പൂക്കളും ഇലകളും ഉപയോഗിച്ചുണ്ടാക്കിയ മതില്‍, അങ്ങനെ തോന്നും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ കാണുമ്പോള്‍. അധികം സ്ഥലമില്ലാത്ത ഫ്‌ളാറ്റുകളിലും ചെറിയ വീടുകളിലും ഈ പൂന്തോട്ടം ചേരും. ഫ്‌ളാറ്റുകളിലെ ഹാളും ഡൈനിങ് റൂമും തമ്മില്‍ വേര്‍തിരിക്കാന്‍ കര്‍ട്ടനുകള്‍ക്കു പകരം വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ തിരഞ്ഞെടുക്കാം. ഗോവണിയുടെ താഴെയുള്ള ഭാഗം, വീടിനകത്തെ മറ്റ് ഓപ്പണ്‍ സ്‌പേസുകള്‍, ബാല്‍ക്കണി ഇങ്ങനെ എല്ലായിടത്തും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരീക്ഷിക്കാം. മുറിക്കുള്ളില്‍ വായുസഞ്ചാരം കൂട്ടാന്‍ ഇത്തരം പൂന്തോട്ടങ്ങള്‍ സഹായിക്കും. 

പ്രത്യേകം തയ്യാറാക്കിയ സ്റ്റാന്‍ഡുകളിലാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്നത്. മൂന്നു ചെടിച്ചട്ടികള്‍ ചേരുന്ന മൊഡ്യൂളുകളിലാണ് ചെടികള്‍ നടുന്നത്. മുറിയുടെ വലുപ്പം നോക്കി മൊഡ്യൂളിന്റെ എണ്ണം കൂട്ടാം. സാധാരണയായി ചുവപ്പ്, പച്ച നിറത്തിലുള്ള ഇലകളും ചെറിയ പൂക്കളുള്ള ചെടികളുമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ പച്ചക്കറികളും മരുന്നുചെടികളും വരെ വളര്‍ത്താം. പലതരം ചെടികള്‍ ഇടകലര്‍ത്തി ഡിസൈന്‍ ചെയ്യാം. 

അല്‍പം കലാബോധമുണ്ടെങ്കില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ നിങ്ങള്‍ക്കും ഒരുക്കാം. ഉപയോഗശൂന്യമായ ഷൂ റാക്കില്‍ ഒരേ തരത്തിലുള്ള പ്ലാസ്റ്റിക് ചെടികള്‍ ഇടകലര്‍ത്തി തൂക്കിയിടാം. 

ഗാര്‍ഡന്‍ നനയ്ക്കാനുള്ള സൗകര്യത്തിനായി ഡ്രിപ്പ് ഇറിഗേഷന്‍ ട്യൂബുകള്‍ ഈ ഫ്രെയിമുകളില്‍ തന്നെ ഘടിപ്പിയ്ക്കുന്ന പതിവും ഉണ്ട്. അതുമല്ലെങ്കില്‍ സ്പ്രേ ചെയ്തും ചെടികള്‍ നനയ്ക്കാവുന്നതാണ്. ചട്ടികളിലാണെങ്കില്‍ ചകിരിച്ചോറ് നിറച്ച മിശ്രിതത്തിലാണ് ഗാര്‍ഡനുകള്‍ നടേണ്ടത്. 

സിങ്കോണിയം, ഡ്രസീനിയ, ബ്രോമിലാക്സ്, റിയോ, ഫിലോഡെന്‍ഡ്രോണ്‍ തുടങ്ങിയ ചെടികളാണ് പ്രധാനമായും വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്ങിനായി ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഏതുചെടികള്‍ വേണമെങ്കിലും നടാവുന്നതാണ്. പടര്‍ന്നു പന്തലിക്കാതെ ട്രിം ചെയ്ത് നിര്‍ത്തണമെന്നുമാത്രം.

Content Highlights: vertical gardens