വീടില്ലാതെ വഴിയരികിലും കടത്തിണ്ണയിലുമൊക്കെ അഭയം പ്രാപിക്കുന്നവര്‍ നമുക്ക് അപൂര്‍വമായ കാഴ്ചയല്ല. എന്നാല്‍ ഇത്തരത്തില്‍ വീടില്ലാതെ പെരുവഴിയില്‍ അന്തിയുറങ്ങുന്നവര്‍ക്കായി സ്ലീപ്പിങ് പോഡുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ജര്‍മനിയിലെ ഒരു നഗരം. കണ്ടാല്‍ അന്യഗ്രഹ ജീവികളുടെ പേടകം പോലെ തോന്നുമെങ്കിലും ഈ നന്മയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. 

അല്‍മര്‍ നെസ്റ്റ് എന്നറിയപ്പെടുന്ന ഒരു സംഘടനയാണ് മ്യൂണിക്കില്‍ 75 മൈല്‍ ചുറ്റളവില്‍ ഇത്തരം സംവിധാനം ഒരുക്കിയിരിക്കുന്നത്. തണുപ്പുകാലത്ത് വീടില്ലാത്തവര്‍ക്ക് സുരക്ഷിതമായി ഉറങ്ങാന്‍ ഇടം നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. 

തടിയും സ്റ്റീലും കൊണ്ട് നിര്‍മിച്ച ഇവ പാര്‍ക്ക് പോലുള്ള സ്ഥലങ്ങളില്‍ എളുപ്പത്തില്‍ സ്ഥാപിക്കാനാവും. രണ്ടാള്‍ക്ക് സുഖമായി കിടന്നുറങ്ങാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം. അകത്ത് ചൂടു നിലനിര്‍ത്താന്‍ തെര്‍മല്‍ ഇന്‍സുലേഷന്‍ നല്‍കിയാണ് പോഡുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും അല്‍മര്‍ നെസ്റ്റിന്റെ പ്രതിനിധി ഒരു അഭിമുഖത്തില്‍ പറയുന്നു. മാത്രമല്ല പുറത്ത് ഘടിപ്പിച്ച സോളാര്‍ പാനലുകള്‍ രാത്രി ആവശ്യത്തിന് വെളിച്ചവും ഇതിനുള്ളില്‍ നല്‍കും.

കഴിഞ്ഞവര്‍ഷം നടപ്പാക്കാനിരുന്ന പദ്ധതിയാണ് ഇതെന്നും എന്നാല്‍ കൊറോണ പടര്‍ന്നുപിടച്ചതോടെയാണ് ഇത് മുടങ്ങിയതെന്നും അവര്‍ തങ്ങളുടെ ഫേസ്ബുക്കില്‍ കുറിക്കുന്നുണ്ട്.

Content Highlights: A German city has built a series of pods for homeless people to be able to sleep in