവില്ല, നിറയെ നിറമുള്ള ചെടികളും കലാവിരുതുകളും. മനോഹരമായി പരിപാലിക്കുന്ന ഉദ്യാനത്തിലൂടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് നടവഴി. ഈ വര്‍ണവസന്തത്തിന് പിന്നില്‍ പരിചയസമ്പന്നനായ ഒരു പൂന്തോട്ടക്കാരനാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. എന്നാല്‍, ചേതോഹരമായ ഈ ഉദ്യാനക്കാഴ്ചയ്ക്ക് പിന്നില്‍ അംബികയെന്ന വീട്ടമ്മയുടെ ഭാവനയും മനോധര്‍മവും മാത്രമാണെന്നറിയുമ്പോഴാണ് ആശ്ചര്യം ഇരട്ടിയാകുക.

മുറ്റം നിറയെ വിവിധവര്‍ണങ്ങളിലുള്ള ചെടികള്‍. കൂടാതെ, കാലിക്കുപ്പികള്‍, ചിരട്ട, പഴയ പാത്രങ്ങള്‍, കന്നാസുകള്‍ എന്നിവയെല്ലാം രൂപഭേദംവരുത്തി ചെടിച്ചട്ടികളായി മാറ്റിയിരിക്കുന്നു. ഉപയോഗശൂന്യമായ ട്യൂബുകള്‍ക്ക് നിറംകൊടുത്ത് ചുമരുകള്‍ക്ക് സൗന്ദര്യം നല്‍കി. നാലരസെന്റ് സ്ഥലത്ത് നൂറിലേറെ ഇനങ്ങളിലുള്ള ചെടികളുണ്ട്. കൂടുതലും ഇലച്ചെടികള്‍. പൂച്ചെടികളെ അപേക്ഷിച്ച് ഇലച്ചെടികള്‍ക്ക് ആയുസ്സ് കൂടുതലുണ്ടെന്ന് അംബിക. പരിപാലനവും കുറച്ചുമതി. നല്ല ചെടികള്‍ കാണുന്നിടത്തുനിന്നെല്ലാം അംബിക ശേഖരിക്കും. അപൂര്‍വമായി നഴ്‌സറികളില്‍നിന്ന് വിലകൊടുത്ത് വാങ്ങിയവയുമുണ്ട്. ചാണകപ്പൊടിയാണ് വളമായി ഉപയോഗിക്കുന്നത്.

ദിവസവും നനയ്ക്കണം. 10 കൊല്ലത്തിലധികമായി ചെടികളുടെ കൂട്ടുകാരിയാണ് അംബിക. ആളുകള്‍ പറഞ്ഞുകേട്ട് സന്ദര്‍ശകരെത്താറുണ്ടെന്ന് ഇവര്‍ പറഞ്ഞു. കെട്ടിടനിര്‍മാണ തൊഴിലാളിയായ അശോകന്റെ ഭാര്യയാണ് അംബിക. ഉദ്യാനപാലനത്തിന് ഭര്‍ത്താവിന്റെയും മക്കളുടെയും പ്രോത്സാഹനവും സഹായവുമുണ്ട്.

കാലിക്കുപ്പികളും മറ്റും ആക്രിക്കടകളില്‍നിന്ന് ശേഖരിച്ചുനല്‍കുന്നത് കുടുംബാംഗങ്ങളാണ്. അശ്വതി, അഖില്‍, അമല്‍ എന്നിവരാണ് മക്കള്‍. മകള്‍ വിവാഹിതയാണ്. ഭര്‍ത്താവിന്റെ ചെറിയ വരുമാനംകൊണ്ട് ജീവിക്കുമ്പോഴും പരാതികള്‍ക്കോ പരിഭവങ്ങള്‍ക്കോ ഈ കുടുംബത്തിലിടമില്ല. പാഴാക്കാന്‍ സമയമോ പഴയൊരു പാത്രംപോലുമോ ഇവിടെയില്ലെന്നതാണ് ശരി.

കുറുപ്പംപടി തിയേറ്റര്‍ ജങ്ഷന് സമീപം കുരുപ്പപ്പാറ ഇരിങ്ങോള്‍ പെരിയാര്‍വാലി കനാല്‍ബണ്ട് റോഡിന്റെ അരികിലാണ് നിറച്ചാര്‍ത്തണിഞ്ഞുനില്‍ക്കുന്ന ഈ ഉദ്യാനവീട്.

Content Highlights: ambika about her garden