വിലയേറിയ വീടുകള്‍ ലോകത്ത് അത്ര അസാധാരണമല്ല. എന്നാല്‍ വിലയേറിയ വീട്ടിലെ അത്രതന്നെ വിലപിടിപ്പുള്ള കുളിമുറിയെ പറ്റി കേട്ടിട്ടുണ്ടോ. മിയാമിയില്‍ ആഡംബരത്തിന് പേരുകേട്ട ഫിഷര്‍ ഐല്‍ഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഈ വിലമതിക്കാനാവാത്ത ബാത്ത്‌റൂം ഒരുക്കിയിരിക്കുന്നത്. വില ഒരു മില്യണ്‍ ഡോളറാണ്. ഏകദേശം 7.5 കോടി രൂപ. 

home

ജേസണ്‍ മറ്റൗക്ക് എന്ന് യൂട്യൂബ് വ്‌ളോഗറാണ് ഈ വീടും ബാത്ത്‌റൂമും ലോകത്തിന് പരിചയപ്പെടുത്തിയത്.  9200 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണ്ണം. ഇതിനുപുറമേ 6000 ചതുരശ്ര അടിയുള്ള ടെറസ്സ് സ്‌പേസും ഉണ്ട്. മൂന്നു നിലകളിലായി നിര്‍മിച്ചിട്ടുള്ള പെന്റ്ഹൗസില്‍ ആറ് കിടപ്പുമുറികളാണുള്ളത്. മൂവി തീയേറ്റര്‍, ബാര്‍ , രണ്ട് സ്വകാര്യ എലവേറ്ററുകള്‍, റൂഫ് ടോപ് സ്വിമ്മിംഗ് പൂള്‍ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന ആഡംബര സൗകര്യങ്ങളാണ്  ഇവിടെയുള്ളത്. ആറ് ബാത്ത്‌റൂമും രണ്ട് ഹാഫ് ബാത്ത്‌റൂമും ഇവിടെയുണ്ട്. അതിലൊന്നാണ്  65 അടി നീളമുള്ള ഈ രാജകീയ ബാത്ത്‌റൂം. 

home

ഗോള്‍ഡ് മാര്‍ബിളിലാണ് ബാത്‌റൂം പൂര്‍ണമായും നിര്‍മ്മിച്ചിരിക്കുന്നത്. വെറ്റ് ബാര്‍, ടോയ്ലറ്റ്, ജെറ്റഡ് ടബ്, വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള ഇടം, കടലിന്റെയും നഗരത്തിന്റെയും കാഴ്ചകള്‍ കാണാനാവുന്ന വിധത്തില്‍ ഫ്രോസ്റ്റഡ് ഗ്ലാസില്‍ നിര്‍മ്മിച്ച വോക്  ഇന്‍ റെയിന്‍ ഷവര്‍ എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്  ബാത്‌റൂമില്‍.

home

മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഷെല്‍ഫുകള്‍, സിങ്ക് ഏരിയ, മേക്കപ്പ് ഏരിയ എന്നിവയും ഈ ബാത്‌റൂമിലുണ്ട്. ഫ്‌ളോറിങ്ങിലും ഭിത്തിയിലും ടബ്ബിലും എല്ലാം ഇത്രത്തോളം ഫിനിഷിംഗുള്ള മറ്റൊരു ബാത്‌റൂം താന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന് ജേസണ്‍ മറ്റൗക്ക് തന്റെ വീഡിയോയില്‍ പറയുന്നു.

 

ബാത്‌റൂം അവസാനിക്കുന്ന ഭാഗത്ത് സ്റ്റീം റൂം, എല്‍ഇഡി ലൈറ്റ് -സ്പീക്കര്‍ എന്നിവ ഘടിപ്പിച്ച സോന എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014 ല്‍ നിര്‍മ്മാണം ആരംഭിച്ച പെന്റ് ഹൗസ് 2017 ലാണ് ആദ്യം വിപണിയിലെത്തിയത്. 291 കോടി രൂപയാണ് അന്ന് വിലയായി നിശ്ചയിച്ചിരുന്നത്.

Content Highlights: 7 Crore worth bathroom inside the most luxurious ocean front house