ഷാസ് കുടുംബം കുഴിമാവ് അമ്പലവീട്ടിൽ ഷിജിക്കും മക്കൾക്കും നിർമിച്ചുനൽകുന്ന വീട്
മുണ്ടക്കയം: പ്രളയത്തില്‍ അച്ഛനെ നഷ്ടമായ വിദ്യാര്‍ഥിനിക്ക് മകന്റെ വിവാഹദിനത്തില്‍ വീട് വെച്ചുനല്‍കി ദമ്പതിമാര്‍. മുണ്ടക്കയം ഷാസ് നികുഞ്ചത്തില് ഷാജി ഷാസിന്റെയും കോരൂത്തോട് സി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അനിതാ ഷാജിയുടെയും മകന് അക്ഷയ് രോഹിത് ഷായുടെ വിവാഹദിനത്തിലാണ് ഈ കാരുണ്യപ്രവൃത്തി.
കഴിഞ്ഞ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച കുഴിമാവ് അമ്പലവീട്ടില്‍ ദീപുവിന്റെ ഭാര്യ ഷിജി, രണ്ട് പെണ്മക്കള്, വയോധികയായ അമ്മ എന്നിവരടങ്ങുന്ന കുടുംബത്തിനാണ് വീട് നല്‍കുന്നത്.
ഭര്‍ത്താവ് മരിച്ചതോടെ വീട് എന്ന സ്വപ്നം ഇവര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമാകുകയായിരുന്നു. അടച്ചുറപ്പില്ലാത്ത ഇടിഞ്ഞുവീഴാറായ വീട്ടില്‍ ഉറക്കമില്ലാതെ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടുകയായിരുന്നു സ്ത്രീകളായ നാലുപേരും. മകന്റെ വിവാഹം ആഘോഷിക്കുബോള്‍ മറ്റൊരു കുടുംബത്തിനുകൂടി സന്തോഷം ഉണ്ടാകുന്ന തരത്തിലുള്ള ഏതെങ്കിലും നന്മ ചെയ്യണമെന്ന് കുടുംബം ആഗ്രഹിച്ചിരുന്നു.
സി.കെ.എം. സ്കൂളിലെ അധ്യാപകരായ അക്ഷയും സഹോദരി ആദ്ര മിലന് ഷായും യോഗ്യരായ ഒരു കുട്ടിയെ കണ്ടെത്താന്‍ സ്കൂള്‍ മാനേജ്മെന്റിനോട് പറഞ്ഞു. സ്കൂള്മാനേജര് എം.എസ്.ജയപ്രകാശ്, വൈസ് പ്രസിഡന്റ് എം.ആര്.ഷാജി, സെക്രട്ടറി അനീഷ് മുടന്ത്യാനി എന്നിവരാണ് ഷിജിയുടെ കുടുംബത്തെ തിരഞ്ഞെടുത്തത്.
വിവാഹദിനമായ തിങ്കളാഴ്ച കോട്ടയം തെള്ളകം ഡി.എം.സി.സി. കണ്വെന്ഷന് സെന്ററില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീടിന്റെ താക്കോല്‍ ഷിജിക്കും കുടുംബത്തിനും കൈമാറും. ചങ്ങനാശ്ശേരി പായിപ്പാട് തിരുവഞ്ചിയില്‍ മധുസൂദനപ്പണിക്കരുടെയും രത്നാ പണിക്കരുടെയും മകള്‍ ഡോ. ആര്യയാണ് വധു. കരാറുകാരന് രജീഷ് അനിരുദ്ധന് ലാഭം ഒഴിവാക്കി പണിക്കൂലി മാത്രം വാങ്ങിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അഞ്ച് ലക്ഷത്തില്‍പരം രൂപയാണ് കുടുംബം ചെലവഴിച്ചത്.
Content Highlights: a couple gave a house to a student, myhome, new home, veedu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..