ചെടികള്‍ പരിപാലിക്കുന്ന കാര്യത്തില്‍ പലരും ഇന്ന് പണ്ടത്തേക്കാള്‍ സജീവമാണ്. വീടിനു പുറത്തു മാത്രമല്ല അകത്തും ചെടികള്‍ നിറഞ്ഞു കഴിഞ്ഞു. ഇന്റീരിയര്‍ ഗാര്‍ഡനെ എങ്ങനെ വ്യത്യസ്തമാക്കാം എന്നാലോചിക്കുന്നവര്‍ക്ക് മികച്ച ആശയമാണ് ടേബിള്‍ ടോപ്പ് ഗാര്‍ഡന്‍. വീടിന്റെയും ഓഫീസിന്റെയുമൊക്കെ അകത്തളങ്ങളെ മനോഹരമാക്കുന്നതില്‍ ടേബിള്‍ ടോപ് ഗാര്‍ഡന്റെ സ്ഥാനം ചെറുതല്ല. എന്നാല്‍ വെറുതെയങ്ങ് നടുന്നതിനു പകരം ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ടേബിള്‍ ടോപ് ഗാര്‍ഡന്‍ കിടിലനാക്കാം. 

ടേബിള്‍ ടോപ് ഗാര്‍ഡന്‍ ഒരുക്കുവാന്‍ സിറാമിക്, ഗ്ലാസ് അല്ലെങ്കില്‍ പ്ലാസ്റ്റിക് നിര്‍മിത ബൗള്‍ മതിയാകും. ഒരടിയെങ്കിലും നീളവും അത്രത്തോളം വീതിയും പരമാവധി 5 ഇഞ്ച് ആഴവുമുള്ള പാത്രമാണ് നല്ലത്. കടും നിറത്തിലുള്ളതും പുറം ഭാഗത്ത് മിഴിവാര്‍ന്ന ചിത്രങ്ങളുള്ളതുമായ പാത്രങ്ങള്‍ ഒഴിവാക്കണം. ബൗളിന്റെ അടിഭാഗത്ത് അധിക ജലം വാര്‍ന്നു പോകാന്‍ സുഷിരങ്ങള്‍ ഉണ്ടെങ്കില്‍ നല്ലത്. അധികം ഉയരത്തില്‍ വളരാത്തതും സാവധാനം വളരുന്നതും ലളിതമായ പരിചരണം ആവശ്യമുള്ളതുമായ ചെടിയിനങ്ങള്‍ ഈ മിനി ഗാര്‍ഡനില്‍ പരിപാലിക്കാം. കൂടാതെ ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരേ രീതിയില്‍ നനയും സൂര്യപ്രകാശത്തിന്റെ ആവശ്യകതയുള്ളവയുമാണ് നല്ലത്.

മുഴുവനായി പച്ച നിറമുള്ള ഇലചെടികള്‍, പന്നല്‍ ഇനങ്ങള്‍ എല്ലാം സൂര്യപ്രകാശം കുറഞ്ഞ മുറിക്കുള്ളിലേക്ക് പറ്റിയവയാണ്. തയ്യാറാക്കുന്നതിന്റെ ആദ്യപടിയായി പാത്രത്തിന്റെ അടിഭാഗത്ത് ഓടിന്റെയും മരക്കരിയുടെയും ചെറിയ കഷണങ്ങള്‍ മുഴുവനായി നിരത്തണം. ഇവ രണ്ടും അധിക നനജലം മിശ്രിതത്തില്‍ തങ്ങി നില്‍ക്കാതെ വാര്‍ന്നു പോകാനും മിശ്രിതത്തില്‍ ഉണ്ടാകാ വുന്ന ദുര്‍ഗന്ധം നീക്കം ചെയ്യാനും ഉപകരിക്കും. ഇതിനുമുകളില്‍ പാത്രത്തിന്റെ വക്കില്‍ നിന്നും ഒരിഞ്ചു താഴെ വരെ നടീല്‍ മിശ്രിതം നിറയ്ക്കാം. മിശിതമായി ചകിരിച്ചോറും പെര്‍ലൈറ്റും കലര്‍ത്തിയെടുത്തതില്‍ ജൈവ വളമായി മണ്ണിര കമ്പോസ്റ്റും ചേര്‍ത്ത് തയ്യാറാക്കിയത് മതിയാകും. ഇതിലേക്ക് ചെടികള്‍ നടാം.

വെള്ളാരം കല്ലുകള്‍, മാര്‍ബിള്‍ ചിപ്പുകള്‍, ചെറിയ ഗ്ലാസ് ബോളുകള്‍, ഡിഫ്റ്റ്‌വുഡിന്റെ നല്ല ആകൃതിയുള്ള കഷ്ണങ്ങള്‍ എല്ലാം ടേബിള്‍ ടോപ് ഗാര്‍ഡന്‍ മോടിയാക്കാന്‍ ചെടികള്‍ക്കൊപ്പം ഉപയോഗിക്കാം. കുഞ്ഞന്‍ മാര്‍ബിള്‍, ക്രിസ്റ്റല്‍ നിര്‍മിത ശില്പങ്ങളും ഈ ഉദ്യാനം അലങ്കരിക്കുവാന്‍ നല്ലതാണ്.

Conten Highlights: things to know about tabletop garden