ച്ചനിറഞ്ഞ ചേനംതുരുത്തിന്റെ ഒരറ്റത്ത് വെണ്‍മയില്‍ ഒരു കെട്ടിടം കാണാം. കൊട്ടാരത്തില്‍ ഹനീഫ എന്ന എഴുപത്തിരണ്ടുകാരനുവേണ്ടി ചേനം ഗ്രാമം നിര്‍മിച്ച വീടാണത്- സ്‌നേഹവീട്. രണ്ടുവര്‍ഷമായി തൊട്ടടുത്ത പൂത്തറയ്ക്കല്‍ ഗ്രാമത്തിലെ വാടകവീട്ടില്‍ കഴിയുന്ന ഹനീഫയെയും ഭിന്നശേഷിയുള്ള മകനെയും പുതിയ വീട്ടിലേക്ക് നാട്ടുകാര്‍ തിങ്കളാഴ്ച എത്തിക്കും. അതിന് സാക്ഷിയാകാന്‍ മന്ത്രി എ.സി. മൊയ്തീന്‍ ഉച്ചതിരിഞ്ഞ് രണ്ടിന് എത്തും.

25 വര്‍ഷത്തിലധികം ഗള്‍ഫില്‍ കച്ചവടം നടത്തിയിരുന്ന ഹനീഫയ്ക്ക് ഒരുകാലത്ത് ധാരാളം ഭൂമിയും മൂന്ന് ഏക്കര്‍ നെല്‍കൃഷിയും കാറും ഉണ്ടായിരുന്നു. നാട്ടിലെ വായനശാലയ്ക്ക് കെട്ടിടം പണിയാന്‍ സഹായം ചെയ്തത് ഹനീഫ ആയിരുന്നു. നിരവധിപേരെ ഗള്‍ഫില്‍ കൊണ്ടുപോയി. ചേനത്തെ ആളുകള്‍ക്ക് എന്ത് ആപത്ത് വന്നാലും ഹനീഫ കൈയയച്ച് സഹായിക്കുമായിരുന്നുവെന്ന് നാട്ടുകാരനും പാറളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ തെക്കേമഠത്തില്‍ മാധവന്‍ ഓര്‍ക്കുന്നു. ഗള്‍ഫിലുള്ളപ്പോള്‍ ഹനീഫ തനിക്ക് നല്‍കിയ സഹായം മറക്കാന്‍ കഴിയില്ലെന്ന് നാട്ടുകാരനായ പാറേക്കാട്ട് വളപ്പില്‍ മോഹനന്‍ പറഞ്ഞു.

home

ഹനീഫ ഇളയമകന്‍ അനീഷിനൊപ്പം പൂത്തറയ്ക്കലിലെ വാടകവീട്ടില്‍

മസ്‌കറ്റില്‍ ഫഞ്ച എന്ന സ്ഥലത്ത് ബേക്കറി ഉടമയായിരുന്നു ഹനീഫ. യുദ്ധവും മറ്റു പ്രശ്നങ്ങളും മൂലം അത് നഷ്ടത്തിലായതോടെ പച്ചക്കറിക്കട തുടങ്ങി. അതും പച്ചപിടിച്ചില്ല. പുതിയ നിയമങ്ങള്‍ കര്‍ശനമായതോടെ 15 വര്‍ഷംമുമ്പ് ഹനീഫ നാട്ടിലേക്ക് തിരിച്ചു. ഉണ്ടായിരുന്ന സ്വത്തും താമസിച്ച വീടും എല്ലാം നഷ്ടപ്പെട്ടു. പത്തുവര്‍ഷമായി വാടകവീട്ടിലാണ്. അഞ്ച് മക്കളില്‍ ഭിന്നശേഷിയുള്ള ഇളയമകന്‍ മാത്രമാണ് കൂടെയുണ്ടായത്. എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ഹനീഫയും ഭാര്യ സുഹ്റയും രോഗികളായി. സുഹ്‌റ ഈയിടെ മരിച്ചു. ദന്തഡോക്ടര്‍ ആയ മകന്‍ സഹീര്‍ ഇപ്പോള്‍ ഇവര്‍ക്കൊപ്പമുണ്ട്.

ഹനീഫയ്ക്ക് പഴയതൊന്നും ഓര്‍മ വരുന്നില്ല. സംസാരിക്കാനും പാടുപെടുന്നു. പഞ്ചായത്തംഗം രജനി ഹരിഹരന്‍ ആണ് ഇവരെ സഹായിക്കാന്‍ മുന്നോട്ടുവന്നത്. അമ്മാടം സെയ്ന്റ് ആന്റണീസ് സ്‌കൂളിലെ അധ്യാപകരുടെ സഹായത്തില്‍ കുറെക്കാലം ഭക്ഷണം നല്‍കി. വാടകവീട് എടുത്തുനല്‍കിയതും നാട്ടുകാരാണ്. രജനി ഹരിഹരന്‍ രക്ഷാധികാരിയായ ചേനത്തെ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഹനീഫയ്ക്ക് വീട് നല്‍കാന്‍ ശ്രമം തുടങ്ങിയത്. സൊസൈറ്റി ട്രഷറര്‍ മനോജ് പണിക്കശ്ശേരി മൂന്നുസെന്റ് ഭൂമി സൗജന്യമായി നല്‍കി. വീട് പണിയാനുള്ള സാധനങ്ങള്‍ സ്വാമി ഭൂമാനന്ദതീര്‍ത്ഥ നല്‍കി. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സാമ്പത്തികമായി സഹായിച്ചു.

പ്രളയത്തില്‍ വെള്ളംനിന്ന ഉയരത്തില്‍ കോണ്‍ക്രീറ്റുതൂണുകള്‍ നിര്‍മിച്ച് അതിനു മുകളിലാണ് വീട് പണിതിരിക്കുന്നത്. പ്രസിഡന്റ് കബീര്‍, സെക്രട്ടറി കെ.എച്ച്. അബ്ദുള്‍റഹിമാന്‍ എന്നിവരടക്കം സൊസൈറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് വീടുപണി പൂര്‍ത്തിയാക്കിയത്. സ്ഥലം സൊസൈറ്റിയുടെ പേരിലാണ്. ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് തണലാകാന്‍ എക്കാലത്തും 'സ്‌നേഹവീട്' നിലകൊള്ളും.

Content Highlights: A village built  a home for a man who helped people in times of need