ഴയ ലോകാത്ഭുതങ്ങളിലൊന്നാണ് ബാബിലോണിലെ ഹാങ്ങിങ് ഗാര്‍ഡന്‍സ്. അതിന്റെ പിന്തുടര്‍ച്ചാവകാശിയായിവരും ഇപ്പോഴത്തെ ട്രെന്‍ഡായ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍സ്. താഴേക്കു വളരുന്ന ചെടികള്‍ മാത്രമല്ല, തിങ്ങിക്കൂടി ഉയരം അധികമില്ലാതെ വളരുന്ന ചെടികളുമുണ്ട് ഇപ്പോഴത്തെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളില്‍.

സ്ഥലപരിമിതിയില്‍ ഒതുങ്ങിപ്പോകേണ്ടതാണ് പ്രകൃതിസ്‌നേഹമെന്ന് ചിന്തിച്ചിരിക്കുന്നവര്‍ക്കുള്ള തകര്‍പ്പന്‍ മറുപടിയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. സ്ഥലം അധികം ചെലവാകാതെ, പണം അധികം ചെലവാക്കാതെ ഒരു അടിപൊളി ഗാര്‍ഡനിങ് പരിപാടിയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. അതുകൊണ്ടുതന്നെ കുറച്ചുവര്‍ഷങ്ങളായി വെര്‍ട്ടിക്കല്‍ ഗാര്‍ഡന് ആവശ്യക്കാര്‍ ഏറെയാണ്.

വീടിനകത്തും പുറത്തുമായി സജ്ജീകരിക്കാവുന്ന തരത്തിലാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ക്രമപ്പെടുത്തുന്നത്. ഒരു ചുമരില്‍ സജ്ജീകരിക്കുന്ന ചെടികളായതുകൊണ്ടുതന്നെ ചെടികള്‍ക്കുവേണ്ടി പ്രത്യേക സ്ഥലം വേണ്ടെന്നു ചുരുക്കം. അതുകൊണ്ടുതന്നെ ചെടികളെ സ്നേഹിക്കുന്നവര്‍ക്ക് സ്ഥലത്തെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. വെര്‍ട്ടിക്കല്‍ ഗാര്‍ഡന് ആവശ്യക്കാര്‍ ഏറുന്നതിനും ഇതൊരു കാരണമാണ്. തൃശ്ശൂര്‍ നഗരത്തിലും ഇപ്പോള്‍ ഇതൊരു ട്രെന്‍ഡായിക്കഴിഞ്ഞു.

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പലതരം

നേരിട്ട് ചെടിനട്ടുണ്ടാക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനോടൊപ്പംതന്നെ ചെടിച്ചട്ടികളില്‍ വെച്ച് ഒരു ചുമരിന്റെ പ്രതീതി സൃഷിടിക്കുന്ന ഗാര്‍ഡനുകളുമുണ്ട്. നേരിട്ടു നടുന്ന രീതിയില്‍ വലിയൊരു ഭാഗംതന്നെ ഇതിനായി ഉപയോഗിക്കേണ്ടിവരും. പെട്ടെന്നുതന്നെ എവിടേക്കും മാറ്റിസ്ഥാപിക്കാനും കഴിയില്ല. പക്ഷേ, വലിയതോതില്‍ ചെയ്യുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാവുന്നതാണ് ഡയറക്ട് പ്ലാന്റഡ് ഗ്രീന്‍ വാള്‍ സിസ്റ്റം. കണ്ടെയ്നറൈസ്ഡ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സിസ്റ്റമാണ് സാധാരണക്കാര്‍ക്ക് കുറച്ചുകൂടി അഭികാമ്യം. എളുപ്പത്തില്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന തരത്തില്‍ ചെടിച്ചട്ടികളിലായാണ് ഇത്തരത്തിലുള്ള വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളില്‍ ചെടികള്‍ സജ്ജീകരിക്കുന്നത്. അതിനാല്‍ പരിപാലനവും എളുപ്പമാകും.

ചെടികള്‍ ഏതൊക്കെ?

എല്ലാ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനു ചേരുന്നതല്ല. ഒരു ചുമരിലോ ചുമരുപോലെയോ ക്രമപ്പെടുത്തുന്നതിനാല്‍ അധികം ഉയരമില്ലാത്ത, എന്നാല്‍ നന്നായി ഇലകളുള്ള ചെടികളാണ് അഭികാമ്യം. പെട്ടെന്ന് നശിച്ചുപോകാത്ത തരത്തിലുള്ള മണിപ്ലാന്റുകള്‍, വിവിധതരം ചീരകള്‍, റിബണ്‍ ഗ്രാസ്, നീഡില്‍ ഗ്രാസ് എന്നിവയാണ് കൂടുതലായും ഉപയോഗിക്കുന്നത്. മണിപ്ലാന്റുകള്‍ മൂന്നുതരത്തിലുണ്ട്. പച്ച, വെള്ള, മഞ്ഞനിറത്തിലുള്ള മണിപ്ലാന്റുകളില്‍ പച്ചനിറത്തിനാണ് ഡിമാന്‍ഡ് കൂടുതല്‍.

vertical garden

ചെലവു കുറവ്

ഒരു സ്‌ക്വയര്‍ഫീറ്റില്‍ ചെടിച്ചട്ടികളിലായി ക്രമീകരിക്കുകയാണെങ്കില്‍ നാലു ചെടിച്ചട്ടികളാണ് ഉപയോഗിക്കുക. ഒരു ചെടിച്ചട്ടിക്കു 45 രൂപമുതലാണ് വില. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് നാടന്‍ ഇനങ്ങളില്‍പ്പെട്ട ചെടികളാണ് നല്ലത്. പരിപാലനവും എളുപ്പമാകും. ഒരുപാടുകാലം നീണ്ടുനില്‍ക്കുന്നതിനാല്‍ ഈ മുതല്‍മുടക്ക് ഒരുലാഭം തന്നെയാണ്. ഇനി വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തയ്യാറാക്കാനും ആളുകള്‍ തയ്യാര്‍. സ്‌ക്വയര്‍ഫീറ്റിന് 45 മുതല്‍ 72 വരെ രൂപയാണ് വില.

