വെള്ളം നല്‍കുക എന്ന ദൗത്യത്തിനൊപ്പം വീടിന്റെയും ചുറ്റുപാടിന്റെയും മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ കൂടി കിണറുകള്‍ക്ക് പങ്കുണ്ട്. പണ്ടുകാലങ്ങളില്‍ അടുക്കളയോട് ചേര്‍ന്ന് കിണറുകള്‍ നിര്‍മിക്കുന്നതായിരുന്നു കൂടുതലും കണ്ടുവരാറുള്ളത്. വീട്ടിലുള്ളവരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനു കൂടിയായിരുന്നു ഇത്. എന്നാല്‍ കാലം മാറിയതിനൊപ്പം കിണറിന്റെ രൂപത്തിലും ഭാവത്തിലുമൊക്കെ മാറ്റങ്ങള്‍ വന്നു. ഇന്ന് അടുത്തെത്തിയാല്‍ മാത്രം കിണര്‍ ആണെന്നു തോന്നുന്നവയാണ് ഏറെയും.
ലാന്‍ഡ്‌സ്‌കേപ്പിന്റെ അഴകു കൂട്ടും വിധത്തില്‍ എങ്ങനെ കിണര്‍ ഡിസൈന്‍ ചെയ്യാമെന്ന് ആര്‍ക്കിടെക്ടിനോട് മുന്‍കൂട്ടി പറയുന്നവരുണ്ട്. വീടിന്റെ ഡിസൈന്‍ എത്തരത്തിലാണോ അതിനോടു ചേര്‍ന്നു പോകുന്ന ഡിസൈനില്‍ തന്നെ കിണറും നിര്‍മിക്കുന്ന രീതിയാണിന്ന് കൂടുതല്‍. ട്രഡീഷണല്‍ ശൈലിയിലുള്ള വീടുകളോട് ചേര്‍ന്ന് ഉരുളിയുടെ രൂപത്തിലും താമരപ്പൂവിന്റെ രൂപത്തിലുമൊക്കെ കിണറുകള്‍ ഡിസൈന്‍ ചെയ്യുന്നത് വീടിന് പഴമയുടെ ഭംഗി കൂടുതല്‍ നല്‍കുന്നു.
പാതി മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ രൂപത്തിലും പടിപ്പുരയുടെ രൂപത്തിലുമൊക്കെ കിണറുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് കാണാറുണ്ട്. ഒറ്റക്കാഴ്ച്ചയില്‍ മരമാണെന്നു തോന്നുമെങ്കിലും വുഡന്‍ പോളിഷ് മാത്രം ചെയ്തവയായിരിക്കും ഇവയിലേറെയും. ബജറ്റിന്റെ താളം തെറ്റിക്കാതെ തന്നെ നിര്‍മിക്കാമെന്നതിനൊപ്പം വീടിന് വ്യത്യസ്ത ദൃശ്യാനുഭവം നല്‍കുന്നുവെന്നതു കൂടിയാണ് ഇത്തരത്തിലുള്ള കിണറുകള്‍ക്ക് ആവശ്യക്കാരേറുന്നതിനു പിന്നില്‍.
Content Highlights: well ideas