രു വീട് വെക്കുക എന്നത് മാസങ്ങള്‍ നീളുന്ന ഒരു പ്രക്രിയയാണ്. ചിലപ്പോൾ കൊല്ലങ്ങൾ തന്നെ നീണ്ടേക്കും. അതിനെ വെല്ലുവിളിച്ചു കൊണ്ടാണ് 24 മണിക്കൂര്‍ കൊണ്ട് ഒരു വീട് എന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ട് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിബല്‍ ഡിസ്​റപറ്റീവ് ബില്‍ഡിങ് ടെക്ക്‌നോളജീസ് എന്ന സ്ഥാനം മുന്നിട്ടിറങ്ങിയത്.എന്നാല്‍ വെറും 20 ശതമാനം പണികള്‍ ബാക്കിനില്‍ക്കെ തലനാരിഴയ്ക്ക് റെക്കോഡ് നഷ്ടമായതിന്റെ വേദനയിലാണിവര്‍.

കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ ആറ് മണിക്കാണ് ബെംഗളൂരുവിലെ സ്‌റ്റോണ്‍ഹില്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂളിന് സമീപം ടി അഗ്രഹാരയിലെ പ്ലോട്ടില്‍ 2400 ചതുരശ്ര അടി വരുന്ന മൂന്ന് ബെഡ്‌റൂം ഉള്ള വീടിന്റെ പണി ആരംഭിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ ആറ് മണിയോട് കൂടി പണി പൂര്‍ത്തിയാക്കി റെക്കോഡ്നേട്ടം കൈക്കലാക്കാന്‍ നോക്കുമ്പോഴാണ് 20 ശതമാനം പണികള്‍ ബാക്കിയായി സാങ്കേതികപ്പിഴവ് മൂലം ഉദ്യമം പരാജയമായത്.

24 മണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്താന്‍ കഴിയുമായിരുന്നെന്നും വീടിന്റെ ഫൗണ്ടേഷനും ചുമരുകളും ഉറപ്പിച്ചിരുന്നെന്നും  എന്നാല്‍ അവസാന നിമിഷത്തില്‍ മേല്‍ക്കൂര ഉറപ്പിക്കുന്നതില്‍ വന്ന ഒരു സാങ്കേതികപ്പിഴവാണ് കാര്യങ്ങള്‍ അവതാളത്തിലാക്കിയതെന്നും  കമ്പനി ഉദ്യോഗസ്ഥൻ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉദ്യമം 48 മണിക്കൂറില്‍ തീര്‍ക്കാന്‍ പിന്നീട് പദ്ധതിയിട്ടെങ്കിലും അതും പൂര്‍ത്തീകരിക്കാനായില്ല.