പരിപാലനം ശ്രദ്ധയോടെ

അലങ്കാരച്ചെടികളെ സംരക്ഷിക്കുന്നതരത്തില്‍ അത്രകണ്ട് പരിചരണം വേണ്ടെങ്കിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനും പരിചരണം ആവശ്യമുണ്ട്. നല്ല വേനല്‍ക്കാലത്ത് രണ്ടുനേരമെങ്കിലും വെള്ളമെത്തണം. ചില ചെടികള്‍ക്ക് രണ്ടുദിവസം കൂടുമ്പോള്‍ വെള്ളം ലഭിച്ചാല്‍ മതിയെങ്കില്‍ ചിലതിന് ദിവസവും വേണം. പലപ്പോഴും ഗാര്‍ഡന്‍ ക്രമീകരിക്കുമ്പോള്‍ വെള്ളമെത്താനുള്ള പൈപ്പുസംവിധാനവും ഉണ്ടാകും. അതുകൊണ്ട് ദിവസവും വെള്ളമൊഴിക്കുന്ന ജോലി ഒഴിവാക്കാം. മറ്റുചെടികളുടേതുപോലെ മതി വളമിടലും വെട്ടിയൊരുക്കലും.

ഉപയോഗങ്ങള്‍ പലത്

നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ജോലികള്‍ക്കിടയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തരുന്ന പോസിറ്റീവ് എനര്‍ജി ചെറുതൊന്നുമല്ല. ചുരുങ്ങിയ സ്ഥലത്തു നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പ് അതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളുടെ പ്രത്യേകത. 'ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍. ഓഫീസിലെ ജോലികള്‍ക്കിടയില്‍ ഒരാശ്വാസം. പക്ഷേ, ഇതുകൊണ്ട് മറ്റുപല ഗുണങ്ങളുമുണ്ട്. വായു ശുദ്ധീകരണത്തോടൊപ്പം ചൂടു കുറയ്ക്കാനും അതിലൂടെ വൈദ്യുതിച്ചെലവു കുറയ്ക്കാനും സാധിക്കും' -ഇസാഫിന്റെ തൃശ്ശൂര്‍ ഹെഡ് ഓഫീസ് വൈസ് പ്രസിഡന്റ് ബോസ്‌കോ പറഞ്ഞു.

vertical garden

മുളന്തണ്ടിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍

പോലീസ് അക്കാദമിയിലെ മുളന്തണ്ടില്‍ തീര്‍ത്ത വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ മറ്റൊരു കൗതുകമാണ്. പതിനായിരം രൂപ മാത്രം ചെലവാക്കിക്കൊണ്ട് മുഴുവനായും പരിസ്ഥിതി സൗഹാര്‍ദപരമായ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളാണ് സി.ഐ. അജയകുമാറിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ചെടുത്ത വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍. 'ചകിരിച്ചോറും എസ്.ഒ.എസും നിക്ഷേപിച്ച മുളങ്കൂടുകളായതിനാല്‍ രണ്ടുദിവസം കൂടുമ്പോള്‍ മാത്രം ഇതില്‍ വെള്ളമൊഴിച്ചാല്‍ മതി'-അജയകുമാര്‍ പറഞ്ഞു.

'കുറച്ചു വര്‍ഷങ്ങളായി വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്കു ഡിമാന്‍ഡ് ഏറെയാണ്. സ്ഥലപരിമിതി ഒരു തടസ്സമാകാത്തതാണ് പ്രധാന കാരണം' -അയ്യപ്പ അഗ്രിഫാമിലെ ജയശങ്കര്‍ പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദപദ്ധതികളില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്ക് പ്രസക്തിയേറെയാണ്. ചെടികള്‍ക്കും എവിടെയും ഒരിടം. അതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്കുള്ള പ്രത്യേകത.

ചെലവും പരിപാലനവും എളുപ്പമാകുന്നതോടെ ആളുകള്‍ക്കും ഇതു പ്രിയങ്കരമാകുന്നു. തിരക്കുള്ള ലോകത്തില്‍, ജോലിയും കഴിഞ്ഞെത്തുന്നവര്‍ക്കു മാത്രമല്ല, ജോലിസ്ഥലത്തുകൂടി ഇതു സ്ഥാനംപിടിക്കുന്നതോടെ പച്ചപ്പിന്റെ പോസിറ്റീവ് എനര്‍ജിയാണ് ആകര്‍ഷിക്കപ്പെടുന്നത്. ചെടികള്‍ പുറത്തു ക്രമീകരിക്കുമ്പോള്‍ ചൂടു കുറയുന്നതോടെ വൈദ്യതിയും ലാഭിക്കാം. അങ്ങനെ ചുരുക്കിപ്പറഞ്ഞാല്‍ പ്രകൃതിസ്‌നേഹത്തിലൂടെ പണലാഭവും നേടാം.

Content Highlights: vertical gardens trending interior garden