പച്ചപ്പു നിറഞ്ഞ വീട്ടിലേക്ക് കടക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക അനുഭൂതിയായിരിക്കും. വീടിനു പുറത്തു മാത്രമല്ല അകത്തും ചെടികള്‍ ഇന്ന് സര്‍വസാധാരണമാണ്. പുറത്തെ ചെടികളെപ്പോലെ എന്നും നനയ്ക്കുകയോ പരിപാലിക്കുകയോ ചെയ്യേണ്ടതില്ലെങ്കിലും വേണ്ടത്ര വെള്ളവും വെളിച്ചവും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ ഇന്റീരിയര്‍ പ്ലാന്റ്‌സില്‍ വെള്ളമൊഴിച്ചാല്‍ ചീഞ്ഞുപോകാനുള്ള സാധ്യതയുണ്ടെന്ന കാര്യവും മറക്കരുത്. ചെടികള്‍ക്ക് തന്നെ തനിയെ എപ്പോള്‍ വെള്ളം വേണമെന്നും വേണ്ടെന്നും പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ചിന്തിക്കുന്നവരുണ്ട്. അതു വെറും ചിന്ത മാത്രമല്ലെന്നു തെളിയിക്കുന്നതാണ് പുതിയ വാര്‍ത്ത.
ചെടിക്ക് എപ്പോള്‍ വെള്ളം ആവശ്യമുണ്ടെന്നും എപ്പോഴൊക്കെ ആവശ്യമില്ലെന്നും സൂചന നല്‍കും വിധത്തിലുള്ള സ്മാര്‍ട് പ്ലാന്റര്‍ ആണിത്. യൂറോപ്പില്‍ നിന്നുള്ള സ്റ്റാര്‍ട്അപ് കമ്പനിയാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കായി പുതിയ സാങ്കേതികവിദ്യയോടെയുള്ള പാത്രങ്ങള്‍ നിര്‍മിക്കുന്നത്. മു ഡിസൈന്‍ ആവിഷ്‌കരിച്ചിരിക്കുന്ന ലുവാ എന്ന സ്മാര്‍ട് പ്ലാന്റര്‍ ചില്ലറ കാര്യങ്ങളല്ല ചെയ്യുന്നത്.
ചെടിയില്‍ കൂടുതല്‍ തണുപ്പ് പ്രവഹിക്കുകയാണെങ്കിലോ ചൂട് കൂടുതലാണെങ്കിലോ, വെള്ളം കൂടുതലോ കുറവോ ആണെങ്കിലോ ആവശ്യത്തിനു വെളിച്ചം ലഭിക്കുന്നില്ലെങ്കിലുമൊക്കെ സൂചനകളിലൂടെ അറിയിക്കും. പാത്രത്തിലെ ഡിജിറ്റല്‍ ഡിസ്‌പ്ലേ സ്‌ക്രീനിലാണ് ഈ സൂചനകള്‍ തെളിയുക.
ചെടിക്ക് വേണ്ടത്ര വെള്ളം ലഭിച്ചിട്ടില്ലെങ്കില്‍ നാവു പുറത്തേക്ക് ഇട്ടിട്ടുള്ള ഒരു ഇമോജിയായിരിക്കും പാത്രത്തിനു പുറത്തെ സ്‌ക്രീനില്‍ തെളിയുക. എന്തായാലും ഇന്‍ഡോര്‍ പ്ലാന്റ്‌സ് ഭ്രമം ഉള്ളവരെ ആകര്‍ഷിക്കുന്നതാണ് ഇവയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
Content Highlights: this pot will tell you when plant needs water